സി ശങ്കരൻ നായരുടെ ജീവിതം സിനിമയാകുന്നു

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായിരുന്ന സി ശങ്കരന്‍ നായരുടെ ജീവിതം സിനിമയാകുന്നു. കരണ്‍ സിംഗ് ത്യാഗിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ ട്വിറ്ററിലൂടെയാണ് ചിത്രത്തെക്കുറിച്ച് അറിയിച്ചത്.

ജാലിയന്‍വാല ബാഗ് കൂട്ടക്കൊലയുടെ കാരണക്കാര്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനായി സി ശങ്കരന്‍ നായര്‍ നടത്തിയ പോരാട്ടമാണ് ചിത്രഷന്റെ കഥ. സി ശങ്കരന്‍ നായരുടെ കൊച്ചുമക്കളായ രഘു പാലാട്ടും പുഷ്പ പാലാട്ടും ചേര്‍ന്ന് എഴുതിയ ദ ഷേക്ക് ദാറ്റ് ഷൂക്ക് ദ എംപയര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ.സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങും. സിനിമയിലെ അഭിനേതാക്കളെയോ മറ്റ് കാര്യങ്ങളോ പ്രഖ്യാപിച്ചിട്ടില്ല. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍ ഹൗസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പാലക്കാട് ജില്ലയിലെ മങ്കരയിലെ ചേറ്റൂര്‍ തറവാട്ടില്‍ 1857 ജൂലായ് 15-ന് ശങ്കരന്‍ നായര്‍ ജനിച്ചു. മന്മയില്‍ രാമുണ്ണിപ്പണിക്കരും ചേറ്റൂര്‍ പാര്‍വ്വതിയമ്മയുമായിരുന്നു മാതാപിതാക്കള്‍. കോഴിക്കോട്ടും മദ്രാസിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയക്കി. 1879-ല്‍ നിയമബിരുദം നേടി അഭിഭാഷകനായ അദ്ദേഹം പിന്നീട് മുന്‍സിഫ് ആയും ജോലി നോക്കി. മദ്രാസ് സര്‍ക്കാരിന്റെ മലബാര്‍ അന്വേഷണ കമ്മിറ്റിയംഗം, മദ്രാസ് നിയമസഭാംഗം, മദ്രാസ് ഹൈക്കോടതി ജഡ്ജി, ഇന്‍ഡ്യന്‍ യൂണിവേഴ്‌സിറ്റി കമ്മീഷന്‍ അംഗം, സൈമണ്‍ കമ്മീഷനുമായി സഹകരിക്കാനുള്ള ഇന്‍ഡ്യന്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍, തുടങ്ങിയ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. 1904-ല്‍ കമാന്‍ഡര്‍ ഓഫ് ഇന്‍ഡ്യന്‍ എമ്പയര്‍ എന്ന ബഹുമതി അദ്ദേഹത്തിനു നല്‍കിയ ബ്രിട്ടീഷ് സര്‍ക്കാര്‍ 1912-ല്‍ സര്‍ പദവിയും നല്‍കി.

1897ല്‍ അമരാവതിയില്‍ വെച്ചു കൂടിയ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ശങ്കരന്‍ നായര്‍ ആ പദവിയിലെത്തുന്ന ഏക മലയാളിയാണ്.വിദേശ മേധാവിത്വത്തെ ഏറ്റവും അധികം വിമര്‍ശിക്കുകയും ഇന്‍ഡ്യക്ക് പുത്രികാരാജ്യ പദവിയോടുകൂടി സ്വയം ഭരണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. 1919-ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെ തുടര്‍ന്ന് ആ ദേശസ്‌നേഹി വൈസ്രോയിയുടെ എക്‌സിക്യൂട്ടിവ് കൌണ്‍സിലില്‍ നിന്നു രാജി വച്ചു. ജാലിയന്‍വാലാബാഗ് സംഭവത്തിന്റെ ഉത്തരവാദിയായ ജനറല്‍ മൈക്കിള്‍ ഡയറിനെതിരെയും, ക്രൂരമായ മാര്‍ഷല്‍ നിയമത്തിനെതിരെയും സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഇംഗ്ലണ്ടില്‍ ചെന്ന് കേസ് വാദിക്കുകയുണ്ടായി.ധ1പ ഗാന്ധി യുഗത്തിന്റെ ആരംഭത്തോടെ അദ്ദേഹം കോണ്‍ഗ്രസില്‍ നിന്നും അകന്നു. ഗാന്ധിജിയുടെ നിലപാടുകളോട്,പ്രത്യേകിച്ച് നിസ്സഹകരണപ്രസ്ഥാനങ്ങളെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. സൈമണ്‍ കമ്മീഷനു മുന്‍പില്‍ ഭാരതത്തിന്റെ പുത്രികാരാജ്യപദവിക്കു വേണ്ടി ശക്തമായി വാദിച്ച അദ്ദേഹം അതു സംബന്ധിച്ച വൈസ്രോയിയുടെ പ്രഖ്യാപനം വന്നതോടെ സജീവരാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചു. 1934 ഏപ്രില്‍ 22-ന് വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് അദ്ദേഹം അന്തരിച്ചു.