ടൊവിനൊ ചിത്രം ‘ഡിയര്‍ ഫ്രണ്ട്’ ട്രെയിലർ

','

' ); } ?>

ടൊവിനൊ തോമസ് നായകനാകുന്ന ചിത്രം ‘ഡിയര്‍ ഫ്രണ്ടി’ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. നടന്‍ വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെ രസകരമായ രീതിയിലാണ് ട്രെയിലര്‍ തയ്യാറാക്കിയിരിക്കുന്നത്. ജൂണ്‍ 10നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. പല കാലഘട്ടില്‍ അവര്‍ക്കിടയില്‍ ഉണ്ടാകുന്ന സൗഹൃദവും പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് നിര്‍മാണം. ഷറഫു, സുഹാസ്, അര്‍ജുന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ദീപു ജോസഫാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

‘അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിലൂടെയാണ് നടന്‍ വിനീത് കുമാര്‍ ആദ്യമായി സംവിധായകനായത്. ഫഹദ് ആയിരുന്നു വിനീതിന്റെ ആദ്യ സംവിധാന സംരഭത്തില്‍ നായകന്‍. ബാലതാരമായി വെള്ളിത്തിരയിലെത്തിയ നടനാണ് വിനീത് കുമാര്‍. ‘ഒരു വടക്കന്‍ വീരഗാഥ’, ‘മുദ്ര’, ‘പഠിപ്പുര’, ‘അനഘ’, ‘ദശരഥം’, ‘ഭരതം’,’ ഇന്‍സ്‌പെക്ടര്‍ ബല്‍റാം’, ‘സര്‍ഗം’, ‘മിഥുനം’, ‘തച്ചോളി വര്‍ഗീസ് ചേകവര്‍’, ‘അഴകിയ രാവണന്‍’ തുടങ്ങിയവയില്‍ ബാല താരമായിരുന്നു. നായകനായും സഹതാരമായുമൊക്കെ വിനീത് കുമാര്‍ അഭിനയിച്ചിട്ടുണ്ട്. ‘പ്രണയമണിത്തൂവല്‍’, ‘കൊട്ടാരം വൈദ്യന്‍’, ‘കണ്‍മഷി’, ‘ദ ടൈഗര്‍’, ‘അരുണം’, ‘വാല്‍മീകം’, ‘ഫ്‌ലാഷ്’, ‘തിരക്കഥ’, ‘സെവെന്‍സ്’, ‘ഇത് നമ്മുടെ കഥ’, ‘ചാപ്‌റ്റേഴ്‌സ്’, ‘കാശ്’, ‘ദ സ്പാര്‍ക്ക്’, ‘ഒരു യാത്രയില്‍’, ‘കെയര്‍ഫുള്‍’ തുടങ്ങിയ ചിത്രങ്ങളില്‍ വിനീത് കുമാര്‍ അഭിനയിച്ചിട്ടുണ്ട്. ‘കുതിരൈ’ എന്ന തമിഴ് ചിത്രത്തിലും വിനീത് കുമാര്‍ അഭിനയിച്ചിട്ടുണ്ട്.