തമിഴ് നവസിനിമകള്‍ മുന്നോട്ട് വയ്ക്കുന്നത് ദ്രാവിഡ രാഷ്ട്രീയം; വെട്രിമാരന്‍

ലോകത്ത് ഇടതുപക്ഷവും വലതുപക്ഷവും മാത്രം, പക്ഷം ചേരാതെ നില്‍ക്കുന്നവരും വലതുപക്ഷമാണെന്ന് വെട്രിമാരന്‍

തമിഴ് നവസിനിമകള്‍ മുന്നോട്ട് വയ്ക്കുന്നത് ദ്രാവിഡ രാഷ്ട്രീയമാണ്. ദ്രാവിഡ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്ന ആശയങ്ങള്‍ക്ക് ബലം പകരുന്നതാണ് തമിഴിലെ നവസിനിമകള്‍. സാമൂഹ്യ യാഥാര്‍ഥ്യങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളുമാണ് അത്തരം സിനിമകള്‍ക്ക് പ്രമേയമാക്കുന്നതെന്നും വെട്രിമാരന്‍ പറഞ്ഞു.രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് നടന്ന ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതും വലതും എന്നീ നിലപാടുകളാണുളളത്, രണ്ട് പക്ഷത്തും ചേരാതെ മധ്യസ്ഥാനത്തുനില്‍ക്കുന്നതും വലതുപക്ഷ നിലപാടാണെന്നും സംവിധായകന്‍ വെട്രിമാരന്‍. സിനിമകള്‍ സാമൂഹ്യമാറ്റത്തിനായുള്ള രാഷ്ട്രീയ ആയുധമാണ്. ഇവിടെ നമ്മുടെ നിലപാടുകള്‍ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം നാട്ടിലും ഭാഷയിലും ജനങ്ങള്‍ക്കിടയില്‍നിന്ന് സിനിമകളൊരുക്കാനാണ് ഇഷ്ടം. കഥാപരിസരത്തിന്റെ സ്വാഭാവികതയോട് എത്രത്തോളം നീതി പുലര്‍ത്തുന്നുവോ അത്രത്തോളം സിനിമയ്ക്ക് സ്വീകാര്യതയും ലഭിക്കും. അതുകൊണ്ട് കഥ സംഭവിക്കുന്ന ലോകമാണ് ഞാന്‍ ആദ്യം തെരഞ്ഞെടുക്കുക. കഥ നടക്കുന്ന ഇടങ്ങളില്‍നിന്നുതന്നെ അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നത് ഈ ലക്ഷ്യംവച്ചാണ്.

സിനിമകള്‍ സാമൂഹ്യമാറ്റത്തിനായുള്ള രാഷ്ട്രീയ ആയുധമാണ്. ഇവിടെ നമ്മുടെ നിലപാടുകള്‍ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു

എല്ലാവരും തിയറ്ററില്‍ത്തന്നെ സിനിമ കാണണമെന്ന് നിര്‍ബന്ധിക്കാനാകില്ല. ഒരു വീട്ടിലുള്ളവര്‍ക്ക് തിയറ്ററില്‍ പോയി സിനിമ കാണാന്‍ 1000 രൂപയിലധികം വേണ്ടിവരും. എന്നാല്‍, രണ്ട് ജി ബിയോ മൂന്ന് ജി ബിയോ ഡാറ്റയുണ്ടെങ്കിലും സിനിമ കാണാമെന്ന സ്ഥിതിയുണ്ട്. എവിടെ സിനിമ കാണണമെന്നത് പ്രേക്ഷകന്റെ താല്‍പ്പര്യമാണെന്നും വെട്രിമാരന്‍ പറഞ്ഞു.

ഇതര സംസ്‌കാരങ്ങളെ ബഹുമാനിക്കാനുള്ള നമ്മുടെ മനോഭാവമാണ് ലോക സിനിമകള്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന സ്വീകാര്യതയിലൂടെ തെളിയുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സംവിധായകന്‍ ലിജോജോസ് പെല്ലിശ്ശേരി പറഞ്ഞു. ലോകമെങ്ങുമുള്ള സിനിമകളിലെ ഭാഷാ പ്രയോഗങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലയാളികള്‍ ചുരുളി പോലുള്ള സിനിമകളിലെ പ്രയോഗങ്ങളെ വിമര്‍ശിക്കുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ സവിശേഷത കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഹോളിവുഡ് സംവിധായിക നതാലിയ, കമല്‍, സിബി മലയില്‍, രഞ്ജിത് ,ബീനാപോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.