ഭ്രമരം മുതല്‍ ലൂസിഫര്‍വരെ…മുരളി ഗോപിയുടെ വൈകിയെത്തിയ 10 ഇയര്‍ ചലഞ്ച്

‘വൈകിയാണെങ്കിലും 10 ഇയര്‍ ചലഞ്ച് ഏറ്റെടുക്കുന്നു എന്ന വാക്കുകളോടെ മുരളി ഗോപി ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന രണ്ടു ചിത്രങ്ങളാണ് മുരളി ഗോപി പങ്കുവെച്ചിരിക്കുന്നത്. രണ്ട് ചിത്രങ്ങളും തമ്മില്‍ 10 വര്‍ഷത്തെ വ്യത്യാസമുണ്ട്, ആദ്യചിത്രം 2009 ല്‍ ‘ഭ്രമരം’ സിനിമയുടെ ചിത്രീകരണ സമയത്ത് എടുത്തതാണ്. രണ്ടാമത്തേത് അടുത്തിടെ ‘ലൂസിഫറി’ന്റെ ലൊക്കേഷനില്‍ വച്ച് എടുത്തതും. ‘വൈകിയാണെങ്കിലും 10 ഇയര്‍ ചലഞ്ച് ഏറ്റെടുക്കുന്നു. ഇദ്ദേഹത്തിന് ഒപ്പം അഭിനയിക്കാനും ഇദ്ദേഹത്തിന് വേണ്ടി എഴുതാനും ഭാഗ്യം ഉണ്ടായതില്‍ അഭിമാനം. ഇതിഹാസത്തിനൊപ്പം…ഭ്രമരത്തിന് വേണ്ടിയും ലൂസിഫറിന് വേണ്ടിയും’എന്നാണ് മുരളി ഗോപി ചിത്രത്തിന് താഴെ കുറിച്ചത്. ‘ഭ്രമര’ത്തിലും ‘ലൂസിഫറി’ലും മോഹന്‍ലാലിനു വേണ്ടി തിരക്കഥയൊരുക്കിയ മുരളി ഗോപി ‘ഭ്രമര’ത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുകയും ചെയ്തിരുന്നു.