സത്യത്തില്‍ നാമെന്തെന്ന് ‘ആര്‍ക്കറിയാം’

തിയറ്ററുകളില്‍ വേണ്ടത്ര പരിഗണന ലഭിച്ചില്ലെങ്കിലും ഒടിടി റിലീസ് നടത്തി പ്രേക്ഷക പ്രീതി നേടിയ ചിത്രമാണ് ‘ആര്‍ക്കറിയാം’. ആമസോണ്‍ പ്രൈമും നീം സ്ട്രീനും ഉള്‍പ്പെടെ ആറ് പ്ലാറ്റ്‌ഫോമുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. അതിസൂക്ഷ്മ പശ്ചാതല കാഴ്ച്ചകളുടേയും ക്യാരക്റ്റര്‍ ഡീറ്റെയ്‌ലിംഗിന്റേയും അഭിനയം മികവിന്റേയും അകെതുക മാത്രമല്ല, കഥ എങ്ങനെ തുടങ്ങിയെങ്ങനെ അവസാനിപ്പിക്കാമെന്ന തിരക്കഥയുടേയും സംവിധാന മികവിന്റേയും ആകെ തുകയാണ് ‘ആര്‍ക്കറിയാം’. അനാവശ്യ ട്വിസ്റ്റുകള്‍, ബഹളങ്ങള്‍, ഇവയൊന്നുമില്ലാതെ കഥ തുടങ്ങിയ അതേ താളത്തില്‍ കഥ അവസാനിക്കുമ്പോള്‍ ഓരോരുത്തരുടേയുള്ളിലേക്കും നമ്മള്‍ പോലുമറിയാത്ത ആരൊക്കെയോ നമ്മുടെ ഉള്ളിലുണ്ടെന്ന തോന്നലവസാനിപ്പിച്ച് ചിത്രം പ്രേക്ഷകനില്‍ ഉമി തീയായി നീറുമ്പോള്‍ അതൊരു മനോഹര വിജയമാകുന്നു. ഒന്നിനുമൊരു നിശ്ചയവുമില്ലാത്ത പ്രതിസന്ധിയുടെ ഈ കാലത്തെ ജീവിതത്തിന്റെ നേര്‍പകര്‍പ്പാണ് സാനു ജോണ്‍ വര്‍ഗീസിന്റെ സിനിമ. ബോളിവുഡിലും ദക്ഷിണേന്ത്യന്‍ സിനിമയിലും സജീവമായ മലയാളി ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസിന്റെ ആദ്യ സംവിധാന സംരംഭം കൂടെയാണ് ചിത്രം. ഒരോരുത്തരുടേയും ഉള്ളിലെ മുറിവുണങ്ങിയിട്ടും മുറിപ്പാട് മാറാത്ത ഓര്‍മ്മകള്‍ ഒരുപാടുണ്ടെന്ന് ഓര്‍മ്മിപ്പിച്ചാണ് ചിത്രം അവസാനിക്കുന്നത്. ഒരുകുടുംബകഥയ്ക്കുമപ്പുറം മനുഷ്യ മനസ്സിലെ അതിസൂക്ഷ്മ വൈകാരിക തലങ്ങളെ തൊട്ടുപോകാനായി എന്നത് തന്നെയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. വലിയ സംഭാഷണങ്ങളോ, ദൈര്‍ഘ്യമേറിയ രംഗങ്ങളോ ഇല്ലാതെ ചെറിയ സൂചകങ്ങളിലൂടെ തന്നെ കഥാപരിസരത്ത് പ്രേക്ഷകനെ കെട്ടിയിടാന്‍ രാജേഷ് രവിയും അരുണ്‍ ജനാര്‍ദ്ദനനും സാനുവും ചേര്‍ന്നെഴുതിയ തിരക്കഥയ്ക്ക് സാധിച്ചു. ഛായാഗ്രാഹകന്‍ ശ്രീനിവാസ റെഡ്ഡിയും എഡിറ്റര്‍ മഹേഷ് നാരായണനും സൗണ്ട് ഡിസൈനര്‍ അരുണ്‍ കുമാറുമെല്ലാം ചിത്രത്തിന്റെ ഓരോ മേഖലയിലും തങ്ങളുടെ കയ്യൊപ്പ് ചാര്‍ത്തിയ ചിത്രം കൂടെയാണ് ആര്‍ക്കറിയാം.

