മോഹൻലാൽ നായകനായെത്തി വൻ വിജയമായി മാറിയ ‘ഛോട്ടാ മുംബൈ’ വീണ്ടും തിയേറ്ററുകളിലേക്ക് പ്രദർശനത്തിനെത്തുന്നു. അൻവർ റഷീദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം മോഹൻലാലിന്റെ ജന്മദിനമായ മെയ് 21-ന് റെ–റിലീസ് ചെയ്യും.
റിപ്പോർട്ടുകൾ പ്രകാരം, ചിത്രത്തിന്റെ ആദ്യ ഷോ രാവിലെ 7 മണിക്ക് ആരംഭിക്കും. കേരളത്തിലെ നിരവധി തിയേറ്ററുകളിൽ മോഹൻലാൽ ആരാധകർ ഫാൻസ് ഷോകൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഗാനങ്ങൾ മുതൽ തമാശകളും പവർഫുൾ ഡയലോഗുകളും വരെ ഇന്നും ആരാധകർ ഏറ്റെടുക്കുന്ന ചിത്രത്തിൽ, തിരക്കഥ ബെന്നി പി നായരമ്പലമാണ് എഴുതിയത്. രാഹുൽ രാജാണ് സംഗീതം ഒരുക്കിയത്.
ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾക്കും സമാനമായ ജനപ്രിയതയുണ്ട്. സിദ്ദിഖിന്റെ മുള്ളൻ ചന്ദ്രപ്പൻ, ജഗതിയുടെ പടക്കം ബഷീർ, കലാഭവൻ മണിയുടെ വില്ലൻ വേഷം, ബിജുക്കുട്ടന്റെ സുശീലൻ, രാജൻ പി ദേവിന്റെ പാമ്പ് ചാക്കോച്ചൻ, ഭാവനയുടെ ലത ഇന്നും പ്രേക്ഷകർ ആവേശത്തോടെ ഓർക്കുന്ന ഒന്നാണ്.
സമീപകാലത്ത് റീ-റിലീസ് ചെയ്ത മോഹൻലാൽ ചിത്രങ്ങൾ എല്ലാം തന്നെ വലിയ വിജയങ്ങളായിരുന്നു. സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതൻ തുടങ്ങി പ്രേക്ഷകപ്രീതിയോടെ തിരിച്ചുവന്ന സിനിമകൾ വമ്പൻ കളക്ഷനാണ് നേടിയത്.
മോഹൻലാലിന്റെ ജന്മദിന സ്‌പെഷ്യലായി എത്തുന്ന ‘ഛോട്ടാ മുംബൈ’യും റെക്കോർഡ് കാഴ്ചക്കാരെ ആകർഷിക്കും എന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. ഈ വർഷം റിലീസ് ചെയ്ത ‘എമ്പുരാൻ’ ഉൾപ്പെടെയുള്ള ചിത്രങ്ങൾ വലിയ വിജയങ്ങളായതോടെ, മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കാലഘട്ടമാണിതെന്ന് ആരാധകർ വിശ്വസിക്കുന്നു.