അനുശ്രിയുടെ ‘ഓട്ടര്‍ഷ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

സുജിത് വാസുദേവിന്റെ സംവിധാനത്തില്‍ അനുശ്രി കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം ‘ഓട്ടര്‍ഷ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സംവിധായകന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ജയിംസ് ആന്‍ഡ് ആലീസ് എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം സുജിത്ത് സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ് ‘ഓട്ടര്‍ഷ’.

ജയരാജ് മിത്രയാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്.എംഡി മീഡിയ ആന്‍ഡ് ലാര്‍വ ക്ലബിനു വേണ്ടി മോഹന്‍ദാസ് ദാമോദരന്‍, സുജിത് വാസുദേവ്, ലെനിന്‍ വര്‍ഗീസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഓട്ടോറിക്ഷയുമായി ബന്ധപ്പെട്ട് കിടക്കുന്ന ജീവിതങ്ങള്‍ വിവരിക്കുന്ന ഹ്യൂമര്‍ പശ്ചാത്തലത്തില്‍ തയ്യാറാക്കുന്ന സിനിമയാണ് ‘ഓട്ടര്‍ഷ’. ആണുങ്ങള്‍ മാത്രം ഓട്ടോറിക്ഷയോടിക്കുന്ന സ്റ്റാന്‍ഡില്‍ ഡ്രൈവറായി എത്തിപ്പെടുന്ന സ്ത്രീയുടെ ജീവിതവും അനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.