
അമ്മ സംഘടനയിലെ ആഭ്യന്തര തർക്കങ്ങളിലും വിവാദങ്ങളിലും രൂക്ഷവിമർശനവുമായി നടൻ സുധീർ. ടിനി ടോമും അൻസിബയും ഉൾപ്പെടെയുള്ള ഭാരവാഹികൾ പരസ്‌പരം ചെളി വാരിയെറിയുകയാണെന്ന് അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയിലൂടെ കുറ്റപ്പെടുത്തി. ഈ സംഘടനയെ ഒരു കാലത്ത് പൊന്നുപോലെ കൊണ്ടുനടന്നവരും ഇതിനുവേണ്ടി ജീവിതം തന്നെ മാറ്റിവെച്ചവരുമുണ്ടെന്ന് സുധീർ ഓർമ്മിപ്പിച്ചു. എല്ലാവരും ചേർന്ന് എന്തിനാണ് സംഘടനയെ ഇത്തരത്തിൽ നാറ്റിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
സംഘടനയ്ക്കുള്ളിലെ പരസ്യമായ വാക്പോരുകൾ ‘അമ്മ’യുടെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുന്നു എന്ന ആശങ്കയാണ് സുധീർ പങ്കുവെക്കുന്നത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ പരസ്പരം പഴിചാരുന്നത് നിർത്തണമെന്നും സംഘടനയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. താരസംഘടനയിലെ പൊട്ടിത്തെറികൾ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുന്ന പശ്ചാത്തലത്തിലാണ് സുധീറിന്റെ ഈ വൈകാരികമായ പ്രതികരണം.
“എന്തായാലും കൊള്ളാം കേട്ടോ, രാവിലെ എഴുന്നേറ്റ് ഇൻസ്റ്റഗ്രാം തുറന്നപ്പോൾ ടിനി ടോമിൻ്റെ അഭിമുഖം. എൻ്റെ പൊന്നു ടിനി, നിങ്ങളൊരു കലാകാരനല്ലേ, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്. എന്തിനാണ് മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറയുന്നത്. നമുക്കിതൊന്നും അറിയാൻ പാടില്ലാഞ്ഞിട്ടില്ല, നിങ്ങൾ നിങ്ങളുടെ പ്രൊഫഷനിൽ ശ്രദ്ധിക്ക്. അൻസിബയോടും കൂടിയാണ്, നിങ്ങളും നിങ്ങളുടെ കാര്യംനോക്കി ജീവിക്ക്.
‘അമ്മ’ സംഘടനയെ പടുത്തുയർത്തിയ ഒരുപാട് ആളുകളുണ്ട്, നിങ്ങൾ പരസ്പരം ചെളി വാരിയെറിയുമ്പോൾ കൊള്ളുന്നത് അവർക്കാണ്. ഈ സംഘടന പൊന്നുപോലെ കൊണ്ടു നടന്നവരുണ്ട്. ഇതിനു വേണ്ടി സമയവും ജീവനും കളഞ്ഞവരുണ്ട്. അവരുടെയൊക്കെ മുഖത്ത് ചെളി വാരിയെറിയുകയാണ്. കഷ്‌ടം, അത് ഏറ്റുപിടിക്കാൻ മറ്റുചില കോമാളികളും. എന്ത് ആവശ്യത്തിന്. വേറെ എന്തെങ്കിലും പണിക്കുപൊയ്ക്കൂടെ.
‘അമ്മ’യുടെ കൈനീട്ടം കാത്തിരിക്കുന്ന എത്രയോ പേരുണ്ട് സംഘടനയിൽ. കണ്ണിന്റെ ചികിത്സ ചെയ്യുന്നവർ, മറ്റു ചികിത്സ നേടുന്നവർ ഒരുപാട് പേരുണ്ട്. എന്തിനാണ് സംഘടനയെ ഇങ്ങനെ നാറ്റിക്കുന്നത്. ഇതൊക്കെ പറയാൻ എനിക്കൊരു പേടിയുമില്ല.”-സുധീറിൻ്റെ വാക്കുകൾ.
താരസംഘടനയായ ‘അമ്മ’യിൽ കൂടുതൽ അംഗങ്ങൾ പരസ്യപ്രതികരണവുമായി രംഗത്തുവന്നതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെക്കാൻ കാരണം നടൻ ടിനി ടോമും മറ്റും നടത്തിയ അപവാദ പ്രചാരണങ്ങളാണെന്ന അൻസിബ ഹസ്സൻ്റെ ആരോപണത്തിനു പിന്നാലെയാണ് കൂടുതൽപ്പേർ അനുകൂലിച്ചും എതിർത്തും രംഗത്തുവന്നത്. അമ്മയുടെ നേതൃസ്ഥാനത്ത് മാറ്റമുണ്ടാകണമെന്ന ആവശ്യംവരെ അംഗങ്ങൾ ഉന്നയിച്ചു. ജൂൺ 21-ൻ്റെ വാർഷിക പൊതുയോഗത്തിനുമുൻപ് പ്രശ്‌നങ്ങൾ പരിഹരിക്കാനാണു ശ്രമം.