ഫ്രീക്കനായി ജയറാം

നിറഞ്ഞ ചിരിയും അനായാസമായി വിരിയുന്ന ഹാസ്യഭാവങ്ങളുമായി മലയാളി മനസ്സുകളെ കീഴടക്കിയ നടനാണ് ജയറാം. എണ്‍പതുകളില്‍ കൊച്ചിന്‍ കലാഭവന്റെ മിമിക്‌സ് പരേഡുകളിലൂടെ ജയറാം തന്റെ കലാപാടവവും കലയോടുള്ള അഭിനിവേശവും തെളിയിച്ചു. ഒരുപക്ഷേ അതായിരിക്കാം പത്മരാജന്‍ എന്ന സംവിധായകനെ ജയറാമിന്റെ അരങ്ങേറ്റ ചിത്രത്തില്‍ തന്നെ നായകനായി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. ഇന്ന് ആ നായകവേഷം 200-ാളം ചിത്രങ്ങളിലെത്തി നില്‍ക്കുകയാണ്. മേലേപ്പറമ്പില്‍ ആണ്‍ വീട്, സന്ദേശം, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, കേളി, മനസ്സിനക്കരെ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, തലയണമന്ത്രം, കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന് തുടങ്ങി മലയാളികള്‍ എന്നും ഇഷ്ടപ്പെടുന്ന ചിത്രങ്ങളില്‍ ഒരു പിടി ചിത്രങ്ങളും ജയറാമിന്റെതായി ഉണ്ട്. അന്യഭാഷകളില്‍ നിന്ന് നിരവധി വേഷങ്ങളും അദ്ദേഹത്തെ തേടിയെത്തി. തന്റെ എല്ലാ വേഷങ്ങളോടും ജയറാം കാണിച്ചിരുന്ന അനായാസ വഴക്കം തന്നെയാണ് അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്. കയ്യിലുള്ള രണ്ട് കേരള സംസ്ഥാന അവാര്‍ഡുകളും 2 തമിഴ്‌നാട് സംസ്ഥാന അവാര്‍ഡുകളും നാല് ഫിലിം ഫെയര്‍ അവാര്‍ഡുകളും രാജ്യാന്തര ബഹുമതിയായി പത്മശ്രീ പുരസ്‌കാരവും ആ അഭിനയ വഴക്കത്തിനുള്ള അംഗീകാരങ്ങളാണ്. ആനപ്രേമി, ചെണ്ട വാദ്യര്‍ എന്നിങ്ങനെ ഒരുപാടുണ്ട് ഈ നടനെക്കുറിച്ച് പറയാന്‍.. പക്ഷെ ഇപ്പോള്‍ ഏവരും ഞെട്ടിയിരിക്കുന്നത് അല്ലു അര്‍ജുനോടൊപ്പമുള്ള തന്റെ പുതിയ ചിത്രത്തിനായി ജയറാം നടത്തിയ കിടിലന്‍ മേയ്ക്ക് ഓവറിലൂടെ തന്നെയാണ്. ഇനിയും എന്തൊക്കെ കയ്യിലൊളിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തോട് ചോദിക്കാനായി കാത്തിരിക്കുന്നവര്‍ക്കുവേണ്ടി സെല്ലുലോയ്ഡിനോടൊപ്പം ജയറാം ചേരുകയാണ്.

  • 1968ല്‍ അപരന്‍ എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. 30 വര്‍ഷക്കാലത്തെ സിനിമ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ എന്ത് തോന്നുന്നു..?

