ശക്തിമാനോട് മാപ്പ് ചോദിച്ച് ഒമര്‍ലുലു

ധമാക്ക എന്ന ചിത്രത്തില്‍ നടന്‍ മുകേഷിനെ ശക്തിമാനായി അവതരിപ്പിച്ച സംഭവത്തില്‍ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പരാതിയുമായി ടെലിവിഷന്‍ സീരിയല്‍ ‘ശക്തിമാനി’ലെ നടനും നിര്‍മാതാവുമായ മുകേഷ് ഖന്ന രംഗത്ത് വന്നിരുന്നു. മുകേഷ് ഖന്ന ഇതുസംബന്ധിച്ച് ഫെഫ്ക യൂണിയന്‍ പ്രസിഡന്റ് രഞ്ജി പണിക്കര്‍ക്ക് പരാതി അയച്ചിരുന്നു. ശക്തിമാന്‍ കഥാപാത്രത്തിന്റെ പകര്‍പ്പാവകാശം തനിക്കാണെന്നും തന്റെ അനുവാദമില്ലാതെയാണ് ഒമര്‍ ലുലു ചിത്രത്തില്‍ മുകേഷിനെ ആ വേഷത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ മുകേഷ് ഖന്നയോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഒമര്‍ലുലു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മാപ്പ് ചോദിച്ചത്.

ഒമര്‍ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..

‘മുകേഷ് ഖന്ന നല്‍കിയ പരാതി ഫെഫ്ക അറിയിച്ചിരുന്നു. നിങ്ങള്‍ക്കാണ് യഥാര്‍ത്ഥ ശക്തിമാന്റെ പകര്‍പ്പവകാശം. അതിലെ വസ്ത്രധാരണം, തീം മ്യൂസിക് ഇതെല്ലാം നിങ്ങളുടെ അനുവാദമില്ലാതെ ഞാന്‍ എന്റെ സിനിമയില്‍ ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. സിനിമയിലെ ടൈറ്റില്‍ ക്രെഡിറ്റില്‍ നിങ്ങളുടെ പേരും ചേര്‍ക്കുന്നതാണ്. ശക്തിമാന്റെ വേഷത്തില്‍ മുകേഷ് ഒരു ചെറിയ രംഗത്തില്‍ മാത്രമേ വരുന്നുള്ളൂ. ഈ സിനിമ പൂര്‍ണമായും ശക്തിമാന്റെ കഥയാണെന്ന് മുകേഷ് ഖന്ന തെറ്റിദ്ധരിച്ചിട്ടുണ്ട്. 10 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള സീനില്‍ മാത്രമാണ് ശക്തിമാന്റെ വേഷമിട്ട് മുകേഷ് എത്തുന്നത്.

ചിത്രത്തില്‍ ആദ്യം സൂപ്പര്‍മാനെ കുറിച്ചായിരുന്നു ചിന്തിച്ചിരുന്നത് എന്നാല്‍, പിന്നീട് ശക്തിമാനെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. കാരണം ദൂരദര്‍ശനില്‍ ശക്തിമാന്‍ സീരിയല്‍ ആരംഭിച്ചത് മുതല്‍ എല്ലാവരെയും ആകര്‍ഷിച്ചിരുന്ന കഥാപാത്രമായിരുന്നു. എന്റെ കുട്ടിക്കാലത്ത് പ്രിയപ്പെട്ട ഹീറോകളിലൊന്നായിരുന്നു ശക്തിമാന്‍. നിങ്ങളോട് തോന്നിയ ആരാധനയും സ്‌നേഹവും ഏറെ വിലമതിക്കുന്നതാണ്. മലയാളിക്കെന്നും നൊസ്റ്റാള്‍ജിയ തന്നെയാണ് ശക്തിമാന്‍. സമൂഹത്തിലെ അനീതിക്കെതിരെ പോരാടാന്‍ യുവമനസുകളെ നിങ്ങള്‍ പ്രേരിപ്പിച്ചു. അതില്‍ നിങ്ങളോട് വളരെയധികം നന്ദിയുണ്ട്. എന്റെ ക്ഷമാപണം നിങ്ങള്‍ സ്വീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും ഇതോടുകൂടി അവസാനിപ്പിക്കുമെന്നും കരുതുന്നു’ എന്ന് ഒമര്‍ ലുലു കുറിച്ചു.