“സെൻസർബോർഡ് അനുമതി നൽകുന്നില്ല”; പ്രദർശനത്തിനൊരുങ്ങാനാവാതെ സഞ്ജയ് ദത്ത് ചിത്രം

','

' ); } ?>

സഞ്ജയ് ദത്ത് കേന്ദ്രകഥാപാത്രമായി എത്തുന്ന ആഖ്‌രി സവാലിന് അനുമതി നൽകാതെ സെൻസർ ബോർഡ്. പുറത്തിറങ്ങാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെയാണ് ചിത്രം സെൻസർ കുരുക്കിൽ പെട്ടിരിക്കുന്നത്. ആർഎസ്എസിൻ്റെ ചരിത്രം പറയുന്ന ചിത്രമാണ് ആഖ്‌രി സവാ.

സാധാരണഗതിയിൽ മൂന്ന് പ്രവൃത്തിദിവസത്തിനുള്ളിൽ ലഭിക്കേണ്ട അനുമതി, നാല് ദിവസം പിന്നിട്ടിട്ടും ലഭിച്ചിട്ടില്ലെന്ന് സിനിമാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. വിവാദങ്ങൾ ഒഴിവാക്കാനായി രണ്ട് തവണ മാറ്റങ്ങൾ വരുത്തി ട്രെയിലർ സമർപ്പിച്ചെങ്കിലും ബോർഡിൻ്റെ ഭാഗത്തുനിന്നും അനുകൂലമായ പ്രതികരണമുണ്ടായിട്ടില്ല.

ട്രെയിലർ സർട്ടിഫിക്കേഷനായി സമർപ്പിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും സെൻസർ ബോർഡിൽ നിന്ന് വ്യക്തമായ മറുപടി ലഭിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 20-നാണ് ചിത്രം ആദ്യമായി ബോർഡിന് മുന്നിൽ സമർപ്പിച്ചത്. ഏപ്രിൽ 27-ന് സിനിമയുടെ സ്ക്രീനിംഗ് നടന്നെങ്കിലും, ട്രെയിലറിനോ സിനിമയ്ക്കോ ഇതുവരെ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടില്ല.

സിനിമയുടെ ഫസ്റ്റ് ലുക്കും ഔദ്യോഗിക ടീസറും നേരത്തെ പുറത്തിറങ്ങിയിരുന്നെങ്കിലും, പ്രധാന ട്രെയിലർ വൈകുന്നത് നിർമാതാക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. സെൻസർ ബോർഡിന്റെ ഭാഗത്തുനിന്നുള്ള ഈ കാലതാമസം സിനിമയുടെ റിലീസ് മാറ്റിവെക്കുന്നതിലേക്ക് നയിക്കുമോ എന്നാണ് നിർമാതാക്കളുടെ ആശങ്കയ്ക്ക് കാരണം. സിനിമയിലെ രാഷ്ട്രീയ ഉള്ളടക്കമാണോ ഈ തടസ്സത്തിന് പിന്നിലെ യഥാർത്ഥ കാരണമെന്ന കാര്യത്തിൽ ബോർഡ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഒരു കോർട്ട് റൂം ഡ്രാമയാണ് ആഖ്‌രി സവാൽ. അഭിജിത് മോഹൻ വാരംഗ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ബാബറി മസ്‌ജിദ് ഉൾപ്പെടെയുള്ള രാഷ്ട്രീയമായി അതീവ പ്രാധാന്യമുള്ളതും സെൻസിറ്റീവുമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. നിഖിൽ നന്ദയും സഞ്ജയ് ദത്തും ചേർന്നാണ് ഈ സിനിമ നിർമിച്ചിരിക്കുന്നത്.