“കുടുംബം തകർക്കുന്ന രീതിയിൽ അൻസിബ കാര്യങ്ങളെത്തിച്ചു, അനിയത്തിയെപ്പോലെയും മകളെപ്പോലെയുമാണ് അൻസിബയെ കണ്ടിരുന്നത്”; ലക്ഷ്മി പ്രിയ

','

' ); } ?>

നടി അൻസിബ ഹസനെതിരെ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ വ്യാജ പരാതി നൽകി എന്ന ആരോപണം നേരിടുന്നത് താനാണെന്ന് വെളിപ്പെടുത്തി ‘അമ്മ’ സംഘടനയുടെ വൈസ് പ്രസിഡന്റും നടിയുമായ ലക്ഷ്മിപ്രിയ. കഴിഞ്ഞ ഡിസംബർ പത്താം തീയതി അൻസിബ തന്റെ ഫോണിലേക്ക് അയച്ച ഒരു സന്ദേശമാണ് പോലീസിൽ പരാതി നൽകാൻ ഇടയാക്കിയ സാഹചര്യമെന്ന് വാർത്താ സമ്മേളനത്തിൽ ലക്ഷ്മിപ്രിയ വ്യക്തമാക്കി. വളരെ ചെറിയ പ്രായത്തിൽ വിവാഹിതയായ താൻ കുടുംബമായിട്ടാണ് ജീവിക്കുന്നതെന്നും തന്റെ ഫോൺ ലോക്ക് ചെയ്യാറില്ലെന്നും അവർ പറഞ്ഞു. ഭർത്താവിനും പത്തുവയസ്സുള്ള മകൾക്കും സുഹൃത്തുക്കൾക്കും എപ്പോൾ വേണമെങ്കിലും ആക്‌സസ് ചെയ്യാൻ പാകത്തിലാണ് ഫോൺ വെക്കാറുള്ളത്. ഡിസംബർ പത്തിന് രാത്രി അൻസിബ അയച്ച സന്ദേശത്തെക്കുറിച്ച് ചോദിക്കാൻ വിളിച്ചപ്പോൾ, താൻ ജോലിയിലാണെന്നും പിന്നീട് വിളിക്കാമെന്നുമാണ് അൻസിബ പറഞ്ഞത്.

അതിനുശേഷം പലതവണ വിളിച്ചിട്ടും അൻസിബ പ്രതികരിച്ചില്ലെന്ന് ലക്ഷ്മിപ്രിയ ആരോപിച്ചു. അനിയത്തിയെപ്പോലെയും മകളെപ്പോലെയുമാണ് അൻസിബയെ കണ്ടിരുന്നത്. ഒരിക്കൽ ഈ സന്ദേശം തന്റെ ഭർത്താവ് ജയേഷ് കാണാനിടയാവുകയും അത് കുടുംബത്തിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്തു. വീട്ടിൽ വന്ന് ജയേഷേട്ടനോട് സംസാരിക്കാനോ ഫോണിൽ കാര്യം വ്യക്തമാക്കാനോ ആവശ്യപ്പെട്ടിട്ടും അൻസിബ തയ്യാറായില്ല. ഫോൺ കോളുകൾക്കോ മെസേജുകൾക്കോ മറുപടി ലഭിക്കാതെ വന്നതോടെ, കുടുംബജീവിതം തകരുന്ന അവസ്ഥയിലെത്തിയപ്പോഴാണ് ജനുവരി പകുതിയോടെ ഹിൽപാലസ് വനിതാ സെല്ലിൽ പരാതി നൽകിയത്. എന്നാൽ ആ പരാതിയിൽ മതപരമായ കാര്യങ്ങളോ ക്ഷേത്ര സ്പോൺസർഷിപ്പോ പരാമർശിച്ചിട്ടില്ലെന്നും അൻസിബയ്‌ക്കെതിരെ എഫ്.ഐ.ആർ ഇടാൻ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി.

ക്ഷേത്രത്തിന്റെ സ്പോൺസർഷിപ്പിനെ എതിർത്തതുമായി ബന്ധപ്പെട്ട് അൻസിബ കാര്യങ്ങൾ തെറ്റിദ്ധരിക്കുകയായിരുന്നു. താൻ നൽകിയ പരാതിയെ തുടർന്ന് പോലീസ് വിളിച്ചപ്പോൾ, ലക്ഷ്മിപ്രിയ തനിക്കെതിരെ മതതീവ്രവാദവും ജിഹാദി പരാമർശവും ആരോപിച്ചാണ് കേസുകൊടുത്തതെന്ന് കാണിച്ച് ജനുവരി 24-ന് അൻസിബ സംഘടനയുടെ എക്‌സിക്യൂട്ടീവ് ഗ്രൂപ്പിൽ വലിയൊരു സന്ദേശം അയക്കുകയാണുണ്ടായത്. സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഇത്തരം കാര്യങ്ങളിൽ തൊട്ടുകളിക്കരുതെന്ന് താൻ അൻസിബയോട് പറഞ്ഞിരുന്നുവെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു.

