പൃഥ്വിരാജ്-മോഹൻലാൽ ചിത്രം എമ്പുരാന്റെ ഓവർസീസ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്. 144.8 കോടിയാണ് എമ്പുരാൻ വിദേശ മാർക്കറ്റുകളിൽ നിന്നും നേടിയതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്സിനെ വീഴ്ത്തി മോഹൻലാല്‍ ചിത്രം വിദേശത്തും ഒന്നാമതെത്തിയിരുന്നു. പ്രേമലുവിന്റെ ആഗോള ലൈഫ് ടൈം കളക്ഷനാണ് വിദേശത്ത് നിന്ന് മാത്രം എമ്പുരാൻ മറികടന്നിരിക്കുന്നത്. ഇതോടെ വിദേശ മാർക്കറ്റിൽ നിന്നും 100 കോടിക്ക് മുകളിൽ നേടുന്ന ആദ്യ മലയാള സിനിമയായി എമ്പുരാൻ മാറി. ഏപ്രില്‍ 24 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. ഇന്ത്യയില്‍ ഒടിടിയില്‍ കഴിഞ്ഞ ഒരു വാരം ഏറ്റവും കാണികളെ നേടിയ അഞ്ച് സിനിമകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുകയാണ് എമ്പുരാന്‍. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തിറക്കിയ ലിസ്റ്റിലാണ് എമ്പുരാന്റെ ഈ നേട്ടം.
മലയാള സിനിമാ കളക്ഷനിലെ സര്‍വകാല റെക്കോര്‍ഡുമായാണ് എമ്പുരാൻ തിയേറ്റർ വിട്ടത്. 325 കോടിയാണ് ചിത്രം ആഗോള ബിസിനസിലൂടെ നേടിയത്. മികച്ച പ്രതികരണം നേടിയ സിനിമയുടെ മേക്കിങ്ങിന് നിരവധി കയ്യടികളാണ് ലഭിച്ചത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് മുരളി ഗോപിയാണ്. മോഹൻലാൽ, പൃഥ്വി എന്നിവരെ കൂടാതെ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്‍ തുടങ്ങി വലിയ താരനിര തന്നെ എമ്പുരാനില്‍ അണിനിരന്നിരുന്നു.
അതേ സമയം മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിന്റെ തുടരും എന്ന സിനിമ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ആരാധകരും കുടുംബപേക്ഷകരും ഒരുപോലെ സിനിമയെ ഏറ്റെടുത്തു കഴിഞ്ഞു. കേരള ബോക്സ് ഓഫിസിൽ നിന്നുമാത്രം 100 കോടി ഗ്രോസ് നേടിയ ആദ്യ മലയാള ചിത്രം എന്ന നേട്ടമാണ് ‘തുടരും’ സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് വെറും 13 ദിവസത്തിനുള്ളിലാണ് ചിത്രം ഈ നേട്ടത്തിലേക്ക് കുതിച്ചത്. നിർമ്മാതാക്കളായ രജപുത്രയാണ് ഈ സന്തോഷവാർത്ത ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നത്. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം ശോഭനയും മോഹൻലാലും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്.
കൂടാതെ മോഹൻലാലിന്റെ ജന്മദിനമായ മെയ് 21-ന് വൻ വിജയമായി മാറിയ ‘ഛോട്ടാ മുംബൈ’ വീണ്ടും തിയേറ്ററുകളിലേക്ക് പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ആദ്യ ഷോ രാവിലെ 7 മണിക്ക് ആരംഭിക്കും. കേരളത്തിലെ നിരവധി തിയേറ്ററുകളിൽ മോഹൻലാൽ ആരാധകർ ഫാൻസ് ഷോകൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്.