“സമാധാനം ഞാൻ സ്വയം കണ്ടെത്തി, ഇനി ആരുടെയും അനുമതി ആവശ്യമില്ല”; ആരാധകരെ ആശങ്കയിലാക്കി അനുപമയുടെ പുതിയ പോസ്റ്റ്

','

' ); } ?>

നടി അനുപമ പരമേശ്വരൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വൈകാരികമായ കുറിപ്പാണ് ഇപ്പോൾ സിനിമാ ലോകത്തും ആരാധകർക്കിടയിലും വലിയ ചർച്ചയാകുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇൻസ്റ്റഗ്രാമിൽ സജീവമായ താരം, താൻ സമാധാനം സ്വയം കണ്ടെത്തിയെന്നും ഇനി ഒരു പോസ്റ്റ് പങ്കുവയ്ക്കാൻ ആരുടെയും അനുമതിയോ ഭയമോ ആവശ്യമില്ലെന്നും തുറന്നെഴുതിയിരിക്കുകയാണ്. ജീവിതത്തിൽ പ്രണയം തകർന്നതാണോ അതോ മറ്റെന്തെങ്കിലും വ്യക്തിപരമായ പ്രതിസന്ധികളാണോ താരത്തെ ഇത്തരം ഒരു തീരുമാനത്തിലേക്ക് നയിച്ചതെന്ന ആശങ്കയിലാണ് ആരാധകർ.

വഴിമുട്ടിയ ഇടങ്ങളെല്ലാം ഉപേക്ഷിച്ചാണ് താൻ സമാധാനം കണ്ടെത്തിയതെന്ന് അനുപമ കുറിക്കുന്നു. ഇനിമുതൽ സ്വന്തം ശബ്ദവും ജീവിതവും താൻ തന്നെ തിരഞ്ഞെടുക്കുകയാണെന്നും, ആരുടെയും അനുവാദങ്ങൾക്കായി കാത്തുനിൽക്കാതെ ഭയമില്ലാതെ ജീവിക്കുമെന്നും താരം വ്യക്തമാക്കി. ഒരുപാട് കാലമായി പറയാൻ അനുവാദമില്ലാതിരുന്ന കാര്യങ്ങളാണ് ഇപ്പോൾ തുറന്നുപറയുന്നതെന്നും, പ്രതിസന്ധികളിൽ ഒപ്പം നിന്നവർക്കും പ്രാർഥിച്ചവർക്കും നന്ദി അറിയിക്കുന്നതായും അനുപമ പോസ്റ്റിൽ പറയുന്നുണ്ട്. ഇതിനുപിന്നാലെ തന്റെ ചിത്രങ്ങൾ പങ്കുവച്ച താരം, ഫോട്ടോകളുടെ തിരഞ്ഞെടുപ്പിനും അടിക്കുറിപ്പുകൾക്കും ഇനി മറ്റൊരാളെ ആശ്രയിക്കേണ്ടതില്ലാത്തതിനാൽ പോസ്റ്റ് ചെയ്യുന്നത് കൂടുതൽ രസകരമാണെന്നും കൂട്ടിച്ചേർത്തു.

“ചിലപ്പോഴൊക്കെ സമാധാനം കണ്ടെത്താൻ, വഴിമുട്ടിയ ഇടങ്ങളെല്ലാം ഉപേക്ഷിക്കേണ്ടി വരും. ഇന്ന്, സമാധാനം എന്നെ തേടിയെത്തി. ഇന്നുമുതൽ, ഞാൻ എന്റെ ശബ്ദം തിരഞ്ഞെടുക്കുന്നു. എൻ്റെ ജീവിതം തിരഞ്ഞെടുക്കുന്നു. ഇനി ആരുടെയും അനുവാദങ്ങളില്ല, ഇനി ഭയമില്ല. ഞാൻ മാത്രം, എന്നിലേക്ക് തിരികെ വരുന്നു, എൻ്റേതാണെന്ന് ഞാൻ മറന്നുപോയ ജീവിതത്തോട് വീണ്ടും പ്രണയത്തിലായിക്കൊണ്ട്.

ഒരുപാട് കാലമായി ഞാൻ പറയാൻ ആഗ്രഹിച്ച ഒരു കാര്യമുണ്ട്… ഒരുപാട് കാലം എനിക്ക് പറയാൻ അനുവാദമില്ലാതിരുന്ന ഒരു കാര്യം. നിങ്ങളെല്ലാവരെയും ഞാൻ സ്നേഹിക്കുന്നു. എന്നോടൊപ്പം നിന്നതിന്, എന്നിൽ വിശ്വസിച്ചതിന്, എന്റെ ജീവിതം ഇത്രയധികം സ്നേഹം കൊണ്ട് നിറച്ചതിന് നന്ദി. ഇത് ഞാൻ മുമ്പ് വേണ്ടത്ര പറഞ്ഞിട്ടില്ലെങ്കിലും, അത് എപ്പോഴും എൻ്റെ ഉള്ളിൽ അറിഞ്ഞിരുന്നു എന്ന് നിങ്ങൾ മനസ്സിലാക്കണം. ഓരോ സന്ദേശവും, ഓരോ പ്രാർഥനയും, ഓരോ തരി സ്നേഹവും എനിക്കേറ്റവും ആവശ്യമുള്ളപ്പോൾ എന്നിലേക്ക് എത്തി.

പ്രപഞ്ചമേ, എന്നെ എന്നിലേക്ക് തന്നെ തിരികെ എത്തിച്ചതിന് നന്ദി.സൗഖ്യത്തിനായി! സ്വാതന്ത്യ്രത്തിനായി! എന്നെ ഞാൻ തിരഞ്ഞെടുത്തതിനായി! ഒടുവിൽ, പൂർണമായി, യാതൊരു സങ്കോചവുമില്ലാതെ എന്റേതായ ഒരു ജീവിതത്തിനായി!”-അനുപമയുടെ വാക്കുകൾ

മൃണാൾ ഠാക്കൂർ, പേർളി മാണി, രജിഷ വിജയൻ, രുക്‌മിണി വസന്ത് തുടങ്ങി നിരവധി പ്രമുഖർ അനുപമയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് അനുപമ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവയ്ക്കുന്നത്. നടൻ ധ്രുവ് വിക്രമുമായി അനുപമ പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ മുൻപ് പുറത്തുവന്നിരുന്നു. ധ്രുവിനെ അനുപമ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതാണ് ഈ ബന്ധത്തിൽ വിള്ളലുകൾ വീണോ എന്ന സംശയം ആരാധകരിൽ ശക്തമാക്കുന്നത്. തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിയായ അനുപമ ‘പ്രേമം’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. തുടർന്ന് തെലുങ്കിൽ സജീവമായ താരം ‘പെറ്റ് ഡിറ്റക്ടീവ്’, ധ്രുവ് വിക്രമിനൊപ്പമുള്ള ‘ബൈസൺ’ എന്നീ ചിത്രങ്ങളിലാണ് ഒടുവിൽ വേഷമിട്ടത്.