‘ലാലേട്ടനൊപ്പം ഒരു സിനിമ ചെയ്യാനുള്ള ഓപ്‌ഷൻ ഓപ്പൺ ആണ്, നല്ലൊരു തിരക്കഥയുണ്ടാകുന്ന പക്ഷം മാത്രമേ മോഹൻലാലിനെ ഇനി സമീപിക്കുകയുള്ളൂ’; തരുൺമൂർത്തി

','

' ); } ?>

മോഹൻലാലിനൊപ്പമുള്ള അടുത്ത സിനിമ എപ്പോൾ എന്ന തരത്തിലുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകി സംവിധായകൻ തരുൺമൂർത്തി. നല്ലൊരു തിരക്കഥയുണ്ടാകുന്ന പക്ഷം മാത്രമേ താൻ മോഹൻലാലിനെ ഇനി സമീപിക്കുകയുള്ളൂ എന്നാണ് തരുൺ മൂർത്തിയുടെ മറുപടി. ജാങ്കോ സ്‌പേസിന് നൽകിയ അഭിമുഖതിലായിരുന്നു പ്രതികരണം. ചോദ്യവും മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലാണ്.

തുടരും എന്ന സിനിമ മലയാളി പ്രേക്ഷകർ നെഞ്ചോട് ഏറ്റെടുത്തതാണ്. അതിനാൽ തന്നെ മോഹൻലാലിനൊപ്പം ഇനി ഒരു സിനിമ ചെയ്യുമ്പോൾ പ്രേക്ഷകർ അതിൽ നിന്ന് പ്രതീക്ഷിക്കുക. ആ പ്രതീക്ഷ തകർക്കില്ല. തരുൺ പറഞ്ഞു. ‘ലാലേട്ടനൊപ്പം ഒരു സിനിമ ചെയ്യാനുള്ള ഓപ്‌ഷൻ ഓപ്പൺ ആണ്. ഈ സിനിമയുടെ റിലീസിന് മുന്നേ തന്നെ മറ്റൊരു സിനിമ ചെയ്യാനുള്ള ഓപ്‌ഷൻ ഓപ്പണാക്കി വെച്ചിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും ഒരു നല്ല സ്ക്രിപ്റ്റ് ഉണ്ടെങ്കിൽ ലാൽ സാറിന്റെ അടുത്തേക്ക് പോകാം. നമുക്ക് ചെയ്യാം മോനെ എന്ന് അദ്ദേഹം പറയുമെന്നാണ് എന്റെ വിശ്വാസം. തുടരും എന്ന സിനിമ മലയാളികളുടെ മനസ്സിൽ അത്രത്തോളം പതിഞ്ഞത് കൊണ്ട് ഇനി ലാലേട്ടനൊപ്പവും രഞ്ജിത്തേട്ടനൊപ്പവും ഒരു സിനിമ ചെയ്യുമ്പോൾ അതിന്റെ സ്ക്രിപ്റ്റ് പ്രധാനമാണ്,’

‘എല്ലാവരും മിനിമം ഒരു തുടരും ആയിരിക്കും പ്രതീക്ഷിക്കുക. അതിനെ ചാലഞ്ച് ചെയ്യുന്ന സ്ക്രിപ്റ്റിന് വേണ്ടിയുള്ള അന്വേഷണം നടക്കുകയാണ്. നല്ല സ്ക്രിപ്റ്റുകൾ എന്റെ കയ്യിലില്ല, മറ്റുള്ളവരോട് അന്വേഷിക്കുകയാണ്. അത്തരമൊരു സ്ക്രിപ്റ്റ് വന്നാൽ ഞാൻ ലാൽ സാറിന്റെ അടുത്തേക്ക് ചെല്ലും. അല്ലെങ്കിൽ ഈ ഒരു സിനിമ മതി എന്ന് കരുതും. നമ്മൾ ഇപ്പോൾ ഒരു മോശം ചെയ്താൽ ആളുകൾ എടുത്ത് നിലത്തേക്ക് ഇടും. ഇപ്പോൾ ആളുകൾ നമുക്ക് നൽകുന്ന ഒരു സ്നേഹമുണ്ട്. അത് ഞാനായിട്ട് നശിപ്പിക്കില്ല.

മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിന്റെ തുടരും എന്ന സിനിമ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ആരാധകരും കുടുംബപേക്ഷകരും ഒരുപോലെ സിനിമയെ ഏറ്റെടുത്തു കഴിഞ്ഞു. കേരള ബോക്സ് ഓഫിസിൽ നിന്നുമാത്രം 100 കോടി ഗ്രോസ് നേടിയ ആദ്യ മലയാള ചിത്രം എന്ന നേട്ടമാണ് ‘തുടരും’ സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് വെറും 13 ദിവസത്തിനുള്ളിലാണ് ചിത്രം ഈ നേട്ടത്തിലേക്ക് കുതിച്ചത്. നിർമ്മാതാക്കളായ രജപുത്രയാണ് ഈ സന്തോഷവാർത്ത ഔദ്യോഗികമായി പുറത്ത് വിട്ടത്. ചിത്രം റിലീസ് ചെയ്ത് ആറാം ദിവസത്തിൽ തന്നെ നൂറ് കോടി ക്ലബ്ബിൽ എത്തിയിരുന്നുവെന്നത് മറ്റൊരു സവിശേഷതയാണ്. പുലിമുരുകൻ, ലൂസിഫർ, എമ്പുരാൻ എന്നിങ്ങനെയുള്ള സിനിമകൾക്കുശേഷം നൂറു കോടി ക്ലബ്ബിൽ എത്തുന്ന നാലാമത്തെ മോഹൻലാൽ ചിത്രം കൂടിയാണ് ‘തുടരും’.

ഷൺമുഖം എന്ന സാധാരണക്കാരനായ ടാക്സി ഡ്രൈവറുടെ ജീവിതമാണ് ‘തുടരും’ എന്ന ചിത്രത്തിന്റെ കേന്ദ്രകഥ. ഭാര്യയും മക്കളുമുള്ള കുടുംബപ്രേമി, സുഹൃദ്ബന്ധങ്ങളുള്ള, നാട്ടുകാർക്കിടയിൽ പ്രിയങ്കരനായ ഒരു ഡ്രൈവറുടെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുന്നതിലൂടെ, മോഹൻലാൽ വീണ്ടും പ്രേക്ഷകരുടെ കയ്യടി നേടിയിരിക്കുകയാണ്.

ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. കെ.ആർ. സുനിലിന്റെ കഥയ്ക്ക് തരുൺ മൂർത്തിയോടൊപ്പം തിരക്കഥ ഒരുക്കിയത് കെ.ആർ. സുനിലുമാണ്. ‘തുടരും’ പ്രതീക്ഷിച്ചതിലും ഏറെ മികച്ച പ്രതികരണങ്ങൾ കൈവരിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ തുടർവിജയങ്ങൾക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ്.

ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം ശോഭനയും മോഹൻലാലും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. ചിത്രം റിലീസ് ആയതിനു ശേഷം പ്രകാശ് വർമ്മ പങ്കുവെച്ച ചിത്രങ്ങൾക്കും സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളാണ് പ്രകാശ് വർമ്മ പങ്കുവെച്ചിരുന്നത്. തുടരും എന്ന സിനിമയിലെ തന്റെ അനുഭവം തീർത്തും മാജിക്കൽ ആയിരുന്നുവെന്നും തനിക്ക് മറ്റൊരു കുടുംബത്തെ കൂടി ലഭിച്ചുവെന്നും പ്രകാശ് വർമ്മ ചിത്രത്തിന് താഴെ കുറിച്ചിരുന്നു. ‘എന്റെ നായകൻ, പ്രചോദനം, ഉപദേഷ്ടാവ്, സഹോദരൻ, അധ്യാപകൻ, സുഹൃത്ത്’ എന്നാണ് മോഹൻലാലിനെ പ്രകാശ് വർമ്മ വിശേഷിപ്പിച്ചിരുന്നത്.