ദിലീപിന്റെ രാജി,മോഹന്‍ലാല്‍ പറഞ്ഞതാണ് സത്യം ; ജഗദീഷ്

താര സംഘടനയായ അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയതാണെന്ന് സംഘടനയുടെ ട്രഷററും വക്താവുമായ ജഗദീഷ്. ഡബ്ല്യുസിസിയുടെ ആവശ്യപ്രകാരം ദിലീപിന്റെ രാജി മോഹന്‍ലാല്‍ ചോദിച്ചു വാങ്ങുകയായിരുന്നു. മോഹന്‍ലാലിന്റെ ഈ വാദത്തെ തള്ളി താന്‍ സ്വയം രാജിവച്ചതാണെന്നു കാട്ടി അമ്മ അസോസിയേഷന് ദിലീപ് അയച്ച കത്ത് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്ന് പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് ജഗദീഷ് .

മോഹന്‍ലാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞതാണ് സത്യം അല്ലാതെ അതില്‍ മറ്റൊന്നുമില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജഗദീഷ് പറഞ്ഞു. ‘ നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപില്‍ നിന്നും അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ രാജി ആവശ്യപ്പെടുകയായിരുന്നു. രാജി ലഭിച്ചതോടെ അമ്മയില്‍ നിന്നും ദിലീപ് പുറത്തായി. വിഷയത്തില്‍ മോഹന്‍ലാല്‍ പറഞ്ഞതാണ് വാസ്തവം’ എന്നും ജഗദീഷ് പറഞ്ഞു.

ദിലീപിനെ അമ്മ പുറത്താക്കുകയാണ് ചെയ്തത്. ഇതാണ് വാസ്തവം. ഇക്കാര്യത്തില്‍ സംഘടനയ്ക്ക് പറയാനുള്ള അവസാന വാക്ക് ഇതാണ്. ഇതോടെ ഈ വിഷയം ഇവിടെ അവസാനിച്ചിരിക്കുകയാണെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.