
മോഹൻലാലിന്റെ അഭിനയത്തെ കുറിച്ച് തുറന്നു സംസാരിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. മോഹൻലാലിന്റെ അഭിനയം കാണുമ്പോൾ ലോകത്തിലെ ഏറ്റവും എളുപ്പമായ ജോലി അഭിനയമാണെന്ന് തോന്നി പോകുമെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് സത്യൻ അന്തിക്കാടിന്റെ പ്രതികരണം.
‘ക്യാമറയ്ക്ക് മുന്നിൽ ഏറ്റവും നന്നായി പെരുമാറുന്ന അഭിനേതാവാണ് മോഹൻലാൽ. മോഹൻലാൽ അഭിനയിക്കുന്നത് കാണുമ്പോൾ നമുക്ക് തോന്നും, ലോകത്തിലെ ഏറ്റവും എളുപ്പമായ ജോലി അഭിനയമാണെന്ന്. ഇത് ആർക്കും ചെയ്യാവുന്നതല്ലേ എന്ന് തോന്നി പോകും. അങ്ങനെ ഒരു മാജിക് ഉണ്ട് പുള്ളിക്ക്. അത് ബോധപൂർവ്വം ചെയ്യുന്നതല്ല,’ സത്യൻ അന്തിക്കാട് പറഞ്ഞു.
അതേസമയം, സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ഒരു പക്കാ ഫൺ ഫാമിലി ചിത്രമായിരിക്കും ഹൃദയപൂർവ്വം എന്ന ഫീലാണ് ടീസർ നൽകുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ഒരു എന്റർടെയ്നർ പടമാകും ഇതെന്ന ഉറപ്പും ടീസർ നൽകുന്നുണ്ട്. സംഗീത് പ്രതാപ്-മോഹൻലാൽ കോമ്പോ കയ്യടി വാങ്ങുമെന്നും ടീസർ ഉറപ്പുനൽകുന്നുണ്ട്. ആഗസ്റ്റ് 28 ന് ഓണം റിലീസായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്.