അക്രമത്തിന് പ്രേരിപ്പിക്കും വിധം സോഷ്യൽ മീഡിയ പോസ്റ്റ്; ബംഗാളി താരങ്ങൾക്കെതിരെ കേസ്

','

' ); } ?>

2021-ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് പ്രമുഖ ചലച്ചിത്ര താരങ്ങളായ പരംബ്രത ചാറ്റർജി, സ്വാസ്തിക മുഖർജി എന്നിവർക്കെതിരെ കേസെടുത്ത് കൊൽക്കത്ത പോലീസ്. സാമൂഹികമാധ്യമങ്ങളിലൂടെ അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തിലാണ് നടപടി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം ഇവർ പങ്കുവെച്ച കുറിപ്പുകൾ സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ ശത്രുതയ്ക്കും അക്രമങ്ങൾക്കും കാരണമായെന്ന് ആരോപിച്ച് അഭിഭാഷകനായ ജോയ്‌ദീപ് സെൻ നൽകിയ പരാതിയിലാണ് കേസ്.

2021 മേയ് 2-ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുകയും തൃണമൂൽ കോൺഗ്രസ് ഭൂരിപക്ഷം നേടുകയും ചെയ്തതിന് പിന്നാലെ പരംബ്രത ചാറ്റർജി ‘ഇന്ന് ലോക മർദന ദിനമായി പ്രഖ്യാപിക്കട്ടെ’ എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഇതിന് മറുപടിയായി ‘ഹാഹാഹ, അങ്ങനെയാകട്ടെ’ എന്ന് സ്വാസ്തിക മുഖർജി പ്രതികരിക്കുകയും ചെയ്തു. താരങ്ങളുടെ ഈ പരാമർശങ്ങൾ രാഷ്ട്രീയ അക്രമങ്ങൾക്ക് പ്രേരണ നൽകുന്നതാണെന്ന് അഡ്വ. ജോയ്‌ദീപ് സെൻ പരാതിയിൽ ആരോപിക്കുന്നു.

ഈ പോസ്റ്റുകൾ വന്ന് മണിക്കൂറുകൾക്കുള്ളിൽ ബെലിയാഘട്ടയിൽ ബിജെപി പ്രവർത്തകനായ അഭിജിത് സർക്കാർ കൊല്ലപ്പെട്ട സംഭവം പരാതിക്കാരൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം അഭിപ്രായപ്രകടനങ്ങൾ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും, തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ബിജെപി പ്രവർത്തകർക്ക് നേരെ നടന്ന വിവിധ ആക്രമണങ്ങൾക്ക് ഇവരുടെ കമന്റുകൾ വഴിതെളിച്ചെന്നുമാണ് വാദം.

കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചു എന്നാരോപിച്ച് ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 107 ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് താരങ്ങൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊൽക്കത്തയിലെ ഗരിയഹട്ട് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രഥമവിവര റിപ്പോർട്ട് (എഫ്.ഐ.ആർ) തയ്യാറാക്കി വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അതേസമയം, വിഷയത്തിൽ താരങ്ങൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.