പത്തുമുപ്പത് വര്‍ഷത്തോളം സിനിമ രംഗത്ത് പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. പ്രത്യേകിച്ച് ഒരു നായകനായി ഇപ്പോഴും നില്‍ക്കാന്‍ കഴിയുന്നുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ ഓരോ മലയാളികളോടും എന്റെ കുടുംബപ്രേക്ഷകരോടുമൊക്കെ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. തിരിഞ്ഞുനോക്കുമ്പോള്‍ സന്തോഷവും സങ്കടങ്ങളും നിറഞ്ഞതാണ് മുപ്പത് വര്‍ഷങ്ങള്‍. മലയാളികള്‍ ഓര്‍ത്തുവെക്കുന്ന കുറച്ച് സിനിമകള്‍ ചെയ്യാന്‍ സാധിച്ചു. ഒരുപാട് നഷ്ടങ്ങളുണ്ടായിട്ടുണ്ട്, സിനിമ മാറി, കാലഘട്ടം മാറി പുതിയ തരത്തിലുള്ള സിനിമ വന്നു, പുതിയ ആക്ടേഴ്‌സ് വന്നു, ടെക്‌നോളജി മാറി. എല്ലാം മാറിയെങ്കിലും കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍കൊണ്ട് നമുക്ക് നഷ്ടപ്പെട്ട് പോയത് നല്ല കുറേ റൈറ്റേഴ്‌സിനെയും, ഡയറക്ടേഴ്‌സിനെയും, ആക്ടേഴ്‌സിനെയുമാണ്. അതിന്റെ നഷ്ടം ഒരിക്കലും നമുക്ക് നികത്താന്‍ സാധിക്കില്ല. പകരക്കാരില്ലാത്തവരാണ് നഷ്ടപ്പെട്ട് പോയവരെല്ലാവരും. അതൊക്കെയാണ് ഏറ്റവും വലിയ സങ്കടം, സഹപ്രവര്‍ത്തകരുടെ വേര്‍പാട് ഒരു വലിയ വിഷമം തന്നെയാണ് ഉണ്ടാക്കുന്നത്.

  • ജയറാം എന്ന നടന്‍ മമ്മൂട്ടി, മോഹന്‍ ലാല്‍ എന്നിവരുടെ ഒരു വലിയ ആരാധകാനാണെന്ന് എപ്പോഴും പറയാറുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം അവരുമായി ഒരുപാട് സിനിമകളില്‍ അഭിനയിച്ചിരിക്കുന്നു. എന്ത് തോന്നുന്നു..?

അല്ല നമ്മളെക്കാള്‍ മുമ്പ് സാധിച്ചിരിക്കുന്നവരുടെ അനുഗ്രഹം വാങ്ങുക എന്ന് പറയുന്നത് ഒരു വലിയ കാര്യമാണ്. അത് മമ്മൂട്ടി ആയാലും മോഹന്‍ ലാല്‍ ആയാലും അല്ലെങ്കില്‍ മറ്റെത്രയോ പേരായാലും അവരുടെയൊക്കെ അനുഗ്രഹം കിട്ടുക എന്നുള്ളതൊരു ഭാഗ്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇവരെയൊക്കെ ഞാന്‍ ദൂരെ നിന്ന് നോക്കി കണ്ടിട്ടുള്ളവരാണ്. കമല്‍ ഹാസന്‍, പ്രേം നസീര്‍, മോഹന്‍ ലാല്‍, മമ്മൂട്ടി.. ഇവരോടൊപ്പം അഭിനയിക്കാന്‍ പറ്റുക, അവരുടെയൊക്കെ ഒരു ബ്ലെസ്സിങ്ങ്‌സ് കിട്ടുക, കുറേ വര്‍ഷങ്ങളായിട്ട് സ്വന്തം അനിയനെപ്പോലെ ഒരു സ്‌നേഹം അവരുടെ കയ്യില്‍ നിന്ന് കിട്ടുക… അതൊക്കെ വളരെ വലിയ കാര്യം തന്നെയാണ്. അതൊക്കെ ശരിക്കും പറഞ്ഞാല്‍ ഞാന്‍ ആസ്വദിച്ച് കൊണ്ടിരിക്കുകയാണ്.

  • കണ്ണന്‍ താമരക്കുളം എന്ന സംവിധായകനെക്കുറിച്ച്…?

