“ബഹുമാനമോ ദയയോ ഇല്ലാതെതന്നെ പറയട്ടെ, നേരെ പോയി തുലഞ്ഞോളൂ”; വിമർശനങ്ങൾക്ക് രൂക്ഷ ഭാഷയിൽ മറുപടിയുമായി വിജയ് ദേവരകൊണ്ട

','

' ); } ?>

നടൻ വിജയ് ദേവരകൊണ്ടയ്ക്കും ഭാര്യയും നടിയുമായ രശ്മിക മന്ദാനയ്ക്കുമെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന സൈബർ ആക്രമണങ്ങൾക്കും ട്രോളുകൾക്കും എതിരെ രൂക്ഷ ഭാഷയിൽ മറുപടി നൽകി വിജയ് ദേവരകൊണ്ട. തങ്ങൾ അങ്ങേയറ്റം സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും, തങ്ങളെക്കുറിച്ച് വേവലാതിപ്പെടുന്നവർക്ക് ബാക്കി കാര്യങ്ങൾ സ്വന്തം നിലയ്ക്ക് നോക്കാമെന്നും വിജയ് തുറന്നടിച്ചു. ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ച് വിവാഹിതരായ ഇരുവരും അടുത്തിടെ ‘കോഫി വിത്ത് കരൺ 9’ ഷോയിൽ പങ്കെടുത്തതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിവാദങ്ങളും വിമർശനങ്ങളും ഉയർന്നത്.

പരിപാടിയിൽ തങ്ങളുടെ വിവാഹാഭ്യർത്ഥനയെക്കുറിച്ച് ഇരുവരും വെളിപ്പെടുത്തിയ കാര്യങ്ങളാണ് ട്രോളുകൾക്ക് കാരണമായത്. വിമാനത്താവളത്തിൽ വെച്ച് രശ്മിക വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ “നീ എന്നോട് 100 തവണ ചോദിക്കൂ” എന്ന് വിജയ് മറുപടി നൽകിയെന്നും, തുടർന്ന് ഒരു വർഷത്തോളം താൻ ഈ ചോദ്യം ആവർത്തിച്ചുവെന്നും രശ്മിക പറഞ്ഞിരുന്നു. എന്നാൽ ഈ സംഭാഷണം പുറത്തുവന്നതോടെ വിജയ് രശ്മികയെ അപമാനിക്കുകയാണെന്നും സ്വാർത്ഥത കാണിക്കുകയാണെന്നും ആരോപിച്ച് ചിലർ താരത്തെ “റെഡ് ഫ്ലാഗ്” എന്ന് വിശേഷിപ്പിക്കുകയായിരുന്നു.

ഈ വിമർശനങ്ങൾ അതിരുകടന്നതോടെയാണ് രൂക്ഷമായ പ്രതികരണവുമായി വിജയ് രംഗത്തെത്തിയത്. “എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി, എന്റെ ഭാര്യ, എന്റെ പെണ്ണ്. എന്റെ ജീവിതത്തിൽ ഏറ്റവും ശരിയായി സംഭവിച്ച, ഏറ്റവും മനോഹരമായ ഭാഗ്യം. ഞങ്ങളെക്കുറിച്ചോർത്ത് വേവലാതിപ്പെടുന്നവരുടെ അറിവിലേക്ക് ഞങ്ങൾ രണ്ടുപേരും അത്രമേൽ സന്തോഷത്തിലാണ്. ഞാൻ അനുഗ്രഹീതനാണ്. ഇനി ഈ ലോകം മുഴുവൻ ഞങ്ങൾക്കെതിരാണെങ്കിൽ, അങ്ങനെതന്നെയാവട്ടെ! സ്നേഹത്തെയും, സമാധാനത്തോടെയുള്ള ലളിതമായ ജീവിതത്തെയും നെഞ്ചേറ്റുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹം. ബാക്കിയുള്ളവരൊക്കെ നേരെ പോയി തുലഞ്ഞോളൂ എന്ന് ഇനി ലവലേശം ബഹുമാനമോ ദയയോ ഇല്ലാതെതന്നെ പറയട്ടെ” എന്നാണ് വിജയ് ദേവരകൊണ്ട വ്യക്തമാക്കിയത്.

വിമർശനങ്ങൾ ശക്തമായതോടെ രശ്മിക മന്ദാനയും ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. വിജയിയെ ഭർത്താവായി സ്വീകരിക്കാൻ ആയിരം തവണ വിവാഹാഭ്യർത്ഥന നടത്താൻ താൻ തയ്യാറാണെന്ന് വ്യക്തമാക്കിയ രശ്മിക, തങ്ങളുടെ സംഭാഷണം ഒരു ഗംഭീര പ്രൊപ്പോസലിനെക്കുറിച്ചല്ലായിരുന്നുവെന്നും മറിച്ച് ജീവിതത്തിലെ പ്രതിസന്ധികളിൽ പരസ്പരം ഉറപ്പുവരുത്താനുള്ള നിമിഷങ്ങളെക്കുറിച്ചായിരുന്നുവെന്നും വിശദീകരിച്ചു. ഭർത്താവിനെ സ്നേഹിക്കുന്നതിനെ വിമർശിക്കുന്നവർ കുടുംബത്തെ അനാവശ്യമായി വലിച്ചിഴക്കുന്നത് ഫെമിനിസമല്ലെന്നും മറിച്ച് സൈബർ ഗുണ്ടായിസമാണെന്നും താരം തുറന്നടിച്ചു.