
2023-ൽ തമിഴ് സിനിമയിൽ വൻ വിജയമായിരുന്നു രജനികാന്ത് ചിത്രമായ ‘ജയിലർ’. പ്രേക്ഷകരുടെയും നിരൂപകരുടെയും മികച്ച പ്രതികരണങ്ങൾ നേടി, ബോക്സ് ഓഫീസിൽ റെക്കോഡുകൾ തകർത്ത ഈ സിനിമയുടെ രണ്ടാം ഭാഗം ഇപ്പോൾ ചിത്രീകരണത്തിൽ തുടരുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം ‘ജയിലർ 2’ന്റെ അട്ടപ്പാടി ഷെഡ്യൂൾ പൂർത്തിയായി, ഇനി സിനിമയുടെ ലൊക്കേഷൻ കോഴിക്കോട് ആകുമെന്നാണ് സൂചന. മെയ് 9 മുതൽ തുടങ്ങുന്ന ചിത്രീകരണം ഏകദേശം 20 ദിവസം നീളുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതിനിടെ, സംവിധായകൻ നെൽസൺ ‘ഹൃദയപൂർവ്വം’ എന്ന മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രത്തിന്റെ സെറ്റിൽ എത്തിയതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ‘ജയിലർ 2’ൽ മോഹൻലാൽ വീണ്ടും പ്രത്യക്ഷപ്പെടുമോ എന്ന കാര്യത്തിൽ ചർച്ചകൾ നടന്നതായാണ് റിപ്പോർട്ടുകൾ. ഒന്നാം ഭാഗത്തിൽ മാത്യുവായി അഭിനയിച്ച മോഹൻലാൽ രണ്ടാം ഭാഗത്തും എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
കൂടാതെ, തെലുങ്ക് സൂപ്പർസ്റ്റാർ നന്ദമുരി ബാലകൃഷ്ണയും ‘ജയിലർ 2’യിൽ കാമിയോ വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രീകരണത്തിനായി ബാലകൃഷ്ണ ഒരു ആഴ്ച സമയം അനുവദിച്ചിട്ടുണ്ടെന്നും, ഉടൻ തന്നെ സെറ്റിൽ ജോയിൻ ചെയ്യുമെന്നുമാണ് സൂചന.
2024 ജനുവരിയിലായിരുന്നു ‘ജയിലർ 2’ന്റെ ഔദ്യോഗിക പ്രഖ്യാപനം. ഒരു പ്രൊമോ വീഡിയോയിലൂടെയായിരുന്നു പ്രഖ്യാപനം. തുടർന്ന് മാർച്ചിൽ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഒന്നാം ഭാഗത്തേതുപോലെ അനിരുദ്ധ് തന്നെ ആണ്. ചിത്രം നിർമിക്കുന്നത് സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ്.