
തിയേറ്ററുകളിലെ തിരിച്ചടിക്കു പിന്നാലെ യഷ് – ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്കി’ന് ഡിജിറ്റൽ അവകാശങ്ങളിലും കനത്ത നഷ്ടം. റിലീസിന് മുൻപ് 150 കോടി രൂപ വരെ വാഗ്ദാനം ലഭിച്ചിരുന്ന ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സിന്, ബോക്സ് ഓഫിസ് തകർച്ചയെ തുടർന്ന് ഇപ്പോൾ വെറും 30 കോടി രൂപ മാത്രമാണ് ഒടിടി പ്ലാറ്റ്ഫോമുകൾ ഓഫർ ചെയ്യുന്നത്. ഏകദേശം 500 കോടി രൂപ വലിയ ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് തിരിച്ചടിയായത് റിലീസിന് ശേഷമുണ്ടായ കടുത്ത പ്രതികൂല പ്രതികരണങ്ങളാണ്.
വലിയ വിജയപ്രതീക്ഷയിലായിരുന്ന അണിയറപ്രവർത്തകർ റിലീസിന് മുൻപ് ലഭിച്ച 150 കോടിയുടെ വാഗ്ദാനം നിരസിക്കുകയായിരുന്നു. തിയേറ്റർ റിലീസിന് ശേഷം 200 കോടിയിലധികം രൂപയ്ക്ക് ഒടിടി അവകാശം വിൽക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു നിർമാതാക്കളായ യഷും ടീമും. ആദ്യദിനം ഇന്ത്യയിൽ നിന്ന് 101.10 കോടി രൂപ നേടി മികച്ച തുടക്കം കുറിച്ചെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ കളക്ഷൻ കുത്തനെ ഇടിഞ്ഞു. നിലവിൽ ലോകമെമ്പാടുമായി 337 കോടിയിലധികം രൂപ സമാഹരിച്ച ചിത്രം, ഇന്ത്യൻ ബോക്സ് ഓഫീസിൽ 250 കോടിക്ക് താഴെയായി പ്രദർശനം അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ‘സീ5’ ആണ് എല്ലാ ഭാഷകളിലെയും സ്ട്രീമിങ് അവകാശങ്ങൾക്കായി 30 കോടി രൂപ വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ ‘എ’ (18+) സർട്ടിഫിക്കറ്റോടെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത് എന്നതിനാൽ സാറ്റലൈറ്റ് റൈറ്റ്സ് ഇനത്തിലും വലിയ വരുമാനം പ്രതീക്ഷിക്കാനാവില്ല.
സാമ്പത്തിക നഷ്ടത്തിന്റെ ആഘാതം കുറയ്ക്കാൻ ഒടിടിക്കായി ചിത്രത്തിന്റെ പ്രത്യേക പതിപ്പ് (ന്യൂ കട്ട്) തയ്യാറാക്കാൻ അണിയറപ്രവർത്തകർ ആലോചിക്കുന്നതായാണ് വിവരം. ദൃശ്യങ്ങളിൽ മാറ്റങ്ങൾ വരുത്തി കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാവുന്ന രീതിയിൽ റീ-എഡിറ്റ് ചെയ്ത് നൽകിയാൽ ഡിജിറ്റൽ റൈറ്റ്സിൽ മെച്ചപ്പെട്ട തുക നേടാമെന്നാണ് നിർമാതാക്കളുടെ കണക്കുകൂട്ടൽ. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരന്നത്.