
കരിയറിന്റെ തുടക്കത്തിൽ നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി നടൻ വിജയ് വർമ. മോഡലിങ് ചെയ്തിരുന്ന സമയത്ത് ഒരു മോഡൽ കോർഡിനേറ്ററിൽ നിന്നാണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്നും, അനുവാദമില്ലാതെ തന്റെ ശരീരത്തിൽ സ്പർശിക്കുകയായിരുന്നുവെന്നും വിജയ് വർമ വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്.
‘ചെറിയ തോതിൽ മോഡലിങ് ചെയ്തു തുടങ്ങിയ സമയത്ത് ഒരു മോഡൽ കോർഡിനേറ്റർ എന്നോട് മോശമായി പെരുമാറി. അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചു. എന്താണ് ചെയ്യുന്നതെന്ന് ചോദിച്ച് ഞാൻ അതിനെ എതിർത്തു. തുടക്കക്കാരനായിരുന്നതുകൊണ്ട് ആ സംഭവം എന്നെ ഏറെ നിരാശനാക്കി. എന്നാൽ അതിനെ നേരിടാൻ തന്നെ ഞാൻ തീരുമാനിക്കുകയായിരുന്നു. പിന്നാലെ ഞാൻ മോഡലിങ് വിട്ടു. അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. എന്നാൽ അഭിനയത്തിലേക്കുള്ള വഴിയും എളുപ്പമായിരുന്നില്ല.’ വിജയ് വർമ പറഞ്ഞു.
‘ഹൈദരാബാദിലെ ‘സൂത്രധാർ സ്‌കൂൾ ഓഫ് ആക്ടിങ്ങി’ൽ പ്രവേശനത്തിനായി സമീപിച്ചെങ്കിലും അവർ നിരസിച്ചു. തുടർന്ന് പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ അപേക്ഷിച്ചെങ്കിലും ആദ്യ അവസരത്തിൽ പ്രവേശനം ലഭിച്ചില്ല. എന്നാൽ രണ്ടാം ശ്രമത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നേടി. അവിടെ രാജ്കുമാർ റാവു, ജയ്ദീപ് അഹ്‌ലാവത് തുടങ്ങിയ അഭിനേതാക്കൾക്കൊപ്പം അഭിനയം പരിശീലിക്കാൻ സാധിച്ചു.’വിജയ് വർമ കൂട്ടിച്ചേർത്തു.
വിഭു പുരി സംവിധാനം ചെയ്ത ‘ഗുസ്താഖ് ഇഷ്‌ക്’ ആണ് വിജയ് വർമയുടേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. നസീറുദ്ദീൻ ഷാ, ഫാത്തിമ സന ഷെയ്ഖ്, ഷാരിബ് ഹാഷ്മി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം നിർമിച്ചത് ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയായിരുന്നു. ഒ.ടി.ടിയിൽ പുറത്തിറങ്ങിയ ‘മട്ക കിങ്’ എന്ന വെബ് സീരീസിലും വിജയ് വർമ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.