
തന്റെ പുതിയ ചിത്രത്തിനെതിരെ ചില വ്ളോഗർമാർ ആസൂത്രിതമായി ഹേറ്റ് ക്യാംപെയ്‌ൻ നടത്തുന്നുവെന്നാരോപിച്ച് നടൻ മാധവ് സുരേഷ്. അച്ഛന്റെ രാഷ്ട്രീയമാണോ കുഴപ്പം എന്നറിയില്ലെന്നും, വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും മാധവ് സുരേഷ് പറഞ്ഞു. വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.
“ചില വ്ളോഗർമാർ ആസൂത്രിതമായി സിനിമയ്‌ക്കെതിരെ ഹേറ്റ് ക്യാംപെയ്‌ൻ നടത്തുന്നു. ഒരുപാട് പേരുടെ അധ്വാനമാണ് ഈ സിനിമ. അച്ഛന്റെ (സുരേഷ് ഗോപി എംപി) രാഷ്ട്രീയമാണോ കുഴപ്പം എന്നറിയില്ല. വ്യാപകമായ രീതിയിൽ സൈബർ ഇടങ്ങളിൽ ആക്രമിക്കപ്പെടുന്നു.” മാധവ് സുരേഷ് പറഞ്ഞു.
“ചില തിയേറ്ററുകളിൽ സിനിമ എത്തിയപ്പോൾ ദൃശ്യ മികവ് നഷ്‌ടപ്പെട്ടു. കാരണം അറിയില്ല. പല കാര്യങ്ങളിലും ഞാൻ നിലപാട് സ്വീകരിക്കാറുണ്ട്. എനിക്ക് രാഷ്ട്രവും സംസ്ഥാനവുമാണ് വലുത്. വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകും.” മാധവ് സുരേഷ് കൂട്ടിച്ചേർത്തു
മാധവ് സുരേഷിനെ നായകനാക്കി സുജിത്ത് എസ് നായര്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘അങ്കം അട്ടഹാസം’. തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥപറയുന്ന ചിത്രം മെയ് എട്ടിനാണ് റിലീസ് ചെയ്തത്. റിലീസിന് പിന്നാലെ അത്ര നല്ല അഭിപ്രായമല്ല ചിത്രത്തിന് ലഭിച്ചത്. മാധവ് സുരേഷിന്റെ പ്രകടനത്തെ വിമർശിച്ച് ചില യൂട്യൂബ് റിവ്യൂകളും വന്നിരുന്നു.
ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മഖ്‌ബൂൽ സൽമാൻ എന്നിവരാണ് ‘അങ്കം അട്ടഹാസം’ സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽകുമാർ ജി, സാമുവൽ മത്തായി യുഎസ്എ എന്നിവരാണ് നിർമാണം. ഛായാഗ്രഹണം – ശിവൻ എസ് സംഗീത്, രചന – സുജിത്ത് എസ് നായർ, അനിൽകുമാർ ജി, എഡിറ്റിങ് – പ്രദീപ് ശങ്കർ.