ആന്‍ അഗസ്റ്റിന്‍ സിനിമ നിര്‍മാണ രംഗത്തേയ്ക്ക്

ചലച്ചിത്ര താരം ആന്‍ അഗസ്റ്റിന്‍ സിനിമ നിര്‍മാണ രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നു. മീരാമാര്‍ ഫിലിംസ് ബാനറുമായി സഹകരിച്ച് താന്‍ സിനിമ നിര്‍മാണരംഗത്തേക്ക് ആദ്യ ചുവടുകള്‍ വയ്ക്കുകയാണ് സമൂഹമാധ്യമങ്ങളിലൂടെ താരം അറിയിച്ചു.അഭിനയരംഗത്തും സജീവമാകാന്‍ ഒരുങ്ങുകയാണെന്നും താരം പറഞ്ഞു.

‘ഞാനും ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ആദ്യ ചുവടുകള്‍ വെയ്ക്കുന്നു. ഒരു നടി എന്ന നിലയില്‍ ഞാന്‍ എന്റെ വേരുകളിലേക്കും പരിചിതമായ സ്ഥലങ്ങളിലേക്കും മടങ്ങുന്നു. ഒരിക്കല്‍ കൂടി ആരംഭിക്കുന്നത് എളുപ്പമല്ല. എന്നോടൊപ്പം ഉണ്ടായിരുന്നതിനും സ്നേഹം, പിന്തുണ, പ്രാര്‍ത്ഥനകള്‍, അനുഗ്രഹങ്ങള്‍ എന്നിവയാല്‍ എന്നെ അനുഗ്രഹിച്ചതിനും ദൈവകൃപയ്ക്കും നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.’- ആന്‍ കുറിച്ചു.

ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആന്‍ ചലച്ചിത്ര രംഗത്തെത്തിയത്.2010 സെപ്റ്റംബറിലാണ് ചിത്രം റിലീസ് ആയത്.നായികാപ്രാധാന്യമുള്ള ഒരു ചിത്രമായിരുന്നു എല്‍സമ്മ എന്ന ആണ്‍കുട്ടി.കുഞ്ചാക്കോ ബോബന്‍ ആണ് ചിത്രത്തില്‍ നായകനായെത്തിയത്. മലയാളചലച്ചിത്രനടനായ അഗസ്റ്റിന്റെ മകളാണ് ആന്‍.അര്‍ജുനന്‍ സാക്ഷി,ത്രീ കിംഗ്സ്,ഓര്‍ഡിനറി,വാദ്ധ്യാര്‍,ഫ്രൈഡേ,പോപ്പിന്‍സ്,ടാ തടിയാ,ആര്‍ടിസ്റ്റ് തുടങ്ങിയ ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.ചുരുക്കം ചില ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയനായികയായി മാറിയ താരമാണ് ആന്‍ അഗസ്റ്റിന്‍.2013 ല്‍ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം നേടി.ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിന് മികച്ച നടിക്കുളള പുരസ്‌കാരം ലഭിച്ചത്.

ശ്യാമ പ്രസാദിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആര്‍ട്ടിസ്റ്റ്. ആന്‍ അഗസ്റ്റിന്‍,ഫഹദ് ഫാസില്‍,സിദ്ധാര്‍ഥ് ശിവ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.2015 ല്‍ നീന എന്ന ചിത്രത്തിലെ നായിക വേഷത്തിനു ശേഷം ആന്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. 2014 ലായിരുന്നു ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണുമായുള്ള വിവാഹം. ഇവര്‍ വിവാഹമോചിതരായി എന്ന വാര്‍ത്ത അടുത്തിടെയാണ് പുറത്തുവന്നത്.