ഒരു നല്ല സിനിമയുണ്ടാവണമെങ്കില്‍ ഒരു ഡയറക്ടറും ഒരാക്ടറും തമ്മില്‍ മാനസികമായിട്ടും, അല്ലാതെയുമെല്ലാം ഒരു ബന്ധമുണ്ടാവണം. കണ്ണനെ ഞാന്‍ ഒരു ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും വിളിക്കുന്ന നല്ലൊരു സുഹൃത്താണ്. പിന്നെ ഞങ്ങളുടെ രണ്ടു പേരുടെയും വെയ്‌വ് ലെങ്ത് എല്ലാ കാര്യങ്ങള്‍ക്കും ഒന്നാണ്. കണ്ണന്‍ നല്ല സെന്‍സ് ഓഫ് ഹ്യൂമറുള്ള ഒരു മനുഷ്യനാണ്. ഒരു സിനിമ പറയുന്ന കഥയേക്കാള്‍ എടുത്ത് ഫലിപ്പിക്കാന്‍ കഴിവുള്ള ഒരു സംവിധായകനാണ്. പലപ്പോഴും നമ്മള്‍ കഥ കേള്‍ക്കുമ്പോള്‍ ഒന്നായിരിക്കും, സ്‌ക്രീന്‍ പ്ലേ വായിച്ച് വരുമ്പോള്‍ മറ്റൊന്നായിരിക്കും സിനിമ പുറത്ത് വരുമ്പോള്‍ ഓ അതിങ്ങനെ ആയോ എന്ന് വിചാരിച്ച് പോകും. എന്നാല്‍ കണ്ണന്‍ ഒരു സിനിമയുടെ കഥ അതിന്റെ നൂറിരട്ടിയില്‍ ഫലിപ്പിക്കാന്‍ കഴിവുള്ള സംവിധായകനാണ്.

  • ഏറെ പ്രതീക്ഷകളുമായി അല്ലു അര്‍ജുന്‍ ചിത്രത്തില്‍ അല്ലു അര്‍ജുന്റെ അച്ഛനായി അഭിനയിക്കുന്നു. എന്ത് തോന്നുന്നു…?

ത്രിവിക്രം ശ്രീനിവാസ് റാവു എന്ന സംവിധായകനാണ് ആ ചിത്രം സംവിധാനം ചെയ്യുന്നത്. പുള്ളി അവിടുത്തെ ഒരു ബ്രില്ല്യന്റായിട്ടുള്ള നമ്പര്‍ വണ്‍ പൊസിഷനിലുള്ള ഒരു ഡയറക്ടറാണ്. ടോട്ടലി ഒരു വലിയ ക്രൂവാണ്. അതിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. പിന്നെ തബുവാണ് എന്റെ കൂടെ അഭിനയിക്കുന്നത്. ത്രിവിക്രം സാറിനോടൊപ്പം അല്ലു അര്‍ജുന്റെ കോംബോയില്‍ എത്തുകയെന്നുള്ളത് വലിയൊരു കാര്യമാണ്. ഞാനതില്‍ വളരെയധികം ത്രില്ലിലാണ്.. (പുഞ്ചിരി)

  • ഇതിന് മുന്‍പ് പല നടന്മാരുടെയും രൂപമാറ്റം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഈ അടുത്ത കാലത്ത് ജയറാമേട്ടനും അത്തരം ഒരു രൂപമാറ്റം നടത്തി മലയാളികളെ ഞെട്ടിച്ചു. എന്താണ് അതിന്റെ രഹസ്യം..?

രഹസ്യമൊന്നുമില്ല, എല്ലാവര്‍ക്കും പറ്റിയ കാര്യം തന്നെയാണ്. സാധിച്ചെടുത്തു എന്നൊന്നും പറയാന്‍ ഒന്നുമില്ല. പക്ഷെ കള്ളത്തരത്തില്‍ ചെയ്യാതിരിക്കുക എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം ഞാനിത് ചെയ്ത് എടുത്തപ്പോഴാണ് എനിക്ക് തന്നെ ഇത് ചെയ്യാന്‍ പറ്റുമെന്ന് മനസ്സിലായത്. വില്‍ പവര്‍ എന്ന് പറയുന്ന സാധനമുണ്ടെങ്കില്‍, ശരിക്കും മനസ്സിന് ആ കട്ടിയുണ്ടെങ്കില്‍ രണ്ടോ മൂന്നോ മാസം കൊണ്ട് തീര്‍ച്ചയായും പത്ത് പതിനാറ് കിലോ ഭാരം കുറക്കാമെന്നാണ് എന്റെ വിശ്വാസം. ഞാനത്രക്ക് നന്നായാണ് നോക്കിയത്. നല്ല രീതിയില്‍ വ്യായാമം ചെയ്യുക, ഭക്ഷണം മിതമായി കഴിക്കുക, കഴിക്കുന്ന ആഹാരം പ്രോട്ടീനാണെങ്കിലും മിനറല്‍സാണെങ്കിലും കാര്‍ബോഹൈഡ്രേറ്റ്‌സാണെങ്കിലും എല്ലാം കറക്ടായി കഴിക്കുക. നല്ലോണം വര്‍ക്കൗട്ട് ചെയ്യുക. ആര്‍ക്ക് വേണമെങ്കിലും സാധിച്ചെടുക്കാം.