ലോക്ക്ഡൗണ്‍ പശ്ചാതലത്തില്‍ ദീര്‍ഘനാളിന് ശേഷം കാഞ്ഞിരപ്പള്ളിയിലെ വീട്ടിലെത്തുന്ന ഷേര്‍ളിയും റോയിയും, പിന്നീട് അരങ്ങേറുന്ന ജീവിത പ്രതിസന്ധികളുമാണ് സിനിമയുടെ ഇതിവൃത്തം. ലോക്ക്ഡൗണ്‍ കാലത്തെ ജോലി സംബന്ധമായ ബുദ്ധിമുട്ടുകളും മറ്റ് സാമൂഹിക അന്തരീക്ഷവുമെല്ലാം ചിത്രത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. ഇട്ടിയവിര എന്ന 72 വയസ്സുകാരനായിട്ടാണ് ബിജു മേനോന്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പാര്‍വ്വതി തിരുവോത്ത് അവതരിപ്പിച്ച ഷേര്‍ളി എന്ന കഥാപാത്രം ഇട്ടിയവരയുടെ മകളായി തിളങ്ങി. മകളുടെ ഭര്‍ത്താവ് റോയി ആയെത്തിയത് ഷറഫുദ്ദീന്‍ ആണ്. നാട്ടിന്‍പുറത്തെ ശാന്തമായ വീട്ടില്‍ ഒരു നിഗൂഢമായ സത്യം കാരണം വീര്‍പ്പു മുട്ടുന്ന റോയിയും അത് തുറന്ന് പറഞ്ഞ ഇട്ടിയവരയും പിന്നീട് മനസ്സില്‍ ആഴത്തില്‍ പതിയുന്ന കഥാപാത്രങ്ങളായി മാറുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഏതെല്ലാം ഘട്ടങ്ങളിലാണ് മാറുന്നതെന്ന, അല്ലെങ്കില്‍ മാറി പോയതെന്ന സൂക്ഷ്മ വായനയാണ് ചിത്രം. ഒരിയ്ക്കലും ഇട്ടിയവിര എന്ന കഥാപാത്രത്തില്‍ നിന്ന് പ്രതീക്ഷിക്കാത്ത തുറന്ന് പറച്ചിലുണ്ടാകുമ്പോള്‍ അതിന്റെ ആഘാതം റോയിയിലാണ് പ്രതിഫലിക്കുന്നത്. ഷേര്‍ളിയുടെ ആദ്യ ഭര്‍ത്താവായ അഗസ്റ്റിനെ കുറിച്ചുള്ള അന്വേഷണമെല്ലാം വളരെ കെട്ടുറപ്പോടെയാണ് ഒരുക്കിയിട്ടുള്ളത്. ഷേര്‍ളിയ്ക്ക് അയാള്‍ എന്തായിരുന്നുവെന്ന് പോലും റോയിയ്ക്ക് കൃത്യമായി മനസ്സിലാകുന്നില്ല എന്നതാണ് സത്യം. അഗസ്റ്റിന്‍ ഓരോരുത്തരുടേയുമുള്ളില്‍ പലതാണ്. അയാളെന്തെന്ന് ആര്‍ക്കറിയാമെന്ന നിസ്സഹായാവസ്ഥയില്‍ ഒരു കുറ്റകൃത്യത്തിനും കൂട്ടുനില്‍ക്കാത്ത റോയിയ്ക്ക് പക്ഷേ സാഹചര്യങ്ങളുടെ സമ്മര്‍ദ്ധങ്ങളാല്‍ അത്തരമൊരു നിലപാടിലേക്കെത്തേണ്ടി വരുന്നു. ബിസിനസ്സില്‍ സഹായിച്ച കൂട്ടുകാരന്‍ വൈശാഖിന്റെ നിസ്സഹായാവസ്ഥ (സൈജു കുറുപ്പ് അവതരിപ്പിച്ച കഥാപാത്രം), വീട്ടിലെ വേലക്കാരന്‍, റേഷന്‍ കടക്കാരന്‍, ബുദ്ധി വൈകല്യമുള്ള കഥാപാത്രം, വേലയ്ക്ക് വരുന്ന പെണ്‍കുട്ടി, സാഹചര്യങ്ങളോടിണങ്ങുന്ന മകള്‍ തുടങ്ങീ ഓരോ കഥാപാത്രങ്ങളേയും ചിത്രത്തില്‍ കൃത്യമായി തന്നെ അടയാളപ്പെടുത്താന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പ്രതിസന്ധികളെല്ലാം അവസാനിച്ച് സ്വസ്ഥമായ ശാന്തതയിലേക്ക് എത്തിയെന്ന് നമ്മളാശ്വസിക്കുമ്പോഴും സത്യത്തില്‍ നമ്മള്‍ വിചാരിക്കുന്നതിനുമപ്പുറമാണ് മനുഷ്യമനസ്സിന്റെ സഞ്ചാരമെന്നോര്‍മ്മപ്പെടുത്തിയാണ് ചിത്രമവസാനിക്കുന്നത്. ബിജു മേനോന്‍, ഷറഫുദ്ദീന്‍, പാര്‍വതി ഇവരുടെ ഓരോ ഫ്രെയ്മിലേയും സൂക്ഷ്മാഭിനയ ചാതുരി തെല്ലൊന്നുമല്ല ചിത്രത്തിന് മികവേറ്റുന്നത്. തിയേറ്ററില്‍ പരിഗണന കിട്ടാതിരുന്ന ആര്‍ക്കറിയാം ഇതിനകം ജനമനസ്സുകളില്‍ ഇടംപിടിക്കുക മാത്രമല്ല മാറുന്ന മലയാള സിനിമയുടെ യാത്രിലെ ഒരു നാഴികകല്ലായി തീര്‍ച്ചയായുമുണ്ടാകും.