ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് 26 ലേക്ക് മാറ്റി

മലയാള സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി നവംബര്‍ 26ലേക്ക് മാറ്റി. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ ആവശ്യത്തെത്തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്.

മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടി റിമ കല്ലിങ്കലും പത്മപ്രിയയുമാണ് ഡബ്ല്യുസിസിക്ക് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി. അനുയോജ്യരായ അംഗങ്ങളെ ഉള്‍പ്പെടുത്തി കമ്മിറ്റിക്ക് രൂപം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

എല്ലാ തൊഴില്‍ മേഖലകളിലും സമിതിക്ക് രൂപം നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണത്തിനിടെ പരാതി നല്‍കിയാല്‍ സിനിമ കഴിയുന്നതോടെ പരാതിയും ഇല്ലാതാകുന്ന സ്ഥിതിയാണ് അമ്മയില്‍. സംഘടനയില്‍ നടിമാര്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ കമ്മിറ്റിയുണ്ടെന്നാണ് ‘അമ്മ’ അധികൃതരുടെ വിശദീകരണം. തൊഴിലിടത്തെ ലൈംഗീകാതിക്രമം തടയാനുള്ള നിയമം സൊസൈറ്റികള്‍ക്കുള്‍പ്പടെ ബാധകമാണെന്ന് ഹര്‍ജിയിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജിയില്‍ അമ്മ ഉള്‍പ്പടെയുള്ള സംഘടനകള്‍ക്കു കോടതി നേരത്തേ നോട്ടിസ് അയച്ചിരുന്നു.