മീ ടൂ ; ഹൗസ് ഫുള്‍-4ന്റെ ചിത്രീകരണത്തില്‍ നിന്ന് അക്ഷയ് കുമാര്‍ പിന്മാറി

മുംബൈ: സംവിധായകന്‍ സജിദ് ഖാനെതിരെ ‘മീ ടൂ’ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ‘ഹൗസ് ഫുള്‍-4’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തില്‍ നിന്ന് നടന്‍ അക്ഷയ്കുമാര്‍ പിന്മാറി. താന്‍ വിദേശത്തായിരുന്നുവെന്നും തിരികെയത്തിയപ്പോഴാണ് വാര്‍ത്തകളില്‍ നിന്ന് ‘മീ ടൂ’ ക്യാംപെയ്‌നെക്കുറിച്ചും ചിത്രത്തിന്റെ സംവിധായകനേക്കുറിച്ചും വിശദമായി അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

അറിഞ്ഞതത്രയും വേദനിപ്പിക്കുന്ന വാര്‍ത്തകളാണെന്നും അതിനാല്‍ ആരോപണത്തേക്കുറിച്ച് അന്വേഷണം നടന്ന് നിജസ്ഥിതി പുറത്തു വരുന്നതുവരെ ചിത്രീകരണത്തില്‍ പങ്കെടുക്കില്ലെന്നുമാണ് അക്ഷയ് കുമാര്‍ വ്യക്തമാക്കിയത്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട നടന്‍ ഇത്തരം സംഭവങ്ങളിലെ ഇരകള്‍ക്ക് നീതി ലഭിക്കേണ്ടതുണ്ടെന്നും ഓര്‍മ്മിപ്പിച്ചു. മീ ടൂ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണെന്നും ‘ഹൗസ്ഫുള്‍’ ചിത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെല്ലാം തന്നെ ഇക്കാര്യത്തില്‍ ഉറച്ച നിലപാടെടുക്കണമെന്നും അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്നയും ആവശ്യപ്പെട്ടു.