രാമായണത്തിന്റെ പ്രമോ ചടങ്ങിൽ കറുത്ത കണ്ണട ധരിച്ചു; മാപ്പ് പറഞ്ഞ് രൺബീർ കപൂർ

','

' ); } ?>

ഭാരതത്തിന്റെ ഇതിഹാസ കാവ്യം ബിഗ് സ്ക്രീനിലെത്തിക്കുന്ന ‘രാമായണം’ സിനിമയുടെ പ്രമോ ചടങ്ങിൽ മുൻ തലമുറയിലെ ‘ശ്രീരാമന്’ ആദരവറിയിച്ച് ബോളിവുഡ് താരം രൺബീർ കപൂർ. രാമാനന്ദ് സാഗറിന്റെ പ്രശസ്തമായ ദൂരദർശൻ രാമായണ പരമ്പരയിൽ ശ്രീരാമനായി വേഷമിട്ട് ജനമനസ്സുകളിൽ ഇടം നേടിയ അരുൺ ഗോവിലിനോടാണ്, പുതിയ ചിത്രത്തിൽ ശ്രീരാമനെ അവതരിപ്പിക്കുന്ന രൺബീർ വേദിയിൽ വെച്ച് ആദരവ് പ്രകടിപ്പിച്ചത്. പുതിയ ചിത്രത്തിൽ ദശരഥ മഹാരാജാവായാണ് അരുൺ ഗോവിൽ എത്തുന്നത്.

ന്യൂഡൽഹിയിൽ നടന്ന ‘പ്രഥം സങ്കൽപ്’ ചടങ്ങിലാണ് ആരാധകരുടെയും കാണികളുടെയും മനംകവർന്ന ഈ വൈകാരിക നിമിഷം അരങ്ങേറിയത്. കണ്ണിലെ അണുബാധ മൂലം കറുത്ത കണ്ണട ധരിച്ചെത്തിയ രൺബീർ, വേദിയിൽ വെച്ച് ആരാധകരോട് ഇതിന് ക്ഷമ ചോദിച്ചാണ് സംസാരം തുടങ്ങിയത്. “എന്റെ കണ്ണുകളിൽ നേരിയ ഇൻഫെക്ഷൻ ഉണ്ടെങ്കിലും ഈ ശുഭാവസരത്തിൽ മനസ്സിൽ എല്ലാവരോടും ‘അഫെക്ഷൻ’ മാത്രമാണുള്ളത്,” എന്ന താരത്തിന്റെ വാക്കുകൾ വലിയ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.

തുടർന്ന് അരുൺ ഗോവിലിനെ അഭിസംബോധന ചെയ്ത് സംസാരിച്ച രൺബീർ, വർഷങ്ങളായി അദ്ദേഹം ആ കഥാപാത്രത്തെ നൽകിയ അന്തസ്സും ആത്മാർഥതയും എടുത്തുപറഞ്ഞു. രാമാനന്ദ് സാഗറിന്റെ രാമായണം കണ്ടിട്ടുള്ള ഏതൊരാളും അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്നും, അരുൺ ഗോവിൽ ചെയ്തതിന്റെ ചെറിയൊരു ശതമാനമെങ്കിലും സ്ക്രീനിൽ പ്രതിഫലിപ്പിക്കാൻ സാധിച്ചാൽ തന്റെ കഠിനാധ്വാനം സഫലമായെന്ന് കരുതുമെന്നും രൺബീർ പറഞ്ഞു. കുട്ടിക്കാലം മുതൽക്കേ ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹവും അരുൺ ഗോവിലിന്റെ മുഖവും ഹൃദയത്തിൽ സൂക്ഷിച്ചാണ് താൻ വളർന്നതെന്നും താരം കൂട്ടിച്ചേർത്തു.

നിതേഷ് തിവാരി സംവിധാനം ചെയ്യുകയും നമിത് മൽഹോത്ര നിർമ്മിക്കുകയും ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ ‘രാമായണ’ത്തിന്റെ ഔദ്യോഗിക ട്രെയിലർ 2026 ജൂലൈ 24-ന് പുറത്തിറങ്ങും. ‘രാമായണം: പാർട്ട് 1’ 2026 ദീപാവലി റിലീസായി തിയറ്ററുകളിലെത്തും.