‘ഒരുത്തീ’ മാറിയ മലയാള സിനിമക്ക് ഒപ്പമല്ല, ഒരുപടി മുന്നേ

‘ഒരുത്തീ’എന്ന മലയാള സിനിമയെ കുറിച്ച് കുറിപ്പെഴുതിയിരിക്കുകയാണ് സംവിധായകന്‍ എം പത്മകുമാര്‍. ‘കാലം സിനിമയില്‍ വരുത്തിയ പരിവര്‍ത്തനങ്ങളെ അതേപടി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരിക്കുമോ നവ്യക്ക്?. പക്ഷെ മാര്‍ച്ച്18 ന് കേരളത്തിലെ തിയ്യേറ്ററുകളില്‍ നിന്ന് ‘ഒരുത്തീ’ എന്ന സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ക്ക് ഒട്ടും സംശയമില്ല. ഒരുത്തിയെ തന്റെ അസാമാന്യമായ അഭിനയപ്രതിഭ കൊണ്ട് ഒരുത്തീ’ ആക്കി മാറ്റിയ നവ്യ നായര്‍ കാലം മാറിയ മലയാള സിനിമക്ക് ഒപ്പമല്ല, ഒരുപടി മുന്നില്‍ തന്നെ യാത്ര ചെയ്തു.അഭിനന്ദനങ്ങള്‍’. പത്മകുമാര്‍ ഫേസ്ബുക്കില് കുറിച്ചു. ഫോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ…

വര്‍ഷം 2001..നന്ദനം എന്ന സിനിമ ചെയ്യാന്‍ തീരുമാനിച്ച ശേഷം ഒരു ദിവസം സംവിധായകനായ രഞ്ജിത് നിര്‍മ്മാതാവ് സിയാദ് കോക്കറിനെ വിളിച്ച് കഥ പറയുന്നു. ഗംഭീരമാണ് എന്ന് സിയാദ്ക്ക സമ്മതിക്കുന്നു. (രഞ്ജിയുടെ തൊട്ടരികെ അസ്സോസിയേറ്റ് ഡയറക്ടറായി ഞാനുമുണ്ട്)നായകനായി ഒരു പുതുമുഖത്തെ നമ്മള്‍ പരിചയപ്പെടുത്തുകയാണ്. ഇനിയൊരു നായിക വേണം. കണ്ടു പരിചയിച്ച മുഖമാവരുത്, എന്നാല്‍ ആ കഥാപാത്രം മാത്രമല്ല ആ സിനിമതന്നെ അവളുടെ കയ്യില്‍ ഭദ്രമായിരിക്കുകയും വേണം. സിയാദ്ക്കക്ക് രണ്ടാമത് ഒന്നാലോചിക്കേണ്ടി വന്നില്ല, താന്‍ ചെയ്ത കഴിഞ്ഞ സിനിമയിലെ നായിക. അതിലവള്‍ പുതുമുഖമായിരുന്നു. ആ കുട്ടി മതി. അവളുടെ പേര് നവ്യാനായര്‍ എന്നാണ്. സിയാദ് കോക്കര്‍ രഞ്ജിത്തിനു നല്‍കിയ വാക്ക് ഫലിച്ചു. നന്ദനത്തിലെ ബാലാമണിയെ നവ്യ അവിസ്മരണീയമാക്കി . അതിനുശേഷം നവ്യ നായര്‍ എന്ന നായികയുടെ പ്രതിഭ കൈയൊപ്പു ചാര്‍ത്തിയ ഒട്ടേറെ കഥയും കഥാപാത്രങ്ങളും നമ്മള്‍ കണ്ടു. പിന്നെപ്പോഴോ നവ്യ വിവാഹിതയായി. സിനിമയുടെ ഭൂതകാലത്തിലേക്ക് നവ്യനായര്‍ എന്ന അഭിനേത്രി വിടവാങ്ങി എന്ന വാര്‍ത്ത എന്നെയടക്കം എത്ര സിനിമാപ്രേമികളെ മഥിച്ചിരിക്കണം!. നവ്യയില്ലാതെതന്നെ മലയാള സിനിമ മുന്നോട്ടു യാത്ര ചെയ്തു. ഇപ്പോഴിതാ നവ്യ മലയാള സിനിമയിലേക്കും അഭിനയ ജീവിതത്തിലേക്കും തിരിച്ചുവരുന്നു എന്നു കേട്ടപ്പോള്‍ പലരും സംശയിച്ചിരിക്കണം: കാലം സിനിമയില്‍ വരുത്തിയ പരിവര്‍ത്തനങ്ങളെ അതേപടി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരിക്കുമോ നവ്യക്ക്?. പക്ഷെ മാര്‍ച്ച്18 ന് കേരളത്തിലെ തിയ്യേറ്ററുകളില്‍ നിന്ന് ‘ഒരുത്തീ’ എന്ന സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ക്ക് ഒട്ടും സംശയമില്ല. ഒരുത്തിയെ തന്റെ അസാമാന്യമായ അഭിനയപ്രതിഭ കൊണ്ട് ഒരുത്തീ’ ആക്കി മാറ്റിയ നവ്യ നായര്‍ കാലം മാറിയ മലയാള സിനിമക്ക് ഒപ്പമല്ല, ഒരുപടി മുന്നില്‍ തന്നെ യാത്ര ചെയ്തു.അഭിനന്ദനങ്ങള്‍

നവ്യക്കു മാത്രമല്ല, കുടുംബങ്ങള്‍ കണ്ടിരിക്കേണ്ട, കുടുംബങ്ങളിലെ ഓരോ സ്ത്രീകളെയും ഇന്‍സ്‌പൈര്‍ ചെയ്യിക്കേണ്ട ഒരു കഥയേയും കഥാപാത്രത്തേയും കണ്ടെടുക്കുകയും അത് സ്‌ക്രീനില്‍ അവതരിപ്പിക്കേണ്ടത് നവ്യാനായരല്ലാതെ മറ്റാരുമല്ല എന്ന് മനസ്സിലാക്കുകയും ചെയ്ത എന്റെ പ്രിയപ്പെട്ട സുഹൃത്തും ഈ സിനിമയുടെ രചയിതാവും കൂടിയായ സുരേഷ് ബാബുവിനും പ്രിയപ്പെട്ട സംവിധായകന്‍ വി.കെ.പി ക്കും കൂടിയാണ്. തീര്‍ന്നില്ല, വിനായകന്‍. ഒരു പ്രേക്ഷകന്‍ എന്നതു മറക്കാം, ഒരു ചലച്ചിത്ര സംവിധായകന്‍ കൂടിയായ എന്നെപ്പോലും കോരിത്തരിപ്പിച്ച ആ മാസ്മരികപ്രകടനത്തിന് ഒരു ഗാഡാലിംഗനം, വിനായകനും പിന്നെ വിനായകനെ ഈ കാക്കിയുടുപ്പിക്കാന്‍ തീരുമാനിച്ച സംവിധായകനും എഴുത്തുകാരനും.