
തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ മുൻനിർത്തി പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് നടി അനുപമ പരമേശ്വരൻ. തന്റെ സാമൂഹികമാധ്യമങ്ങളിൽ എന്തുപോസ്റ്റുചെയ്യണമെന്ന് തന്റെ ഇഷ്ടമാണെന്നും, ‘നിങ്ങൾക്ക് എന്നെക്കുറിച്ച്, എന്റെ ജീവിതത്തെക്കുറിച്ച് എന്തറിയാമെന്നും അനുപമ ചോദിച്ചു. തന്റെ ഏറ്റവും പുതിയ ചിത്രം ക്രേസി കല്യാണത്തിന്റെ ടീസർ ലോഞ്ചിന് പിന്നാലെ മാധ്യമപ്രവർത്തകരുമായുള്ള സംവാദത്തിനിടെയാണ് അനുപമയുടെ പ്രതികരണം.
‘എന്റെ സോഷ്യൽമീഡിയ, എന്ത് പോസ്റ്റ് ചെയ്യണമെന്ന് ഞാൻ തീരുമാനിക്കും. ഒരു സ്ത്രീയുടെ പരിവർത്തനത്തെക്കുറിച്ചായിരുന്നു ഞാൻ പറഞ്ഞത്. ഞാനത് ചെയ്തു എന്നതിൽ അഭിമാനിക്കുന്നു.’ എന്നായിരുന്നു ആദ്യത്തെ ചോദ്യത്തിന് അനുപമയുടെ പ്രതികരണം.
പിന്നാലെ താരത്തിന്റെ പോസ്റ്റുകൾ മറ്റൊരാളെ കുറ്റപ്പെടുത്തുന്നതുപോലെയല്ലേ എന്ന ചോദ്യമുയർന്നു. ഇതിന്, ‘നിങ്ങൾക്ക് എന്നെക്കുറിച്ച്, എന്റെ ജീവിതത്തെക്കുറിച്ച് എന്തറിയാം?’, എന്നായിരുന്നു അനുപമയുടെ മറുചോദ്യം.
നേരത്തെയും സമാന ചോദ്യം ഉയർന്നപ്പോൾ സമചിത്തതയോടെയാണ് താരം മറുപടി നൽകിയത്. താൻ ഇപ്പോൾ അതീവ സന്തോഷവതിയാണെന്നായിരുന്നു താരത്തിന്റെ മറുപടി. എന്നാൽ, കഴിഞ്ഞ ഒരു വർഷം തനിക്ക് വളരെ കഠിനമായിരുന്നുവെന്ന് അവർ തുറന്നുപറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ അനുപമ പങ്കുവെച്ച പോസ്റ്റുകളും ചില മീമുകൾക്ക് താഴെ കുറിച്ച കമന്റുകളുമാണ് ചർച്ചകൾക്ക് വഴിവെച്ചത്. താരം പ്രണയതകർച്ചയിലൂടെയാണ് കടന്നുപോകുന്നത് എന്നായിരുന്നു അഭ്യൂഹങ്ങൾ. തെന്നിന്ത്യൻ യുവനടൻ ധ്രുവ് വിക്രമുമായി അനുപമ പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം നടി പങ്കുവെച്ച പോസ്റ്റുകൾ വ്യാഖ്യാനിച്ച് ഇരുവരും തമ്മിൽ പിരിഞ്ഞുവെന്ന് സാമൂഹികമാധ്യമങ്ങളിൽ അഭ്യൂഹമുയർന്നു. അനുപമ ധ്രുവിനെ അൺഫോളോ ചെയ്തതും ചർച്ചായായി.