  • രൂപമാറ്റത്തിന്റെ കാര്യങ്ങളില്‍ ഒക്കെ അഭിപ്രായം പറയുന്ന ഒരു താരമാണ് മമ്മൂക്ക. മമ്മൂക്ക എന്ത് പറഞ്ഞു…?

ഗുരുനാഥന്റെ അടുത്ത് ചോദിച്ചിട്ടല്ലേ നമ്മളെല്ലാം തുടങ്ങുക. അവരൊക്കെ ഇത് പോലുള്ള ഒരുപാട് കാര്യങ്ങള്‍ സാധിച്ചെടുത്ത് സക്‌സസ്സ്ഫുളാക്കിയ ആളുകളല്ലേ. അവരുടെ പാതയല്ലേ നമ്മള്‍ പിന്തുടരുന്നത്.

  • ഒരിടവേളയ്ക്ക് ശേഷം കൈതപ്രം സാര്‍ പട്ടാഭിരാമനിലൂടെ തിരിച്ച് വന്നിരിക്കുകയാണ്. പട്ടാഭിരാമനിലെ പാട്ടുകളെക്കുറിച്ച്..?

ഒരു സിനിമയുടെ സോംഗ് കമ്പോസിങ്ങ് നടക്കുന്ന സമയമായിരിക്കും അതിന്റെ തുടക്കം. അപ്പോള്‍ വരികളെഴുതണം, ഇന്നതാണ് സിറ്റുവേഷന്‍. എന്റെ സിനിമയിലെ ഇന്‍ഡ്രൊഡക്ഷനാണ് ആ പാട്ട്. അപ്പോള്‍ അത് എങ്ങനത്തെ തരത്തിലുള്ള പാട്ടായിരിക്കണം എന്നൊരു ഒരാലോചനയിലായിരുന്നു നമ്മള്‍. ജയചന്ദ്രനാണ് അതിലെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. അപ്പോഴാണ് ഇങ്ങനെയുള്ള ഒരു വരികള്‍ എഴുതണമെങ്കില്‍, സദ്യയെക്കുറിച്ചുള്ള വരികളെഴുതണമെങ്കില്‍ അതിനിപ്പോഴും തിരുമേനി തന്നെയാണ് ഉള്ളത്. തീര്‍ച്ചയായും ചോദിച്ചേക്കാം എന്ന് വിചാരിച്ചാണ്, ചോദിച്ചത്. ജയചന്ദ്രനും തിരുമേനിയും തമ്മില്‍ ഒരുപാട് കാലത്തിന് ശേഷമുള്ള ഒരു അസോസിയേഷനായിരുന്നു. അതുകൊണ്ടാണ് അത്രയും മനോഹരമായ ഒരു ഗാനമുണ്ടായത്. വരികളെഴുതി വന്നപ്പോള്‍ തന്നെ ജയചന്ദ്രന്‍ പറഞ്ഞു. ഇനിയിപ്പോ ഒന്നും നോക്കാനില്ല, പാടാനുള്ളത് എം ജി ശ്രീകുമാര്‍ തന്നെയല്ലേ എന്ന്. അപ്പോള്‍ എല്ലാം കൂടി ഒത്ത് വന്ന ഒരു പാട്ടായിരുന്നു അത്. എനിക്ക് വേണ്ടി എം ജി ശ്രീകുമാര്‍ പാടിയ ഒരുപാട് പാട്ടുകള്‍ ഇല്ലെങ്കിലും ഉള്ള പാട്ടുകളെല്ലാം ഹിറ്റാണ്. ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ..’ തുടങ്ങിയ പാട്ടുകളാണെങ്കിലും, ഇപ്പോഴും പുതിയ കുട്ടികള്‍ പാടി നടക്കുന്ന ‘പച്ചക്കറിത്തായത്തട്ടില്‍..’ എന്നു പറയുന്ന പാട്ടാണെങ്കിലും, കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ തുടങ്ങിയ ആ ഗണത്തിലുള്ള പാട്ടുകളെല്ലാം ചെയ്തത് അദ്ദേഹമാണ്. അതില്‍പ്പെടുത്താവുന്ന ഒരു മനോഹരമായ ഗാനമാണ് ഉണ്ണി ഗണപതി.

