“ടിനി ടോം വർഗീയവാദിയാണെന്ന് പറയുന്നത് മഹാമണ്ടത്തരം”; ജോയ് മാത്യു

','

' ); } ?>

താരസംഘടനയായ ‘അമ്മ’യിൽ എക്സിക്യൂട്ടീവ് അംഗം അൻസിബ ഹസന്റെ രാജിയെത്തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. സഹപ്രവർത്തകനായ ടിനി ടോം വർഗീയവാദിയാണെന്ന് പറയുന്നത് മഹാമണ്ടത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. ടിനി ടോം തന്നെ ‘ജിഹാദി’ എന്ന് വിളിച്ചുവെന്ന അൻസിബയുടെ ആരോപണം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ടിനി ടോം അങ്ങനെയൊരു വ്യക്തിയല്ലെന്നും ജോയ് മാത്യു വ്യക്തമാക്കി. മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നിലവിൽ സംഘടനയിൽ കാര്യങ്ങൾ നടക്കുന്നത് വളരെ അപക്വമായ രീതിയിലാണെന്നും ജോയ് മാത്യു വിമർശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അമ്മ സംഘടനയിലുണ്ടായ ആഭ്യന്തര തർക്കങ്ങളും കൂട്ടരാജിയും വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും അൻസിബ ഹസൻ രാജിവെച്ചതും ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതും. എന്നാൽ ഈ ആരോപണങ്ങളെ പൂർണ്ണമായും തള്ളുന്ന നിലപാടാണ് ജോയ് മാത്യു സ്വീകരിച്ചിരിക്കുന്നത്.

‘തിരിച്ചും മറിച്ചുമുള്ള ആരോപണങ്ങളാണ് ‘അമ്മ’യിലെ ഇപ്പോഴത്തെ പ്രശനം. അതിൽ വസ്‌തുതയുണ്ടോയെന്ന് അറിയില്ല. ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം ഇവർക്ക് നേരിട്ട് പോലീസിൽ പരാതി നൽകിയാൽ പോരേ? എന്തിനാണ് മാധ്യമങ്ങളുടെ മുന്നിൽവന്ന് പറയുന്നത്? എനിക്ക് സംഘടനയോടുള്ള താത്പര്യം നശിച്ചുതുടങ്ങി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണെങ്കിലും ഞാൻ ദീർഘാവധിയിലാണ്. എനിക്ക് വയ്യ.’ ജോയ് മാത്യു പറഞ്ഞു.

‘അപക്വമായാണ് സംഘടനയിൽ കാര്യങ്ങൾ നടത്തുന്നത്. അച്ചടക്കമില്ല. യോഗങ്ങളിൽപ്പോലും അച്ചടക്കം പാലിക്കുന്നില്ല. വാദിച്ച് ജയിക്കുന്നതാണ് വലിയ കാര്യം എന്നാണ് ധാരണ. വാദിച്ചു ജയിക്കുകയല്ല, കാര്യങ്ങൾ പറഞ്ഞു മനസിലാക്കിക്കുകയാണ് വേണ്ടത്. മാധ്യമങ്ങൾ വഴിയുള്ള വിവാദങ്ങളെ അറിയുള്ളൂ. ഭാരവാഹികൾ ഒന്നും നേരിട്ട് പറയുന്നില്ല.

ടിനി ടോം വർഗീയവാദിയാണെന്നാണ് അൻസിബ പറയുന്നത്. അതൊക്കെ മഹാമണ്ടത്തരമാണ്. അവൻ്റെ വർഗം ഏതാണെന്ന് ടിനി ടോമിന് അറിയില്ല. കലാകാരന്മാരിൽ വർഗീയത വളരെക്കുറവാണ്. സിനിമയിലോ നാടകത്തിലോ എഴുത്തുകാരിലോ ഒരു വർഗീയവാദിയേയോ കൊലപാതകിയേയോ നിങ്ങൾക്ക് കാണാൻ പറ്റില്ല. ജിഹാദി എന്ന് വിളിച്ചുവെന്ന് പറയുകയാണ്. എനിക്ക് അത് വിശ്വസിക്കാൻ കഴിയുന്നില്ല. ടിനി ടോം അങ്ങനെയൊരു ആളല്ല. മുൻപിൻ നോക്കാതെ കോമഡി പറയും. അത് കൊമേഡിയന്മാരുടെ മുഴുവൻ പ്രശ്‌നമാണ്. കൗണ്ടറടിച്ച് വലിയ ആളാവാൻ ശ്രമിക്കും. ആ കൗണ്ടറുകളിൽ അപൊളിറ്റിക്കലായ കുറേ കാര്യങ്ങളുണ്ടാവും. പൊളിറ്റിക്കൽ കറക്ട്നെസ് അവർക്ക് അറിയില്ല.

മമ്മൂട്ടിയും മോഹൻലാലും ഇന്നസെന്റും നയിച്ചിരുന്ന കാലത്ത് മറുഭാഗത്ത് ഇരിക്കുന്നവർ മിണ്ടില്ല. അതിൻ്റെ ആവശ്യമുണ്ടായിരുന്നില്ല. അവർ പറയുന്ന കാര്യങ്ങൾ കൃത്യമായിരിക്കും. ഇപ്പോൾ ഓരോരുത്തരും താൻപോരിമ കാണിക്കുകയാണ്. മിടുക്കന്മാരും ആത്മാർഥതയുള്ളവരും ഒരുപാടുപേരുണ്ട്.’ ജോയ് മാത്യു കൂട്ടിച്ചേർത്തു.