‘എടാ, നീ ഞങ്ങടെ ലാലേട്ടന് വിഷം കൊടുക്കുമല്ലേ’ എന്നവർ ചോദിച്ചു’; ‘കമലദളം’ റിലീസിന് ശേഷമുണ്ടായ അനുഭവം പറഞ്ഞ് വിനീത്

','

' ); } ?>

ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രം ‘കമലദള’ത്തിൽ മോഹൻലാൽ അവതരിപ്പിച്ച നന്ദഗോപൻ എന്ന കഥാപാത്രത്തിന് വിഷം നൽകുന്ന ക്ലൈമാക്സ് രംഗത്തിന്റെ പേരിൽ മോഹൻലാൽ ആരാധകരിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന രസകരമായ അനുഭവങ്ങൾ പങ്കുവെച്ച് നടനും നർത്തകനുമായ വിനീത്.

ചിത്രത്തിൽ സോമശേഖരനുണ്ണി എന്ന കഥാപാത്രത്തെയായിരുന്നു വിനീത് അവതരിപ്പിച്ചത്. കഥാപാത്രത്തോടുള്ള ആരാധകരുടെ തീവ്രമായ വൈകാരിക പ്രതികരണം കാരണം കോഴിക്കോട്ടേക്കുള്ള തീവണ്ടി യാത്രയ്ക്കിടെ ലാലേട്ടൻ ആരാധകർ തന്നോട് “നീ ലാലേട്ടന് വിഷം കൊടുക്കുമോടാ” എന്ന് ദേഷ്യത്തോടെ ചോദിച്ചുവെന്നും, പേടിച്ച് താൻ അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും വിനീത് ഓർത്തെടുത്തു. തന്റെ പുതിയ ചിത്രമായ ‘ഭൗമ’യുടെ പ്രചാരണത്തിന്റെ ഭാഗമായി മാതൃഭൂമിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഈ ഓർമ്മകൾ പങ്കുവെച്ചത്.

വർഷങ്ങൾക്കിപ്പുറവും ഇത്തരം രസകരമായ അനുഭവങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും സിനിമാ പ്രേമികളിൽ നിന്നും എപ്പോഴും മികച്ച പ്രശംസകൾ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോഹൻലാലിന്റെ അഭിനയം തനിക്ക് എന്നും വലിയൊരു പ്രചോദനമാണെന്നും, അദ്ദേഹത്തോടൊപ്പം കമലദളത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്നും വിനീത് വ്യക്തമാക്കി.

വിനീതിന്റെ വാക്കുകൾ

“ഫാൻസ് ഒക്കെ ചോദിച്ചിട്ടുണ്ട്, എന്നെ സ്റ്റേജിൽ പിടിച്ചു നിർത്തി ചോദിച്ചിട്ടുണ്ട്. എടാ, നീ നമ്മുടെ ലാലേട്ടന് വിഷം കൊടുക്കമല്ലേ എന്നൊക്കെ ചോദിച്ചിട്ടുണ്ട്. ഞാനെന്റെ ഡാൻസ് ക്ലാസിലേക്ക് പോകുമ്പോഴായിരുന്നു അത്.

എംടി സാറിന്റെ വീട്ടിൽ, സരസ്വതി ടീച്ചറിന്റെ അടുത്ത് ഞാൻ ഡാൻസ് ക്ലാസിന് പോയി വരുമ്പോൾ, എനിക്ക് തോന്നുന്നു എക്സിക്യൂട്ടീവ് ട്രെയിൻ ആണെന്ന്. ഞാനൊറ്റയ്ക്കാണ് കോഴിക്കോട് പോകുന്നത്. അപ്പോൾ കുറേ ആൾക്കാർ വന്നിട്ട് ചോദിച്ചു, ‘നീ ഞങ്ങടെ ലാലേട്ടന് വിഷം കൊടുക്കുമോടാ എന്ന്’.

ഞാൻ പറഞ്ഞു, ‘അയ്യോ ഞാനല്ല… എന്നെ വിട്ടേക്ക്’ എന്ന്. ഓടി ഞാൻ എന്നിട്ട്. അങ്ങനെ ഉണ്ടായിട്ടുണ്ട്. തീവ്ര ആരാധനയുള്ള ആളുകൾക്ക് ചിലപ്പോൾ അത് ഇഷ്ടപ്പെടില്ല. അല്ലാതെ, എനിക്കെപ്പോഴും പ്രശംസകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. നമുക്ക് പ്രചോദനമാകുന്ന തരത്തിലുള്ള പെർഫോമൻസ് ആണ് അദ്ദേഹത്തിന്റേത് (മോഹൻലാൽ). കൂടെ അത് കണ്ട് നിൽക്കാൻ കഴിഞ്ഞത് വലിയൊരു ഭാ​ഗ്യമായി കാണുന്നു.”