
വിവാഹ മോചനം തേടി നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം സമർപ്പിച്ച ഹർജി ചെങ്കൽപേട്ട് കുടുംബ കോടതി ഇന്ന് പരിഗണിക്കും. ഇരുവരും പരസ്പര ധാരണയോടെ വിവാഹ മോചനത്തിന് തയ്യാറായെന്നാണ് റിപ്പോർട്ടുകൾ. ഇരുവരുടെയും അഭിഭാഷകർ മുൻകൈ എടുത്ത് നടത്തിയ മധ്യസ്‌ഥചർച്ചയിലാണ് തീരുമാനമായത്.
വിജയ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയ സ്വത്തുക്കളുടെ അടിസ്ഥാനത്തിൽ മതിയായ നഷ്ട പരിഹാരം വേണമെന്നാണ് സംഗീതയുടെ ആവശ്യം. മക്കൾക്ക് അർഹമായ വിഹിതം നൽകണമെന്നും സംഗീത ആവശ്യപ്പെട്ടതായാണ് വിവരം. 250 കോടി രൂപയാണ് സംഗീത നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് എന്നാണ് പുറത്തുവരുന്ന വിവരം.
ഹർജി സ്വീകരിച്ച കോടതി വിജയോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. സംഗീതയ്ക്ക് നഷ്ടപരിഹാരം നൽകാമെന്നും മക്കളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്നും വിജയ് സമ്മതിച്ചതായാണ് റിപ്പോർട്ട്. എന്നാൽ, വിജയ്യോ സംഗീതയോ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത സ്വർണലിംഗം വിജയ്‌യിൽ നിന്ന് വിവാഹമോചനം തേടി കോടതിയെ സമീപിച്ചത്. വിജയ്ക്ക് നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു വിവാഹമോചനം ആവശ്യപ്പെട്ടത്. കേസ് പരിഗണിക്കുമ്പോൾ വിജയ് കോടതിയിൽ നേരിട്ട് ഹാജരാകുമോ എന്നാണ് തമിഴ്‌നാട് ഉറ്റുനോക്കുന്നത്.
1999 ഓഗസ്റ്റ് 25ന് ആണ് വിജയം സംഗീതയും വിവാഹിതരായത്.
വിജയയുടെ ആരാധികയായിരുന്ന സംഗീത, 1996 ൽ പുറത്തിറങ്ങിയ ‘പൂവേ ഉനക്കാകെ’ എന്ന സിനിമയുടെ ചിത്രത്തിൻ്റെ വിജയത്തിന് ആശംസകൾ അറിയിക്കാനായി യുകെയിൽനിന്ന് ചെന്നൈയിൽ എത്തിയിരുന്നു. ആ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇരുവരും അടുപ്പത്തിലായത്. ഇരുവർക്കും രണ്ടു മക്കളാണുള്ളത്. മകൻ ജെയ്‌സൺ സഞ്ജയ്, മകൾ ദിവ്യ സാഷ.