കാര്‍ത്തിക് സുബ്ബരാജ് സംവിധാനത്തില്‍ ധനുഷിന്റെ അടുത്ത ഗ്യാങ്സ്റ്റര്‍ ചിത്രമൊരുങ്ങുന്നു. നായിക ഐശ്വര്യ ലക്ഷ്മി..

രജനികാന്ത് ചിത്രം പേട്ടയ്ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ധനുഷിനൊപ്പം മറ്റൊരു കേന്ദ്ര കഥാപാത്രമായി മലയാളി താരം ഐശ്വര്യ ലക്ഷ്മിയുമെത്തുന്നു. ചിത്രത്തില്‍ മറ്റൊരു ഹോളിവുഡ് താരവുമുണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും സംയുക്തമായാണ് നിര്‍മ്മാണം.

ചിത്രത്തിലെ കാസ്റ്റ് തന്നെയാണ് ഏവരുടെയും ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളി താരം ഐശ്വര്യയും മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്ന ഹോളിവുഡ് താരം ആരാണെന്നുമാണ് പ്രേക്ഷകര്‍ ഏറെ കൗതുകത്തോട് ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ചിത്രത്തിനായി ഹോളിവുഡ് താരം അല്‍ പാച്ചിനോയെ സമീപിച്ചിരുന്നുവെന്ന് നേരത്തെ സംവിധായകനും പ്രതികരിച്ചിരുന്നു. ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും ഈ കഥാപാത്രം അവതരിപ്പിക്കുന്നതാരാണെന്ന് അറിയിച്ചിട്ടില്ല.

ഫഹദിനൊപ്പം ‘വരത്തന്‍’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യയുടെ ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ ആയിരുന്നു. വിശാലിനെ നായകനാക്കി സുന്ദര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ തിരക്കുകളിലാണ് ഐശ്വര്യയിപ്പോള്‍.

സന്തോഷ് നാരായണന്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രേയസ് കൃഷ്ണയാണ്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. സ്റ്റണ്ട്സ് അന്‍പറിവ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആഗസ്റ്റില്‍ യുകെയില്‍ ആരംഭിക്കും.