
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് പിരിയഡ് ഗ്യാങ്സ്റ്റർ ചിത്രം ‘ടോക്സിക്കി’ലെ താരങ്ങളുടെ പ്രതിഫലവിവരങ്ങൾ പുറത്ത്. ചിത്രത്തിലെ നായകനായ തെന്നിന്ത്യൻ സൂപ്പർതാരം യഷ് 50 കോടി രൂപയാണ് പ്രതിഫലമായി കൈപ്പറ്റുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ ഇരട്ട വേഷത്തിലെത്തുന്ന താരം അഭിനയത്തിന് പുറമെ ‘ടോക്സിക്കി’ന്റെ സഹനിർമ്മാതാവും ഗീതു മോഹൻദാസിനൊപ്പം സഹതിരക്കഥാകൃത്തുമാണ്.
യഷിനൊപ്പം വൻ നായികാ നിര തന്നെയണിനിരക്കുന്ന ചിത്രത്തിൽ നായികമാരിൽ ഉയർന്ന തുക ഈടാക്കുന്നത് നയൻതാരയാണ്. 12 കോടി മുതൽ 18 കോടി രൂപ വരെയാണ് നയൻതാരയുടെ പ്രതിഫലം. ബോളിവുഡ് താരം കിയാര അദ്വാനി 15 കോടി രൂപ വാങ്ങുമ്പോൾ, മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രുക്മിണി വസന്തിനും ഹുമ ഖുറേഷിക്കും അഞ്ച് കോടി രൂപ വീതവും താര സുതാര്യയ്ക്ക് മൂന്ന് കോടി രൂപയുമാണ് പ്രതിഫലമായി ലഭിക്കുന്നത്.
ഓഗസ്റ്റ് 26-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചിരിക്കുന്നത്. യഷിന്റെ കരിയറിലെ 19-ാം ചിത്രമായ ‘ടോക്സിക്’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ മൊഴിമാറ്റിയും പ്രദർശനത്തിനെത്തും. നിവിൻ പോളിയെ നായകനാക്കി 2019-ൽ ഒരുക്കിയ ‘മൂത്തോന്’ ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം സാങ്കേതിക മികവോടെ വൻ ആഗോള റിലീസായാണ് അണിയറയിൽ ഒരുങ്ങുന്നത്.