അച്ഛനും ചേട്ടനും പിന്നാലെ ആക്ഷൻ രംഗങ്ങളിൽ വിസ്മയിപ്പിച്ച് വിസ്മയ; ‘തുടക്കം’ 50 കോടി ക്ലബ്ബിൽ

','

' ); } ?>

ആഗോള തലത്തിൽ 50 കോടി ക്ലബ്ബിൽ ഇടം നേടി വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറിയ ജൂഡ് ആന്തണി ജോസഫ് ചിത്രം ‘തുടക്കം’. അണിയറപ്രവർത്തകർ പുറത്തുവിട്ട പ്രത്യേക സക്സസ് ടീസറിലൂടെയാണ് സിനിമയുടെ ബോക്സ് ഓഫിസ് ശേഖരം വെളിപ്പെടുത്തിയത്. ഏകദേശം 18 കോടി രൂപ ചെലവിൽ നിർമ്മിച്ച ചിത്രം മികച്ച പ്രേക്ഷക പ്രതികരണത്തോടെയാണ് ഈ നേട്ടം കൈവരിച്ചത്. തിയേറ്റർ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയ ജിയോ ഹോട്ട്സ്റ്റാറിലൂടെ സെപ്റ്റംബർ 18 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

‘2018’ എന്ന വലിയ വിജയത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച 37-ാമത്തെ സിനിമയാണ്. വിസ്മയയുടെ സഹോദരൻ പ്രണവ് മോഹൻലാലിൻ്റെ അരങ്ങേറ്റ ചിത്രമായ ‘ആദി’യും 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. അച്ഛൻ മോഹൻലാലിനും ചേട്ടനും പിന്നാലെ ആദ്യ ചിത്രത്തിലൂടെ തന്നെ കോടി ക്ലബ്ബിൽ ഇടംപിടിക്കാൻ വിസ്മയയ്ക്കും സാധിച്ചു. വിസ്മയയുടെ അരങ്ങേറ്റത്തിന് മാറ്റുകൂട്ടാൻ മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിലും എത്തുന്നുണ്ട്.

ആന്റണി പെരുമ്പാവൂരിന്റെ മകൻ ആഷിഷ് ആന്റണിയാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബോബി കുര്യൻ, സായികുമാർ, ടി.ജി. രവി, കോട്ടയം രമേശ്, ജിലു ജോസഫ്, ജാഫർ ഇടുക്കി, മനോജ് കെ. ജയൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഡോ. എമിൽ വിൻസന്റും ഡോ. അനീഷ ആന്റണിയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ സംഘട്ടനം ഒരുക്കിയിട്ടുള്ള ഫ്രഞ്ച് ആക്ഷൻ കൊറിയോഗ്രാഫർ യാനിക് ബെന്നും സ്റ്റണ്ട് സിൽവയും ചേർന്നാണ് ചിത്രത്തിലെ ഫൈറ്റ് സീനുകൾ ഒരുക്കിയിരിക്കുന്നത്. തായ്‌ലൻഡിലെ ആയോധനകലയായ മൊയ്തായ് (Muay Thai) അധിഷ്ഠിതമാക്കിയുള്ള വിസ്മയയുടെ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഈ കഥാപാത്രത്തിനായി വിസ്മയ പ്രത്യേക മൊയ്തായ് പരിശീലനം നേടിയിരുന്നു.