‘ഹൃദയ’ത്തിലെ ഹോട്ടല്‍ പരിചയപ്പെടുത്തി വിനീത് ശ്രീനിവാസന്‍

','

' ); } ?>

ഹൃദയം സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്ന ഹോട്ടല്‍ പരിചയപ്പെടുത്തി സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. ഹൃദയത്തിലെ കഥാപാത്രങ്ങളായ അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഏതാണെന്ന് സിനിമ കണ്ട പലരും ചോദിച്ചുവെന്നും അതുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ കുറിപ്പിടുന്നതെന്നും വിനീത് പറയുന്നു .

വിനീത് ശ്രീനിവാസന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം,

ഹൃദയം കണ്ട ഒരുപാടു പേര്‍ ചോദിച്ച ഒരു കാര്യമാണ്, അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഏതാണെന്ന്. കൊല്ലങ്കോടു നിന്നും പൊള്ളാച്ചി പോവുന്ന റൂട്ടില്‍ രണ്ടര കിലോമീറ്റര്‍ പോയാല്‍ എടച്ചിറ എന്ന സ്ഥലത്തെത്തും. അവിടെയുള്ള അയ്യപ്പേട്ടന്റെ കടയാണത്. സുരാജേട്ടനും ഹരീഷ് കണാരനുമാണ് എന്നെ അവിടെ ആദ്യം കൊണ്ടുപോയത്. കിടിലം ഊണ് കിട്ടും അവിടെ. ബണ്‍ പൊറോട്ട ഞങ്ങള്‍ ഷൂട്ടിനു വേണ്ടി ഒരാളെ വരുത്തി ചെയ്യിച്ചതാണ്. അയ്യപ്പേട്ടന്റെ കടയില്‍ ഇപ്പൊ പൊറോട്ട ഉണ്ടോ എന്നറിയില്ല. പക്ഷെ അദ്ദേഹം കൈപ്പുണ്യം ഉള്ള മനുഷ്യനാണ്. എന്തുണ്ടാക്കിയാലും നല്ല രുചിയാണ്.

തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തില്‍
പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൃദയത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് വിനീതിന്റെയും ഭാര്യ ദിവ്യയുടെയും ജീവിതവുമായി ബന്ധപ്പെടുത്തിയാണെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രം പറയുന്നത് അവരുടെ ജീവിതമല്ലെന്നും മറിച്ച് തങ്ങളുടെ കോളേജ് സമയത്തുള്ള ചില നിമിഷങ്ങളും, അനുഭവങ്ങളും ചിത്രത്തിലുണ്ടെന്നും വിനീത് അഭിമുഖത്തില്‍ പറഞ്ഞു. ചിത്രത്തിലെ പാട്ടുകളൊക്കെ തന്നെ ഏറെ ജനപ്രീതി നേടിയിരിക്കുകയാണ്. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടൈയ്മെന്റിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്‌മണ്യന്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ ആണ് നിര്‍വ്വിച്ചിരിക്കുന്നത്. മറിലാന്റ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം.