ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായ നടന്‍ മോഹന്‍ലാല്‍ സംവിധായകന്റെ കുപ്പായത്തിലുള്ള ചിത്രങ്ങള്‍ വൈറലാകുന്നു. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന ചിത്രത്തിന്റെ .പൂജയ്ക്ക് ശേഷം ആരാധകര്‍ വാര്‍ത്തയ്ക്കായി കാത്തിരിക്കുകയായിരുന്നു.
ചിത്രത്തിന്റെ പൂജ കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ വെച്ചാണ് നടന്നത്. മമ്മൂട്ടി, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍, ലാല്‍, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് ഉള്‍പ്പടെ സിനിമാരംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ എത്തിച്ചേര്‍ന്നിരുന്നു. സംവിധാനം എന്ന വിസ്മയത്തിലേക്കു കടക്കുന്നതിനു മുന്‍പായി തന്നെ ചേര്‍ത്തുപിടിച്ച ആരാധകരുടെ അനുഗ്രഹം തേടി മോഹന്‍ലാല്‍ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനം തുടങ്ങാനാണ് ആദ്യ പദ്ധതിയിട്ടതെങ്കിലും കോവിഡ് കാരണം ചിത്രീകരണം നീണ്ടുപോകുകയായിരുന്നു. ഇതിനിടയില്‍ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ നവോദയ സ്റ്റുഡിയോയില്‍ പുരോഗമിക്കുന്നുണ്ടായിരുന്നു. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ടീമിനൊപ്പം പൃഥ്വിരാജും നവോദയില്‍ എത്തിച്ചേര്‍ന്നിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍, പ്രതാപ് പോത്തന്‍ എന്നിവര്‍ വേഷമിടുന്നുണ്ട്. വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്. ബറോസ് പൂര്‍ത്തിയാകുന്നത് വരെ മോഹന്‍ലാല്‍ മറ്റ് സിനിമകളില്‍ നിന്നും മാറി നിന്നേക്കും.
പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. മോഹന്‍ലാല്‍ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മൈഡിയര്‍ കുട്ടിച്ചാത്തന്റെ സൃഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.