നടി ലക്ഷ്മി പ്രിയയ്‌ക്കെതിരായ അൻസിബയുടെ പരാതി: വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

','

' ); } ?>

നടി ലക്ഷ്മി പ്രിയ യുട്യൂബ് ചാനലിലൂടെ തനിക്കെതിരെ അപകീർത്തികരവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തിയെന്ന നടി അൻസിബ ഹസന്റെ പരാതി വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പരാതിയിൽ കേസെടുക്കാവുന്ന കുറ്റകൃത്യങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന് തെളിവുകൾ വിലയിരുത്തി തീരുമാനമെടുക്കാൻ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ നിർദേശം നൽകി.

നേരത്തെ പോലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാതിരുന്നതിനെ തുടർന്ന് അൻസിബ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും, കേസിൽ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യാതെ സ്വകാര്യ പരാതിയായി പരിഗണിക്കാനാണ് കോടതി ഉത്തരവിട്ടത്. മജിസ്ട്രേറ്റ് കോടതിയുടെ ഈ മുൻ ഉത്തരവ് റദ്ദാക്കണമെന്നും കേസെടുത്ത് അന്വേഷണത്തിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് അൻസിബ ഹൈക്കോടതിയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തിൽ ഹൈക്കോടതിയുടെ പുതിയ ഇടപെടൽ.

നടി ലക്ഷ്മിപ്രിയ, യുട്യൂബ് ചാനൽ ഉടമ, നടി ശ്വേതാ മേനോൻ എന്നിവർ ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ വ്യാജപ്രചാരണം നടക്കുന്നതെന്നാണ് അൻസിബയുടെ ആരോപണം. താൻ മദ്യപാനിയാണെന്നും രാത്രി വൈകി മുറിയിലേക്ക് ഒരാളെ വിളിച്ചുവരുത്തിയെന്നും അടക്കം സ്വഭാവഹത്യ നടത്തുന്ന പരാമർശങ്ങളാണ് വീഡിയോയിലൂടെ ഉന്നയിച്ചതെന്ന് അൻസിബ ചൂണ്ടിക്കാട്ടി. വിഷയത്തിൽ പാലാരിവട്ടം എസ്.എച്ച്.ഒ, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ, സംസ്ഥാന സർക്കാർ എന്നിവർക്ക് ഹൈക്കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു.