ദുല്‍ഖറിന്റെ കരുതല്‍ എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു

','

' ); } ?>

ദുല്‍ഖറിന്റെ കരുതല്‍ എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നുവെന്ന് യുവ നടന്‍ ഷാഹീന്‍ സിദ്ധിഖ്. ദുല്‍ഖര്‍ ചിത്രം ‘സല്യൂട്ടി’ന്റെ വിജയാരാവങ്ങളില്‍ ഏറെ സന്തോഷവാനാണ് ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ശ്രദ്ധേയവേഷം ചെയ്ത ഷാഹീന്‍ സിദ്ധിഖ്. ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ വിശേഷങ്ങള്‍ നടന്‍ സിദ്ദിഖിന്റെ മകനായ യുവ നടന്‍ ഷാഹീന്‍ സിദ്ധിഖ് പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നു.
വളരെ യാദൃശ്ചികമായിട്ടാണ് ഞാന്‍ സല്യൂട്ടില്‍ അഭിനയിക്കുന്നത്. മറ്റൊരാവശ്യത്തിനായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് സാറിനെ കാണാന്‍ ചെന്നപ്പോള്‍ സാര്‍ എന്നെ സല്യൂട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ഓര്‍ക്കാപ്പുറത്ത് കിട്ടിയ ഭാഗ്യം ശരിക്കും പേടിപ്പിച്ച് കളഞ്ഞു. നീയൊന്നും പേടിക്കേണ്ട, ധൈര്യമായിട്ട് വരുക. റോഷന്‍ സാര്‍ പറഞ്ഞു. സാറിന്റെ വാക്കുകളാണ് എന്നെ ‘സല്യൂട്ട്’ ചെയ്യാന്‍ പ്രേരിപ്പിച്ചത്. റോഷന്‍സാറിന്റെ ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കുക അത് എന്നെ സംബന്ധിച്ച് വലിയ ഭാഗ്യം തന്നെയാണ്. ‘മഹേഷ്’ എന്ന പോലീസ് ഓഫീസറായിട്ടാണ് ഞാന്‍ ‘സല്യൂട്ടില്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ചത്. ദുല്‍ഖര്‍ ജ്യേഷ്ഠസഹോദരനായി കാണുന്ന കഥാപാത്രമാണ് മഹേഷ്.

ഞാന്‍ ആദ്യമായിട്ടാണ് ദുല്‍ഖറിനൊപ്പം അഭിനയിക്കുന്നത്. കുടുംബപരമായി ഞങ്ങള്‍ അടുത്ത ബന്ധമുണ്ടെങ്കിലും സിനിമയില്‍ ഒന്നിക്കുന്നത് ആദ്യമായിട്ടായിരുന്നു. ലൊക്കേഷനില്‍ ദുല്‍ഖറിന്റെ ഇടപെടലുകള്‍ ശരിക്കുമെന്നെ ഞെട്ടിച്ചു. എല്ലാവരോടും ഒരേ പെരുമാറ്റമാണ് ദുല്‍ഖറിന്. ആരോടും വിവേചനമില്ല.വേണമെങ്കില്‍ ദുല്‍ഖറിന് കാരവനില്‍ വിശ്രമിക്കാം. പക്ഷേ അദ്ദേഹത്തിന് മുഴുവന്‍ സമയവും സഹപ്രവര്‍ത്തകരുടെ കാര്യത്തിലാണ് ശ്രദ്ധ. കൂടെയുള്ളവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത്. എല്ലാക്കാര്യത്തിനും ഓടിനടന്ന് വേണ്ടത് ചെയ്യും. ദുല്‍ഖറിന്റെ കെയറാണ് പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത്. സഹപ്രവര്‍ത്തകരെ തന്നോട് ചേര്‍ത്തിരുത്തി സംസാരിക്കുന്ന ദുല്‍ഖറിന്റെ കരുതല്‍ വലിയൊരു മാതൃക തന്നെയാണ്. ഷാഹീന്‍ സിദ്ദിഖ് പറഞ്ഞു. സല്യൂട്ടില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രമാണ് ഷാഹീന്‍ സിദ്ദിഖ് അവതരിപ്പിച്ച മഹേഷ് എന്ന പോലീസ് ഓഫീസര്‍. പി.ആര്‍.സുമേരന്‍.