ചിത്രത്തില്‍ തല്ലും വാങ്ങി തിരിച്ചു പോയ ശരണ്‍ ഇനി വരില്ല

ലാലേട്ടന്‍ പ്രിയദര്‍ശന്‍ കോമ്പിനേഷനിലെ ഏറ്റവും പ്രശസ്തമായ ‘ചിത്രം ‘എന്ന സിനിമയില്‍ ലാലേട്ടന്റെ വിഷ്ണുവെന്ന കഥാപാത്രത്തിനൊപ്പം സായിപ്പിനെ പറ്റിക്കാന്‍ നിന്ന തടിയനായ കഥാപാത്രത്തെ അവതരിപ്പിച്ച ശരണ്‍ അന്തരിച്ചു. തിരക്കഥാകൃത്തും മിമിക്രി അവതാരകനുമായ സുനീഷ് വാരനാട് അദ്ദേഹത്തെ കുറിച്ചെഴുതിയ കുറിപ്പ് ഹൃദയ സ്പര്‍ശിയായി മാറുന്നു. ‘ചിത്ര’ത്തില്‍ തല്ലും വാങ്ങി തിരിച്ചു പോകുമ്പോള്‍ ‘ഇനിയും ഞാന്‍ വരും’എന്ന് പറയുന്ന ശശരണിന്റെ കഥാപാത്രത്തെപ്പോലെ ജീവിതത്തില്‍ പറയാനായില്ലല്ലോ? വിട ശരണ്‍. സുനീഷ് കുറിക്കുന്നു. സുനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം…

‘അണ്ണാ, സായിപ്പിന്റെ കയ്യീന്ന് കിട്ടിയതിന്റെ ബാക്കി ഞാന്‍ മേടിച്ചോണ്ടേ, പോകൂ.’ ലാലേട്ടന്‍ പ്രിയദര്‍ശന്‍ കോമ്പിനേഷനിലെ ഏറ്റവും പ്രശസ്തമായ ‘ചിത്രം’ എന്ന സിനിമയില്‍ ലാലേട്ടന്റെ വിഷ്ണുവെന്ന കഥാപാത്രത്തിനൊപ്പം സായിപ്പിനെ പറ്റിക്കാന്‍ നിന്ന തടിയനായ കഥാപാത്രത്തിന്റെ ഈ ഡയലോഗ് മലയാളികളാരും മറന്നു കാണാനിടയില്ല. ശരണ്‍ എന്നു പേരുള്ള ഈ അഭിനേതാവ് ഇന്ന് വിടവാങ്ങി. ലാലേട്ടനൊപ്പം കഴിഞ്ഞ ഡിസംബറില്‍ ചിത്രീകരിച്ച ‘ഉത്സവം വിത്ത് ലാലേട്ടന്‍ ‘ എന്ന പരിപാടിയിലൂടെയാണ് ശരണിനെ എനിക്ക് പരിചയം. ഷോയുടെ ഡയറക്ടര്‍ മിഥിലാജും, പ്രിയ സുഹൃത്ത് രമേഷ് പിഷാരടിയുമായി ലാലേട്ടന്‍ ഷോയെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചയ്ക്കിടയിലാണ് ലാലേട്ടന്‍ സിനിമകളിലെ പ്രശസ്തരായ അപ്രധാന കഥാപാത്രങ്ങളെ വീണ്ടും സ്‌ക്രീനിലെത്തിക്കാം എന്ന ആശയമുണ്ടാകുന്നത്.

