ഈ സിനിമക്ക് ‘സല്യൂട്ട്’ അടിക്കാം

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഒ.ടി.ടി റിലീസായി പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നു. ബോബി സഞ്ജയ് തിരക്കഥയിലൊരുങ്ങിയ സല്യൂട്ട് തീര്‍ച്ചയായും ഒരു ഗംഭീര ത്രില്ലര്‍ തന്നെയാണ്. പൊലീസുകാരയ സഹോദരരുടെ കഥയാണ് ചിത്രം. അന്വേഷണവഴികളില്‍ പൊലീസ് അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളില്‍ നിന്നാരംഭിക്കുന്ന ചിത്രം പതിയ ത്രില്ലര്‍ സ്വഭാവത്തിലേക്ക് മാറുകയായിരുന്നു. കരിയറും, നിലനില്‍പ്പും, സിസ്റ്റവുമെല്ലാം ഒരുവശത്തും ,മറുവശത്ത് മാനുഷിക മൂല്യങ്ങളില്‍ വിശ്വാസമുള്ള ഒരാളുടെ അന്വേഷണവുമാണ് സിനിമ. സ്ഥിരം അന്വേഷണ വഴികളിലൂടെയുള്ള നടത്തത്തിനുമപ്പുറം പ്രേക്ഷകനെ എന്‍ഗേജിംഗ് ആക്കി നിലനിര്‍ത്താനുള്ള സിനിമയുടെ തിരക്കഥയുടെ നട്ടെല്ല് തന്നെയാണ് ചിത്രത്തിന്റെ വിജയം. ചിത്രം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പതിവുരീതികളെയെല്ലാം തിരുത്തുന്ന രീതികളും, ക്ലൈമാക്സുള്‍പ്പെടെ ത്രില്ലടിപ്പിക്കുന്ന കാഴ്ച്ചാനുഭവമാണ് സല്യൂട്ട്.

മാര്‍ട്ടിന്‍-ഷീബ കൊലപാതക കേസ്, അന്വേഷണം സാധാരണ മനുഷ്യരുടെ നിസ്സഹായ
തയെ മുതലെടുക്കുന്ന കൊടും കുറ്റവാളിയിലേക്ക് നീങ്ങുമ്പോള്‍ റോഷന്‍ ആന്‍ഡ്രൂസിനും ബോബി സഞ്ജയ്ക്കും പ്രേക്ഷകരേയും ഈ അന്വേഷണത്തി
ന്റെ ഭാഗമാക്കാന്‍ കഴിഞ്ഞു. തെരഞ്ഞെടുപ്പും രാഷ്ട്രീയവും മൂലം ഏതു വിധേനയും കേസ് തെളിയിക്കാനുള്ള ബാധ്യത ഏല്‍ക്കേണ്ടി വരുന്ന പൊലീസുകാരന്റെ നിസ്സഹായാവസ്ഥ മുതല്‍ പ്രതിയാകേണ്ടി വരുന്ന സാധാരണക്കാരന്റെ നിസ്സഹായാവസ്ഥ വരെ ചിത്രത്തില്‍ വ്യക്തമായി കാണിച്ചു തരുന്നുണ്ട്. ഏറെ കാലത്തിന് ശേഷം മനോജ് കെ.ജയന്റെ ഡി.വൈ.എസ്.പി അജിത് കരുണാകരന്‍ എന്ന കഥാപാത്രം മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒന്നായി മാറി. ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന അരവിന്ദ് എന്ന പൊലീസ് കഥാപാത്രവും ഗംഭീരമായിരുന്നു. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഒരേ സമയം ഇമോഷണല്‍ ത്രില്ലറാകുന്നതിന്റെ രസം കൂടി പകര്‍ന്നു കൊണ്ടാണ് സല്യൂട്ടിന്റെ മുമ്പോട്ടു പോക്ക്. മനോജ് കെ.ജയന്‍-ദുല്‍ഖല്‍ സല്‍മാന്‍ കോംമ്പോ വളരെ നന്നായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥന്റെ അധികാരം, വാത്സല്യം, നിസ്സഹായത, വാശി, മനുഷ്യത്വം ഇങ്ങനെ മാറി മാറിയുള്ള ഭാവങ്ങള്‍ കൃത്യമായി ദുല്‍ഖറിലൂടെയും മനോജ് കെ ജയനിലൂടെയും ചിത്രത്തില്‍ കൊണ്ടു വരാന്‍ കഴിഞ്ഞിട്ടുണ്ട്. ചേട്ടനായും ഉദ്യോഗസ്ഥനായും നിസ്സഹായനായുമെല്ലാമുള്ള മനോജ് കെ ജയന്റെ വേറിട്ട പ്രകടനം പ്രേക്ഷകര്‍ക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക. ഡയാന പെന്റി, ബിനു പപ്പു, അലന്‍സിയര്‍, ലക്ഷ്മി ഗോപാലസ്വാമി, സുധീര്‍ കരമന, സാനിയ ഇയപ്പന്‍ എന്നിവരെല്ലാം തന്നെ നന്നായിരുന്നു. തിരക്കഥയുടെ കെട്ടുറപ്പിനെ മനോഹരമാക്കിയത് ജേക്ക്സ് ബിജോയിയുടെ പശ്ചാതലസംഗീതമാണ്. അസ്ലം കെ പുരയില്‍ ഛായാഗ്രഹണം നിര്‍വഹിച്ചപ്പോള്‍ ശ്രീകര്‍ പ്രസാദ് ചിത്രസംയോജനത്തിലൂടെ സ്‌ക്രീനിനെ ജീവസുറ്റതാക്കി.