സംതൃപ്തി വരുംവരെ ആക്രമിച്ചുകൊള്ളുക… പ്രതികരണവുമായി ശ്രീകാന്ത്

പീഡനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് തുടര്‍ന്നുണ്ടായ വിവാദത്തില്‍ ആദ്യ പ്രതികരണവുമായി ശ്രീകാന്ത് വെട്ടിയാര്‍. കേസിന്റെ വിശദാംശങ്ങള്‍ പരമാര്‍ശിക്കാതെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ശ്രീകാന്ത് മാധ്യമങ്ങളെ വിമര്‍ശിക്കുന്നുണ്ട്. ഒരു പെണ്‍കുട്ടി എന്റെ പേരില്‍ കുറ്റം ആരോപിച്ചുവെന്ന് മാത്രമാണ് എല്ലാവര്‍ക്കും അറിയാവുന്നതെന്നും സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ നോക്കി വിധി പറയുന്ന ഭൂരിപക്ഷത്തോട് എന്റെ ഭാഗം പറഞ്ഞാല്‍ ആരാണ് വിശ്വാസത്തിലെടുക്കുകയെന്നും ശ്രീകാന്ത് ചോദിക്കുന്നു.

കൊച്ചിയിലെ ഫ്‌ളാറ്റില്‍വെച്ചും ഹോട്ടലില്‍വെച്ചും യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു ശ്രീകാന്ത് വെട്ടിയാറിനെതിരായ കേസ്. കേസില്‍ നേരത്തെ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ബലാത്സംഗ ആരോപണം നിലനില്‍ക്കില്ലെന്നും യുവതി തന്റെ അടുത്ത സുഹൃത്തായിരുന്നെന്നുമായിരുന്നു പ്രതി കോടതിയില്‍ വാദിച്ചത്. യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് നേരത്തെ കേസെടുത്തത്. ന്മദിനാഘോഷത്തിന് വിളിച്ചുവരുത്തി ആലുവയിലെ ഫ്ലാറ്റിലും കൊച്ചിയിലെ ഹോട്ടല്‍ മുറിയിലും വെച്ച് ശ്രീകാന്ത് വെട്ടിയാര്‍ ബലാത്സംഗം ചെയ്തുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. പ്രണയം നടിച്ച്, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതി ആരോപിക്കുന്നത്. യുവതിയുടെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 (2)(എന്‍) വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വെട്ടിയാറിനെതിരെ ബലാത്സംഗ പരാതി നല്‍കിയ കൊല്ലം സ്വദേശിനിയായ യുവതിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു.

ശ്രീകാന്തിന്റെ കുറിപ്പ്

പെണ്‍കുട്ടി എന്റെ പേരില്‍ കുറ്റം ആരോപിച്ചു. അത് മാത്രമാണ് എല്ലാവര്‍ക്കും അറിയാവുന്നത്. ആ ആരോപണത്തെ ഏറ്റെടുത്ത് മാധ്യമങ്ങള്‍ ആഘോഷവുമാക്കി. സത്യം എന്താണെന്ന് നിങ്ങളില്‍ ഒരാള്‍ക്ക് പോലും അറിയില്ല. സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ നോക്കി വിധി പറയുന്ന ഭൂരിപക്ഷത്തോട് എന്റെ ഭാഗം പറഞ്ഞാല്‍ ആരാണ് വിശ്വാസത്തിലെടുക്കുക.

അതുകൊണ്ട് എനിക്കുമേല്‍ ആരോപിക്കപ്പെട്ട കുറ്റം നിയമപരമായി നേരിടുകയാണ്. കോടതിയാണ് ശരിയും തെറ്റും വിധിക്കേണ്ടത്. കോടതി മുഖേന സത്യവും നിങ്ങള്‍ അറിയും. ഏതെങ്കിലും വിധേന കേസില്‍ നിന്ന് ഊരി പോരാനുള്ള സാമ്പത്തിക ശേഷിയോ, പിടിപാടോ എനിക്കില്ല. എതിര്‍ കക്ഷിക്ക് കിട്ടുന്ന ഭൂരിപക്ഷ സപ്പോര്‍ട്ടും എനിക്കില്ല. അതിനാല്‍ ഞാന്‍ കേസ് അട്ടിമറിക്കും എന്നൊരു ചിന്തയും വേണ്ട. നിയമം സത്യസന്ധമായി തന്നെ മുന്നോട്ട് പോവും. നീതി ന്യായ വ്യവസ്ഥയില്‍ എനിക്ക് വിശ്വാസമുണ്ട്. ബഹുമാനപ്പെട്ട കോടതിയുടെ വിധിക്ക് ശേഷം ഇതിനെപ്പറ്റി ഞാന്‍ സംസാരിക്കാം. ആള്‍ക്കൂട്ട ആക്രമണങ്ങളും, തെറിവിളികളും തുടര്‍ന്നുകൊള്ളുക. കമന്റ് ബോക്‌സ് ഓഫ് ചെയ്തിട്ടില്ല. ഓരോരുത്തര്‍ക്കും സംതൃപ്തി വരുംവരെ ആക്രമിച്ചുകൊള്ളുക..