ആദ്യ ദിനം തന്നെ മികച്ച കളക്ഷന്‍ നേടി കായംകുളം കൊച്ചുണ്ണി

മലയാളത്തിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയ ചിത്രം എന്ന വിശേഷണത്തോടെ തിയേറ്ററുകളില്‍ എത്തിയ കായംകുളം കൊച്ചുണ്ണിയുടെ ആദ്യദിനം തന്നെ മികച്ച കളക്ഷനാണ് ചിത്രം നേടിയത് എന്നാണ് റിപ്പോര്‍ട്ട്. 5 കോടി 3 ലക്ഷം രൂപയാണ് ആദ്യദിനം ചിത്രം വാരിക്കൂട്ടിയത്. സിനിമയുടെ നിര്‍മാതാക്കളായ ഗോകുലം മൂവീസ് ആണ് കളക്ഷന്‍ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. കേരളത്തില്‍ നിന്നു മാത്രമുള്ള കളക്ഷനാണിത്.

364 തിയേറ്ററുകളിലായി 1700 പ്രദര്‍ശനങ്ങളാണ് ആദ്യദിവസം നടന്നത്. മലയാള സിനിമയില്‍ ഇത് റെക്കോര്‍ഡ് ആയിരുന്നു. രാവിലെ ഏഴു മണി മുതല്‍ ആരാധകര്‍ക്കായി പ്രത്യേക ഫാന്‍സ് ഷോയും നടന്നു. വലിയ ജനത്തിരക്ക് മൂലം അര്‍ധരാത്രിയിലും ചിത്രത്തിന്റെ പ്രദര്‍ശനം സംഘടിപ്പിക്കുകയുണ്ടായി. മലയാളസിനിമയുടെ ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് ഇനി കൊച്ചുണ്ണിക്ക് സ്വന്തമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ട്വീറ്റ് ചെയ്തു. റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രം സംവിധാനം ചെയ്തത്.