തെലുങ്കു ‘ലൂസിഫര്‍’; സ്റ്റീഫന്റെ പ്രണയിനിയായി നയന്‍താര

മലയാളത്തില്‍ 200 കോടിക്ക് മുകളില്‍ ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് പ്രീ പ്രൊഡക്ഷന്‍ തുടങ്ങി. തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജ(ജയം രാജ)യാണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്ക് ലൂസിഫര്‍ ഒരുക്കുന്നത്. തിരക്കഥയില്‍ ചിരഞ്ജീവി തൃപ്തനല്ലാത്തതിനാല്‍ റീമേക്ക് ഉപേക്ഷിക്കുന്നതായി മേയ് അവസാനവാരം തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ പ്രചരണം അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കിക്കൊണ്ട് സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ സ്റ്റില്ലുകള്‍ പുറത്തുവന്നു. ‘ചിരു 153’ ആയി ഒരുങ്ങുന്ന സിനിമയുടെ മ്യൂസിക് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. എസ് തമന്‍ ആണ് സംഗീത സംവിധാനം.

മെഗാസ്റ്റാറിനോടുള്ള സ്നേഹം വെളിവാക്കുന്ന സൂപ്പര്‍ ഹൈ മ്യൂസിക് ആയിരിക്കും സിനിമയിലേതെന്ന് മോഹന്‍രാജ ട്വീറ്റ് ചെയ്തു. പൃഥ്വിരാജ് സുകുരമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ തെലുങ്ക് റീമേക്കിലെത്തുമ്പോള്‍ നിരവധി മാറ്റങ്ങളുണ്ട്. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയായി തെലുങ്കില്‍ ചിരഞ്ജീവി വരുമ്പോള്‍ കഥാപാത്രത്തിന്റെ ഭൂതകാലം മലയാളത്തില്‍ നിന്ന് വ്യത്യസ്ഥമാണന്നും റിപ്പോര്‍ട്ടുകളുണ്ട്. നായകകഥാപാത്രത്തിന്റെ പ്രണയിനിയായി നയന്‍താരയും സിനിമയിലുണ്ടാകും.

ഖുറേഷി അബ്രാം എന്ന ഡോണ്‍ ആയി ഇന്ത്യക്ക് പുറത്തും കേരളത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും വിലസുന്ന നായകനെയാണ് മോഹന്‍ലാല്‍ മലയാളത്തില്‍ അവതരിപ്പിച്ചത്. മലയാളത്തില്‍ മാസ് പൊളിറ്റിക്കല്‍ ത്രില്ലറായിരുന്നുവെങ്കില്‍ തെലുങ്കില്‍ റൊമാന്റിക് ട്രാക്കിലൂടെയും സ്റ്റീഫന്‍ സഞ്ചരിക്കും. മുരളി ഗോപിയാണ് ലൂസിഫറിന്റെ തിരക്കഥാകൃത്ത്.

2019 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ലൂസിഫര്‍. ആന്റണി പെരുമ്പാവൂര്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന സവിശേഷതയും ഇതിനുണ്ട്. കൂടാതെ പൃഥ്വിരാജ് സുകുമാരന്‍, വിവേക് ഒബ്‌റോയ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.തിരുവനന്തപുരം , എറണാകുളം , കൊല്ലം , ലക്ഷദ്വീപ് , മുംബൈ , ബാംഗ്ലൂര്‍ , റഷ്യ എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. 2018 ഡിസംബര്‍ 13 ന് ആദ്യ ടീസര്‍ പുറത്തിറങ്ങി. 2019 മാര്‍ച്ച് 20 രാത്രി 9 മണിയ്ക്ക് ഈ ചിത്രത്തിന്റ്റെ ട്രെയിലര്‍ പുറത്തിറങ്ങി. 2019 മാര്‍ച്ച് 28 ന് ലൂസിഫര്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തു. ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ ഉണ്ടാകുമെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നു.