“ഒരിക്കലും ഒരു നടനെ വിവാഹം കഴിക്കില്ല, അവർക്ക് അഹങ്കാരം കൂടുതലാണ്”; ചർച്ചയായി ശോഭിതയുടെ പഴയ അഭിമുഖം

','

' ); } ?>

നടി ശോഭിത ധൂലിപാലയുടെ എട്ട് വർഷം പഴക്കമുള്ള അഭിമുഖം സോഷ്യൽ മീഡിയയിൽ വീണ്ടും വലിയ രീതിയിൽ ചർച്ചയാകുന്നു. 2018-ൽ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലെ രാഷ്ട്രീയ നിലപാടുകളും വ്യക്തിപരമായ കാഴ്ചപ്പാടുകളുമാണ് എക്‌സ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ ഉപയോക്താക്കൾ വീണ്ടും പങ്കുവെക്കുന്നത്. നടൻ നാഗചൈതന്യയുമായുള്ള വിവാഹശേഷം താരം വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നതിനിടെയാണ് പഴയ പ്രസ്താവനകൾ ചൂണ്ടിക്കാട്ടിയുള്ള ചർച്ചകൾ കൊഴുക്കുന്നത്.

ആർക്കും അറിയാത്ത രഹസ്യത്തെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന്, താൻ ശക്തമായ ഇടതുപക്ഷ ചിന്താഗതിയുള്ള ലിബറലാണെന്നും എന്നെങ്കിലും കമ്യൂണിസം വിജയിക്കുമെന്ന് വിശ്വസിക്കുന്നുവെന്നുമാണ് ശോഭിത അഭിമുഖത്തിൽ വ്യക്തമാക്കുന്നത്. രാഷ്ട്രീയം മാത്രമല്ല, സിനിമാതാരങ്ങളെക്കുറിച്ചും തന്റെ വിവാഹസങ്കൽപ്പങ്ങളെക്കുറിച്ചുമുള്ള നടിയുടെ അന്നത്തെ പരാമർശങ്ങളും ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

താൻ ഒരിക്കലും ഒരു നടനെ പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ഇല്ലെന്നായിരുന്നു അന്ന് ശോഭിത ഉറപ്പിച്ചു പറഞ്ഞിരുന്നത്. നടന്മാർക്ക് പൊതുവെ അഹങ്കാരവും ആഡംബര മോഹവും കൂടുതലാണെന്നും അതുകൊണ്ടുതന്നെ ഒരു സഹപ്രവർത്തകനെ ഡേറ്റ് ചെയ്യാൻ താത്പര്യമില്ലെന്നും അവർ തുറന്നടിച്ചു. എന്നാൽ ഈ വാക്കുകൾ പുറത്തുവന്ന് ആറുവർഷങ്ങൾക്കിപ്പുറം, 2024-ലാണ് നടി തെന്നിന്ത്യൻ താരം നാഗചൈതന്യയുടെ ജീവിതപങ്കാളിയാകുന്നത്. സാമന്ത റൂത്ത് പ്രഭുവുമായുള്ള വേർപിരിയലിനു ശേഷം നടന്ന നാഗചൈതന്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും പുറത്തുവരുമ്പോഴെല്ലാം ശോഭിതയുടെ ഈ പഴയ അഭിമുഖത്തിലെ ഭാഗങ്ങൾ ട്രോളൻമാർ കുത്തിപ്പൊക്കാറുണ്ട്. പഴയ നിലപാടും ഇപ്പോഴത്തെ ജീവിതവും തമ്മിൽ ഒരു ബന്ധവുമില്ലെന്നാണ് വിമർശകരുടെ വാദം. എന്നാൽ, കാലത്തിനനുസരിച്ച് മനുഷ്യരുടെ ചിന്താഗതികളിലും കാഴ്ചപ്പാടുകളിലും മാറ്റം വരുന്നത് സ്വാഭാവിക പ്രക്രിയ മാത്രമാണെന്ന നടിയുടെ മുൻ പ്രസ്താവന ചൂണ്ടിക്കാട്ടി നിരവധി ആരാധകർ താരത്തിന് പിന്തുണയുമായും രംഗത്തെത്തുന്നുണ്ട്.