  • ഈയടുത്ത കാലത്താണ് ലാലേട്ടന്‍ ഒരു ചിത്രം സ്വന്തമായി സംവിധാനം ചെയ്യുന്നതിനേക്കുറിച്ച് പ്രഖ്യാപിക്കുന്നത്. ജയറാമേട്ടന്റെ ഭാഗത്ത് അത്തരം ഒരു ചുവടുമാറ്റം പ്രതീക്ഷിക്കാമോ…?

മറ്റൊരു മേഖലയിലേക്കുള്ള ഒരു ചുവട് മാറ്റത്തിന് എനിക്ക് താല്‍പ്പര്യമില്ല. പ്രൊഡക്ഷന്‍ ചെയ്യുന്നതിനോട് പ്രത്യേകിച്ച്. പക്ഷെ ഡയറക്ട് ചെയ്യാന്‍ അതിയായ താല്‍പര്യം ഉണ്ട്. അത് ഏത് തരത്തിലുള്ള ഒരു സിനിമയായിരിക്കും എന്നുള്ളതിലും എന്റെ മനസ്സില്‍ നല്ലൊരു ധാരണയുണ്ട്. പക്ഷെ അത് കൊമേര്‍ഷ്യലായിരിക്കുമോ, അത് തിയേറ്ററില്‍ ഓടുമോ അതൊന്നും എനിക്ക് പറയാന്‍ പറ്റില്ല. പക്ഷെ ഇപ്പോള്‍ അതിന്റെ സമയമായിട്ടില്ലെന്ന് തോന്നുന്നു. സമയം ആവുമ്പോള്‍ എനിക്ക് തീര്‍ച്ചയായിട്ടും ചെയ്യണമെന്നുണ്ട്.

  • ആ ചിത്രത്തില്‍ നായകനായി മമ്മൂക്കയോ ലാലേട്ടനോ ആയിരിക്കും എന്നാണ് മലയാളികള്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെ ആയിരിക്കില്ലേ..?

ഞാന്‍ വിളിച്ച് നോക്കും. വന്നാല്‍ സന്തോഷം. തീര്‍ച്ചയായിട്ടും അപ്രോച്ച് ചെയ്ത് നോക്കും.

  • ഏതെങ്കിലും ഒരു സിനിമയിലെ കഥാപാത്രം കണ്ടിട്ട് അതിലെ കഥാപാത്രം എനിക്ക് ചെയ്താല്‍ കൊള്ളാമായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ…?

ഇല്ലാട്ടോ.. എന്നെ തേടി വന്നതില്‍, ഞാന്‍ സംതൃപ്തനാണ്. എന്നാലും നമ്മളില്ല എന്നൊക്കെ പറഞ്ഞാലും അത് ഏതൊരു കലാകാരനും തോന്നാതെയൊന്നുമിരിക്കില്ല. അതിപ്പോള്‍ മോഹന്‍ലാല്‍ ചെയ്ത കഥാപാത്രങ്ങള്‍ കാണുമ്പോഴും, മമ്മൂട്ടി ചെയ്ത കഥാപാത്രങ്ങള്‍ കാണുമ്പോഴും, അവര്‍ക്ക് ശേഷം വന്നവര്‍ ചെയ്ത കഥാപാത്രങ്ങള്‍ കാണുമ്പോഴും, അതിന് മുമ്പുള്ള സിനിമകള്‍ കാണുമ്പോഴും ‘ ഓ.. ഇങ്ങനെയൊരു അവസരം എനിക്ക് കിട്ടിയില്ലല്ലോ” എന്ന് തോന്നാറുണ്ട്. അത് ഒരെണ്ണമൊന്നുമല്ല, നൂറ് കണക്കിന് സിനിമകള്‍ കാണുമ്പോള്‍ തോന്നിയിട്ടുണ്ട്.