മീ ടു: നടിമാരെ പ്രൊഫഷണല്‍ പ്രോസ്റ്റിറ്റിയൂട്ട് എന്ന നിലയിലാണ് നോക്കി കാണുന്നത്…തനിച്ച് പോകുമ്പോള്‍ അമ്മ മുളകുപൊടി പൊതിഞ്ഞ് തരുമായിരുന്നു: മുംതാസ്

മീ ടു: നടിമാരെ പ്രൊഫഷണല്‍ പ്രോസ്റ്റിറ്റിയൂട്ട് എന്ന നിലയിലാണ് നോക്കി കാണുന്നത്…തനിച്ച് പോകുമ്പോള്‍ അമ്മ മുളകുപൊടി പൊതിഞ്ഞ് തരുമായിരുന്നു: നടി മുംതാസ്. ക്യാമ്പയിന്റെ ഭാഗമായി വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ നടി മുംതാസ് രംഗത്ത്. തന്നെ ഒന്നിലധികം തവണ ലൈംഗിക താത്പര്യങ്ങളുമായി സംവിധായകര്‍ അടക്കമുള്ളവര്‍ സമീപിച്ചിട്ടുണ്ടെന്നും ഇതിന്റെ പേരില്‍ ഒരു സംവിധായകനെ ചെരുപ്പ് കൊണ്ട് തല്ലിയിട്ടുണ്ടെന്നും മുംതാസ് പറയുന്നു. എന്നാല്‍ ആരുടെയും പേരുകള്‍ നടി വെളിപ്പെടുത്തിയിട്ടില്ല. താന്‍ ഒരിക്കലും ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കപ്പെട്ടിട്ടില്ല. അതിനുള്ള അവസരം ആര്‍ക്കും കൊടുത്തിട്ടുമില്ല. അതിനാല്‍ തന്നെ താന്‍ ഒരു ഇര ആയിട്ടില്ല. സംവിധായകര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ട്. ഒരിക്കല്‍ ഒരു സംവിധായകനെ ചെരുപ്പൂരി അടിക്കേണ്ട സാഹചര്യമുണ്ടായി. വിഷയം നടികര്‍ സംഘത്തിന്റെ സാന്നിധ്യത്തിലാണ് ഒത്തുതീര്‍പ്പായതെന്നും മുംതാസ് പറഞ്ഞു. എന്നാല്‍ സംവിധായകന്റെ പേര് മുംതാസ് വെളിപ്പെടുത്തിയില്ല. മോശമായി പെരുമാറിയ ഒരാളോട് ദേഷ്യപ്പെടേണ്ടിവന്നു. അതിന് ശേഷം എവിടെ വെച്ച് കണ്ടാലും അയാള്‍ മാഡം എന്നാണ് വിളിക്കുന്നതെന്നും മുംതാസ് പറഞ്ഞു. ഞാന്‍ ഒഡീഷനു പോകുന്ന സമയത്ത് അമ്മ കൂടെ വരുമായിരുന്നു. അമ്മയ്ക്ക് വരാന്‍ കഴിയാത്ത സമയങ്ങളില്‍ എന്റെ കൈയില്‍ മുളക് പൊടി പൊതിഞ്ഞു തരും. അന്ന് കുരുമുളക് സ്‌പ്രേ ഒന്നുമില്ല. നിന്നെ ആരെങ്കിലും ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ ഇത് ഉപയോഗിക്കണം എന്നു പറഞ്ഞാണ്

മുളക് പൊടി അമ്മ പൊതിഞ്ഞു തന്നുവിട്ടിരുന്നത്. സംവിധായകനോ നിര്‍മാതാവോ, നടന്മാരോ ഒരു അഭിനേത്രിയെ തനിയെ കാണണം, മുറിയിലേക്ക് വരൂ എന്ന് വിളിച്ചാല്‍ പോകാതിരിക്കുകയാണ് വേണ്ടത്. സ്വയം പോയി ചതിയില്‍ വീഴരുത്. നിങ്ങളെ ഒറ്റയ്ക്ക് കാണണം എന്ന് പറയുമ്പോള്‍ തന്നെ അപകടം തിരിച്ചറിയണം. ഇരകളാകാന്‍ സ്വയം തയ്യാറെടുക്കരുതെന്നും മുംതാസ് പറയുന്നു. നടന്മാരും സംവിധായകരും മാനേജര്‍മാരും ഒരു വിഭാഗം പ്രേക്ഷകരുമെല്ലാം നടിമാരെ പ്രൊഫഷണല്‍ പ്രോസ്റ്റിറ്റിയൂട്ട് എന്ന നിലയിലാണ് നോക്കി കാണുന്നത്. അഭിനേത്രികള്‍ അവരുടെ ജോലി ചെയ്യുകയാണ്. കുടുംബം നോക്കാന്‍ വേണ്ടിയാണ് അവരും ജോലി ചെയ്യുന്നത്. ബിഗ് ബോസിലെ ഒരു വീഡിയോയ്ക്ക് താഴെ ദുഷിച്ച മനസുള്ള ഒരാള്‍ കമന്റ് ചെയ്തത്, ബിഗ് ബോസ് വീട്ടില്‍ നിങ്ങള്‍ കോണ്ടം വിതരണം ചെയ്യുന്നുണ്ടോ എന്നാണ്. ഇതാണ് ആളുകളുടെ മനോനില. നിങ്ങളുടെ വീട്ടില്‍ നിന്നും ഒരു സ്ത്രീ ജോലിക്കു പോകുമ്പോള്‍ നിങ്ങള്‍ കരുതുന്നത് അവള്‍ ആരുടെയോ ഒപ്പം കിടക്കാന്‍ പോവുകയാണ് എന്നാണോ എന്നും മുംതാസ് ചോദിക്കുന്നു.