മഴ കൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകളോ? ഗാനത്തെ വിമര്‍ശിച്ച് ജോജു,വീഡിയോ പുറത്തുവിട്ട് ചാക്കോച്ചന്‍

മോഹന്‍ലാലിന്റെ സ്പിരിറ്റ് എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനത്തെ വിമര്‍ശിച്ച് നടന്‍ ജോജു ജോര്‍ജ്. മഴ കൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍.. എന്ന ഗാനമാണ് ജോജു രസകരമായി വിമര്‍ശിച്ചിരിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള രസകരമായ വീഡിയോ നടന്‍ കുഞ്ചാക്കോ ബോബനാണ് ഇന്‍സ്റ്റഗ്രാമിലുടെ പങ്കുവെച്ചിരിക്കുന്നത്.

ഗാനം പാടിയ ശേഷം ചാക്കോച്ചന്‍ അഭിപ്രായം ചോദിക്കുമ്പോഴാണ് ജോജു വിമര്‍ശനം നടത്തിയിരിക്കുന്നത്. മഴ കൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകളോ? ഈ പാട്ടിനെക്കുറിച്ച് വളരെ മോശം അഭിപ്രായമാണുള്ളത്. മഴ പെയ്താല്‍ മാത്രം മുളയ്ക്കുന്ന വിത്തുകള്‍ കൊണ്ട് എന്തു ചെയ്യുമെന്നാണ് രാജസ്ഥാനിലെ കര്‍ഷകര്‍ ചോദിക്കുന്നത്. തുടര്‍ന്ന് അറബിയില്‍ ദുബായിലുള്ളവരുടെ അഭിപ്രായവും ജോജു പങ്കുവെയ്ക്കുന്നുണ്ട്.

ജോജു എന്ന കാവ്യവിമര്‍ശകന്റെ തപിക്കുന്ന കര്‍ഷക ഹൃദയം കാണാതെ പോകരുത്… എന്ന അടിക്കുറിപ്പോടെയാണ് ചാക്കോച്ചന്‍ രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.