ജോര്‍ജ് കുട്ടിയും കുടുംബവും

ദൃശ്യം 2 ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍ മോഹന്‍ലാലും ജീത്തു ജോസഫും. ജീത്തു ജോസഫ് ചിത്രം ദൃശ്യം രണ്ടാം ഭാഗത്തിന്റെ ലൊക്കേഷനില്‍ നിന്നും റാണിക്കും മക്കള്‍ക്കുമൊപ്പമുള്ള ജോര്‍ജ് കുട്ടിയാണിത്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രം മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റ് ചെയ്തത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം തുടക്കത്തില്‍ ഇന്‍ഡോര്‍ ഷൂട്ടിങ്ങിലാണ്. ആദ്യത്തെ പത്തു ദിവസം ഇങ്ങനെ തുടര്‍ന്ന ശേഷം പിന്നീടുള്ള രംഗംങ്ങള്‍ തൊടുപുഴയില്‍ നടക്കും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 17 ന് ആരംഭിക്കേണ്ട ഷൂട്ടിംഗ് സെപ്റ്റംബര്‍ 21ലേക്ക് മാറ്റിയിരുന്നു. മലയാള സിനിമയില്‍ ആദ്യമായി സെറ്റിലെ എല്ലാവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തി എന്ന് പ്രഖ്യാപിച്ച ചിത്രമാണ് ദൃശ്യം 2. സെറ്റില്‍ സജീവമായുള്ള ഒരാള്‍ക്കും ഷൂട്ടിംഗ് കഴിയുന്ന വരെ പുറത്തുനിന്നും വരുന്നവരുമായി സമ്പര്‍ക്കമുണ്ടാവില്ല. ഇവര്‍ സിനിമാ ചിത്രീകരണത്തിന്റെ പരിസരം വിട്ട് പുറത്തു പോകാനും പാടില്ല.

ദൃശ്യം ഒന്നാംഭാഗത്തിലെ ടീം തന്നെയാണ് രണ്ടാം ഭാഗത്തിലും. മോഹന്‍ലാല്‍, മീന എന്നിവരുടെ മക്കളായി അഭിനയിച്ച അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍ എന്നിവരെയാണ് ചിത്രത്തിലൂടെ മോഹന്‍ലാല്‍ പരിചയപ്പെടുത്തുന്നത്. ജോര്‍ജ് കുട്ടി, റാണി, അഞ്ചു, അനുമോള്‍ എന്നിങ്ങനെയാണ് ഇവരുടെ കഥാപാത്രങ്ങള്‍.