നടൻ ടിനി ടോമിനെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ സംഘടനയുടെ സെക്രട്ടറി നീന കുറുപ്പാണെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു. സ്ത്രീകളെ ബഹുമാനിക്കുന്ന ടിനി ടോം മോശമായി പെരുമാറുന്ന ആളല്ല. അൻസിബയെ ‘ജിഹാദി’ എന്ന് വിളിച്ചത് ടിനി ടോമല്ലെന്നും, നീന കുറുപ്പാണ് ഈ കാര്യം അൻസിബയോട് പറഞ്ഞതെന്നും അവർ വ്യക്തമാക്കി. മുൻപ് ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ വെച്ച് തനിക്കെതിരെ ചിലർ അവിഹിത കഥകൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് അൻസിബ യോഗം സ്തംഭിപ്പിച്ചിരുന്നു. എന്നാൽ

ആരോപണവിധേയനായ വ്യക്തിയെ പ്രസിഡന്റ് അടുത്ത മീറ്റിംഗിൽ കൊണ്ടുവന്നപ്പോൾ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് അയാൾ വ്യക്തമാക്കി. മലയാളത്തിലെ ഒരു പ്രമുഖ നടനെയും അൻസിബയെയും ചേർത്ത് നീന കുറുപ്പ് അവിഹിത കഥകൾ പറഞ്ഞിട്ടുണ്ടെന്ന് ഒരു എക്സിക്യൂട്ടീവ് അംഗം നൽകിയ പരാതിയിലുണ്ടെന്നും, അതിനെക്കുറിച്ച് അൻസിബ എന്തുകൊണ്ടാണ് ഒരിടത്തും പറയാത്തതെന്നും ലക്ഷ്മിപ്രിയ ചോദിച്ചു.

സംഘടനയുടെ പ്രസിഡന്റ് ശ്വേതാ മേനോൻ അറിയാതെ പല കാര്യങ്ങളും അവിടെ നടക്കുന്നുണ്ടെന്നും തങ്ങളെപ്പോലെ മോശം കാര്യങ്ങളെ എതിർക്കുന്നവരെ ടാർഗറ്റ് ചെയ്ത് ഒതുക്കാനാണ് ശ്രമം നടക്കുന്നതെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു. കഴിഞ്ഞ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ശേഷം നീന കുറുപ്പിനെ സന്തോഷിപ്പിക്കാനായി കുക്കു പരമേശ്വരൻ തനിക്ക് ഒരു മാസത്തെ വിലക്കേർപ്പെടുത്തി. ഔദ്യോഗിക വക്താക്കളല്ലാത്തതിനാൽ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കാൻ വിലക്കുണ്ടെങ്കിലും, വ്യക്തിപരമായി ബാധിച്ചതുകൊണ്ടാണ് ഇപ്പോൾ തുറന്നുപറയുന്നത്. സൗണ്ട് റെക്കോർഡിങ്ങുള്ള 21 ക്യാമറകൾ സ്ഥാപിച്ച് ‘അമ്മ’ ഓഫീസിനെ സെക്രട്ടറിയും കൂട്ടരും ചേർന്ന് അധോലോകം പോലെയാക്കി മാറ്റിയിരിക്കുകയാണെന്നും അംഗങ്ങൾക്ക് അവിടെ സംസാരിക്കാൻ സ്വാതന്ത്ര്യമില്ലെന്നും അവർ പറഞ്ഞു. സിസിടിവിയുടെ ആക്സസ് പോലും പ്രസിഡന്റിന് നൽകുന്നില്ല.

മുൻപ് മെമ്മറി കാർഡ് വിവാദം ഇലക്ഷൻ സ്റ്റണ്ടാണെന്ന് പറഞ്ഞ കുക്കു പരമേശ്വരൻ ഉൾപ്പെടെയുള്ളവർ, ആ മെമ്മറി കാർഡ് അന്തരിച്ച കെ.പി.എ.സി ലളിതയുടെ കൈവശമാണെന്നും അത് അന്വേഷിക്കാൻ കമ്മീഷനെ വെച്ചിട്ടുണ്ടെന്നും റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. മെമ്മറി കാർഡ് ഉണ്ടെന്ന് തനിക്ക് നൂറുശതമാനം ഉറപ്പാണെന്നും അത് കണ്ടുപിടിക്കാൻ കമ്മീഷനെ വെക്കണമെന്ന് താൻ ആവശ്യപ്പെട്ടത് മുതലാണ് പലരും തന്നെ ലക്ഷ്യംവെക്കാൻ തുടങ്ങിയതെന്നും ലക്ഷ്മിപ്രിയ വെളിപ്പെടുത്തി. ഈ വിഷയത്തിൽ നടൻ ഉണ്ണി ശിവപാൽ ബലിയാടാക്കപ്പെടുകയായിരുന്നു. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് രാത്രി പന്ത്രണ്ട് മണിക്ക് ഹിസ്റ്റീരിയ ബാധിച്ചതുപോലെ പെരുമാറുകയും അസഭ്യം പറയുകയും ചെയ്തത് നീന കുറുപ്പാണെന്നും ടിനി ടോമല്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. പ്രശ്നമുണ്ടാക്കരുതെന്ന് പറഞ്ഞ് നീന കുറുപ്പിനെ പിടിച്ചുവെച്ചത് താനാണെന്നും, നടൻ സിജോയ് വർഗീസിനെയും തങ്ങളെയും ചേർത്ത് നീന കുറുപ്പ് അസഭ്യം പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കിയ ലക്ഷ്മിപ്രിയ, കൃത്രിമമായി ഉണ്ടാക്കിയ നല്ല കുട്ടി ഇമേജിൽ ഇരിക്കാൻ തനിക്കറിയില്ലെന്നും ഇനിയും സത്യങ്ങൾ തുറന്നുപറയുമെന്നും വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.