“ഇന്ദ്രൻസ് വലിയൊരു പാഠമാണ്, അദ്ദേഹത്തിന്റെ കരിയറിലെ മാറ്റങ്ങൾ അത്ഭുതപ്പെടുത്താറുണ്ട്”; സൂര്യ

','

' ); } ?>

നടൻ ഇന്ദ്രൻസിനെ ആദരിച്ച് നടൻ സൂര്യ. താൻ ദേശീയ പുരസ്‌കാരം വാങ്ങിയ സമയത്ത് തന്നെ പുരസ്കാരം പങ്കിട്ട വ്യക്‌തിയാണ് ഇന്ദ്രൻസെന്നും, ഇന്ദ്രൻസിന്റെ കരിയറിലെ മാറ്റങ്ങൾ തന്നെ അദ്ഭുതപ്പെടുത്താറുണ്ടെന്നും സൂര്യ പറഞ്ഞു. കൂടാതെ ഒരുകാലത്ത് ബോഡി ഷെയ്‌മിങ്ങിലൂടെ മാത്രം സിനിമകളിൽ നിറഞ്ഞുനിന്നിരുന്ന ഒരാൾ പിന്നീട് അവിശ്വസനീയമായ രീതിയിൽ തന്റെ കഥാപാത്രങ്ങളെ മാറ്റിയെടുത്തത് വലിയ പാഠമാണെന്നും സൂര്യ കൂട്ടിച്ചേർത്തു. സൂര്യ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം കറുപ്പിന്റെ ഓഡിയോ ലോഞ്ചിലാണ് ഇന്ദ്രൻസിൻ്റെ അഭിനയ ജീവിതത്തെയും ഇച്‌ഛാശക്തിയെയും പ്രശംസിച്ചുകൊണ്ട് സൂര്യ വൈകാരികമായ പ്രസംഗം നടത്തിയത്.

ഞാൻ ദേശീയ പുരസ്‌കാരം വാങ്ങിയ സമയത്ത് തന്നെ പുരസ്കാരം പങ്കിട്ട വ്യക്‌തിയാണ് ഇന്ദ്രൻസ്. ഇന്ദ്രൻസിന്റെ കരിയറിലെ മാറ്റങ്ങൾ എന്നെ അത്ഭുതപ്പെടുത്താറുണ്ട്. അദ്ദേഹത്തിന്റെ കരിയർ നോക്കുമ്പോൾ എനിക്ക് ആശ്ചര്യം തോന്നാറുണ്ട്. കാരണം ഒരു സമയത്ത് ബോഡി ഷെയ്‌മിങ് ആണ് അദ്ദേഹത്തെ വച്ച് സിനിമകളിൽ ചെയ്തിരുന്നത്, പക്ഷേ ഒറ്റയടിക്ക് അദ്ദേഹം കഥാപാത്രങ്ങളെ മാറ്റി. ഇപ്പോൾ യൂട്യൂബ് എടുത്താൽ ഇന്ദ്രൻസ് മൂവീസ് എന്ന് തിരഞ്ഞു നോക്കിയാൽ ഓരോ പടത്തിലും ഓരോ രീതിയിൽ വരുന്ന ഇന്ദ്രൻസ് സാറിനെ കാണാൻ പറ്റും, ഒരേ ആളാണ് എല്ലാത്തിലും ഉള്ളതെന്ന് അദ്ദേഹത്തെ നേരിൽ കണ്ടാൽ നമ്മൾ വിശ്വസിക്കില്ല.” സൂര്യ പറഞ്ഞു.

“ഒരു തുന്നൽക്കാരൻ ആയും കോസ്‌റ്റ്യൂമർ ആയും ഒക്കെ ആരംഭിച്ചിട്ട് ചെറിയ ചെറിയ റോളുകൾ ചെയ്‌ത ആൾ ഇപ്പോൾ നാഷ്‌നൽ അവാർഡ് വാങ്ങിയ ഒരു ഹീറോ ആയിരിക്കുകയാണ്, അദ്ദേഹം നാലാം ക്ലാസ്സ് വരെയേ പഠിച്ചിട്ടുള്ളു. പക്ഷേ ഇപ്പോൾ തിരികെ പോയി ഏഴാം ക്ലാസ്സിൻ്റെ എക്സാം എഴുതിയിരിക്കുകയാണ്. സ്വപ്‌നങ്ങൾക്ക് പ്രായപരിധി ഇല്ല എന്നുള്ളതിന്റെ ഉദാഹരണമാണ് ഇന്ദ്രൻസ് സർ.” സൂര്യ കൂട്ടിച്ചേർത്തു.

ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം ‘സൂര്യ 45’-ലൂടെ ഇന്ദ്രൻസ് തമിഴ് സിനിമയിലേക്ക് വീണ്ടുമെത്തുകയാണ്. ഇന്ദ്രൻസിന്റെ കരിയറിലെ മറ്റൊരു പ്രധാന നാഴികക്കല്ലായി ഈ ചിത്രം മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൂര്യയുടെയും ഇന്ദ്രൻസിന്റെയും സാന്നിധ്യത്തിൽ ഓഡിയോ ലോഞ്ച് പൂർത്തിയാക്കിയ ‘കറുപ്പ്’ എന്ന സിനിമ 2026 മെയ് 14-ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.