നാടോടിക്കാറ്റിലെ കുഞ്ഞിരാമനും, വെള്ളാനകളുടെ നാട്ടിലെ മൊയ്തിനും, ചിത്രത്തിലെ തടിയന്‍ കഥാപാത്രത്തിനുമായുള്ള തിരച്ചില്‍ ഞങ്ങളുടെ ടീമിലെ ഷിബു കൊഞ്ചിറ ഏറ്റെടുത്തു. ഏറെ അന്വേഷണങ്ങള്‍ക്കൊടുവില്‍ അങ്ങനെ ചിത്രത്തിലെ ആ കഥാപാത്രത്തെ അവതരിപ്പിച്ച ശരണിനെ ഞങ്ങള്‍ക്ക് കിട്ടി. പ്രമേഹബാധിതനായി അവശനായിരുന്നെങ്കിലും ഫ്‌ളവേഴ്‌സിന്റെ മണീട് സ്റ്റുഡിയോയില്‍ ശരണെത്തി. വര്‍ഷങ്ങള്‍ക്കിപ്പുറം ലാലേട്ടനുമായുള്ള ശരണിന്റെ കുടിക്കാഴ്ച ഏറെ വികാരനിര്‍ഭരമായിരുന്നു. വൈകാരികമായ ആ നിമിഷങ്ങള്‍ ഉത്സവം വിത്ത് ലാലേട്ടന്റെ പ്രേക്ഷകരുടേയും കണ്ണു നനയിച്ചു. ലാലേട്ടന്‍ ചിത്രത്തിലൂടെ കൊടുത്തു തീര്‍ക്കാനുള്ള കടവും തീര്‍പ്പിച്ച് യാത്രയാക്കിയ ശരണിനെ സാമ്പത്തികമായി സഹായിക്കാന്‍ മിഥിലാജിന്റെ നേതൃത്ത്വത്തില്‍ അരങ്ങൊരുങ്ങുകയും രമേഷ് പിഷാരടി ആ സഹായം ശരണിന്റെ വീട്ടിലെത്തിക്കുകയും ചെയ്തു. ആ ദൃശ്യങ്ങളും നിറകണ്ണുകളോടെയല്ലാതെ കണ്ടിരിക്കാനാകില്ലെന്ന് പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തിയതുമാണ്. ചില കഥാപാത്രങ്ങള്‍ അങ്ങിനെയാണ്, കാലങ്ങള്‍ക്കിപ്പുറവും കാണികള്‍ സ്‌നേഹത്തോടെ ഓര്‍ത്തുവെച്ചിരിക്കും.മലയാളികളുടെ ആ സ്‌നേഹം ഒരിക്കല്‍കൂടി ഏറ്റുവാങ്ങിയാണ് ശരണ്‍ മടങ്ങുന്നത്..ആ മുഹൂര്‍ത്തങ്ങള്‍ക്ക് ചെറുതായിട്ടെങ്കിലും കാരണക്കാരനാകാന്‍ കഴിഞ്ഞുവെങ്കിലും ശരണിന്റെ അകാലത്തിലുള്ള ഈ വിടവാങ്ങല്‍ ഏറെ ദുഃഖിപ്പിക്കുന്നു.’ചിത്ര’ത്തില്‍ തല്ലും വാങ്ങി തിരിച്ചു പോകുമ്പോള്‍ ‘ഇനിയും ഞാന്‍ വരും’എന്ന് പറയുന്ന ശശരണിന്റെ കഥാപാത്രത്തെപ്പോലെ ജീവിതത്തില്‍ പറയാനായില്ലല്ലോ? വിട ശരണ്‍. നന്ദിയോടെ കൈകൂപ്പി പറഞ്ഞ വാചകങ്ങള്‍ എന്നും ഓര്‍മ്മയിലുണ്ടാകും. ‘ഞങ്ങളെയൊക്കെ ഓര്‍ത്തല്ലോ?’ ഒന്നോ രണ്ടോ സിനിമകളില്‍ മാത്രം വന്ന് നമ്മുടെ മനസ്സിലിടം നേടി പിന്നീട് നിര്‍ഭാഗ്യം കൊണ്ട് സിനിമയിലൊന്നുമാകാന്‍ കഴിയാതെ പോയ ഒട്ടനേകം അഭിനേതാക്കളെ ഓര്‍മ്മിക്കാന്‍ ശരണിന്റെ വിടവാങ്ങല്‍ കാരണമാകട്ടെ.