കാപ്പ മോഷന്‍ പോസ്റ്ററുമായി മമ്മൂട്ടിയും മോഹന്‍ലാലും

സംവിധായകന്‍ വേണുവിന്റെ പുതിയ ചിത്രമായ കാപ്പയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്ത മമ്മൂട്ടിയും മോഹന്‍ലാലും. ഇന്നലെ പൃഥ്വിരാജ് മലയാളത്തിന്റെ ‘ബിഗ് എംസ്’ ഒരു പ്രഖ്യാപനം നടത്തുമെന്ന് അറിയിച്ചിരുന്നു. കേളത്തിലെ ഗുണ്ട ആക്റ്റായ കാപ്പയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മോഷന്‍ പോസ്റ്ററില്‍ നന്ദു നല്‍കിയ വോയിസോവറില്‍ സിനിമയുടെ ഇതിവൃത്തത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.

ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ആസിഫ് അലി, അന്ന ബെന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. പൃഥ്വിരാജ് ഗുണ്ടയാണെന്ന് മോഷന്‍ പോസ്റ്ററില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ മറ്റ് മൂന്ന് താരങ്ങളുടെയും കഥാപാത്രങ്ങളെ കുറിച്ച് വലിയ വ്യക്തതൊന്നും മോഷന്‍ പോസ്റ്റര്‍ നല്‍കുന്നില്ല. തിരുവനന്തപുരം കേന്ദ്രീകൃതമായാണ് ചിത്രത്തിന്റെ കഥ നടക്കുന്നതെന്നും മോഷന്‍ പോസ്റ്ററില്‍ നിന്ന് മനസിലാക്കാം.

ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ കീഴില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ജി ആര്‍ ഇന്ദു ഗോപനാണ് നിര്‍വ്വഹിക്കുന്നത്. കാപ്പ ജി ആര്‍ ഇന്ദുഗോപന്റെ ശഘ്മുഖി എന്ന കഥയെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. കാപ്പ ഒരു ബിഗ് ബജറ്റ് ചിത്രമാവാനാണ് സാധ്യതയെന്നാണ് സൂചന. സാനു ജോണ്‍ വര്‍ഗീസാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. എങ്കിലും കൊവിഡ് സാഹചര്യം കണക്കിലെടുത്തായിരിക്കും ഷൂട്ടിങ്ങ് ആരംഭിക്കുക. വേണു സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. പാര്‍വതി തിരുവോത്തും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളായ രാച്ചിയമ്മയാണ് വേണു അവസാനമായി സംവിധാനം ചെയ്തത്. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു ആണും പെണ്ണും എന്ന ആന്തോളജി റിലീസ് ചെയ്തത്.